Wednesday, 26 February 2020

സാമൂഹ്യാരോഗ്യ പ്രതിബദ്ധതക്കുള്ള അവാര്‍ഡ് മുഹിമ്മാത്ത് സ്‌കൂള്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്

പുത്തിഗെ: മാസങ്ങളോളമായി നടത്തിവരുന്ന നിശ്ശബ്ദ സേവനത്തിന് അപ്രതീക്ഷിത അംഗീകാരം ലഭിച്ചതിന്റെ നിറവിലാണ് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്.  

ക്ലബ്ബിന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിന്റെ സഹജീവികള്‍ക്കൊരു സാന്ത്വനസ്പര്‍ശം പദ്ധതിയും പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഡ് ദത്തെടുത്തുകൊണ്ടുള്ള മാതൃകാപരമായ സേവനങ്ങള്‍ക്കാണ് പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യപ്രതിബദ്ധതക്കുള്ള അവാര്‍ഡ് ലഭിച്ചത്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സ് രത്‌ന എന്നിവര്‍ വഴി അവശതയനുഭവിക്കുന്നവരെ കണ്ടെത്തി പുത്തിഗെ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പത്തോളം നിര്‍ധന കുടുംബങ്ങള്‍ക്ക് അവര്‍ക്കാവശ്യമായ ഭക്ഷ്യധാന്യ കിറ്റുകള്‍ മാസങ്ങളില്‍ നല്‍കുകയും സാന്ത്വനപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്യുന്ന നല്ലപാഠം ക്ലബ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഇതിനുള്ള തുക കണ്ടെത്തുന്നു. ഇതിനു പുറമെ വിദ്യാര്‍ഥി ശാക്തീകരണത്തിന്റെ ഭാഗമായി കൈത്തൊഴില്‍ പരിശീലനം നല്‍കുകയും സോപ്പ്, ഫിനോയില്‍, കരകൗശല വസ്തുക്കള്‍ എന്നിവ നിര്‍മിച്ച് വില്‍പന നടത്തിയാണ് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളെ ക്രോഡീകരിച്ചു കൊണ്ടുവരികയും പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയും മഹാത്മാഗാന്ധിയുടെ പഠനത്തോടൊപ്പം തൊഴില്‍ അഭ്യസിക്കുക എന്ന ലക്ഷ്യത്തോടെ പ്രോത്സാഹനം കിട്ടാതെ മുരടിച്ചുപോവുകയും ലക്ഷ്യമറിയാതെ വഴിതെറ്റിപ്പോവുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവരുടെ അഭിരുചിക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കി നേര്‍ദിശയിലേക്ക് കൊണ്ടുവരുന്നതിന് പ്രയത്‌നിച്ചതിന് മികച്ച സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്  യൂനിറ്റ് കോര്‍ഡിനേറ്ററായ ഹനീഫ ഹിംസാക്കിന് ലഭിച്ചു.
പുത്തിഗെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തത്തില്‍ നടന്ന സ്‌നേഹസംഗമം പരിപാടിയിലാണ് പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. അരുണ അവാര്‍ഡ് വിതരണം ചെയ്തത്. 


മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം അബ്ദുര്‍റഹ്മാന്‍ ഹനീഫക്ക് സമ്മാനിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി, വെല്‍ഫെയര്‍ ചെയര്‍മാന്‍ ചനിയ പാടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, പാലിയേറ്റീവ് കെയര്‍ സിസ്റ്റര്‍ രത്‌ന, മുഹിമ്മാത്ത് പ്രിന്‍സിപ്പല്‍ രൂപേഷ്, മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
\


SHARE THIS

Author:

0 التعليقات: