Thursday, 13 February 2020

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസിദ്ധപ്പെടുത്തണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. വിവരങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്നും, 72 മണിക്കൂറിനകം (മൂന്ന് ദിവസത്തിനുളളില്‍) ഇതുസംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

രാഷ്ട്രീപാര്‍ട്ടികളുടെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹി മാദ്ധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം. ക്രിമിനല്‍ സ്വഭാമുള്ളയാളെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

രാഷ്ട്രീയപാര്‍ട്ടികള്‍ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാജയപ്പെടുകയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശമെന്ന് ആസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ പകുതിയിലധികം പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 

2015ല്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട 70 എംഎല്‍എമാരില്‍ 24 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുണ്ടായിരുന്നത്. എന്നാല്‍ 2020 ലെത്തിയപ്പോള്‍ ഇത് 43 ആയി ഉയര്‍ന്നു. ഇതില്‍ കൊലപാതക ശ്രമവും പീഡനവുമടക്കമുള്ള ഗുരുതര വകുപ്പുകളില്‍ പ്രതിചേര്‍ത്തിട്ടുള്ളവര്‍ 37 പേരാണ്.


SHARE THIS

Author:

0 التعليقات: