Friday, 14 February 2020

കൊടുംചൂട്: നാല് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കനക്കുന്നു. നാലു ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ചൂട് നാല് ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നതിനാല്‍ ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രത പാലിക്കണം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. എന്നാല്‍ ഫെബ്രുവരി പകുതിയായപ്പോഴേക്കും സംസ്ഥാനത്താകെ താപനില ഗണ്യമായി ഉയര്‍ന്ന നിലയിലാണ്.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കണം. എപ്പോഴും വെള്ളം കൈയില്‍ കരുതണം. നിര്‍ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. വിദ്യാര്‍ഥികളുടെ പരീക്ഷാ കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരവും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷാ ഹാളിലും ശുദ്ധജല ലഭ്യതയും ഉറപ്പാക്കാന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.

അങ്കണ്‍വാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും അങ്കണ്‍വാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം. നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. സംസ്ഥാനത്തെ തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കണം. പോഷക സമൃദ്ധമായ ഭക്ഷണത്തിനു പുറമെ ധാരാളം പഴങ്ങളും കഴിക്കണം. നിര്‍ജലീകരണം തടയാന്‍ ഒ ആര്‍ എസ് ലായനി പ്രോത്സാഹിപ്പിക്കണം.

വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കുകയും വൈദ്യസഹായം എത്തിക്കുകയും വേണം.


SHARE THIS

Author:

0 التعليقات: