Sunday, 16 February 2020

'വിലക്ക് വകവെച്ചില്ല'; അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ ബാഗിലെ 5,000ത്തിലധികം വരുന്ന പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു. പോലീസ് അനുമതി നിഷേധിച്ചിട്ടും മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു പ്രതിഷേധക്കാര്‍. ബാനറുകളും പതാകകളും ഉയര്‍ത്തിയാണ് വനിതകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.


ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ അനുമതി തേടി പ്രതിഷേധക്കാര്‍ പോലീസിനെ സമീപിച്ചിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. കാല്‍നടയായി അയ്യായിരത്തോളം പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു സമരക്കാര്‍ പോലീസിനെ അറിയിച്ചിരുന്നത്. അതേസമയം പ്രതിഷേധക്കാര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നാണ് കരുതുന്നതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ആര്‍പി മീണ പ്രതികരിച്ചു.

കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള അമിത് ഷായുടെ വീടിന്റെ പരിസരം പൂര്‍ണ്ണമായും ബാരിക്കേഡിനുള്ളിലാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ മാര്‍ച്ച് കടന്നുവരുന്ന റോഡില്‍ രണ്ടിടത്ത് പോലീസ് ബാരിക്കേഡ് ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ സമരത്തിലാണ്.

കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ഒരുവിഭാഗം സമരക്കാര്‍ പറഞ്ഞിരുന്നു. അതേസമയം അമിത് ഷായെ കാണണമെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കാണാനാഗ്രഹിക്കുന്നവരുടെ പട്ടിക കൈമാറമെന്നും പോലീസ് പറയുന്നു.


SHARE THIS

Author:

0 التعليقات: