Thursday, 6 February 2020

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ അഞ്ചാമത്തെയും തന്റെ 11ാം മത്തെയും ബജറ്റ് ധന മന്ത്രി ഡോ. തോമസ് ഐസക് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചരത്തില്‍ വരുമാനം ഉയര്‍ത്താനുള്ള കര്‍മപദ്ധതിയാകും പ്രധാനമായും ബജറ്റിലിടം പിടിക്കുക. മദ്യവില വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പ്രഥമമായി പരിഗണിക്കുന്നത്. മദ്യത്തിന്റെ നികുതി ഘടനയില്‍ മാറ്റം വരുത്തിയായിരിക്കും വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. ഇതോടൊപ്പം മൂല്യവര്‍ധിത നികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കാന്‍ പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉള്‍പ്പെടെ പ്രഖ്യാപിക്കും.


അടുത്ത വര്‍ഷം ജി എസ് ടി വരുമാനം നഷ്ടപരിഹാര പരിധിക്ക് മുകളിലേക്ക് ഉയരാനുള്ള കര്‍മപദ്ധതിയും ബജറ്റിലുണ്ടാകും. ജി എസ് ടി റിട്ടേണ്‍ പരിശോധനയും നികുതി വെട്ടിപ്പ് തടയലും ശക്തമാക്കാനുള്ള പരിപാടിയും ബജറ്റില്‍ ഇടം പിടിക്കും. സാമൂഹിക, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടികയിലെ ഇരട്ടിപ്പും അനധികൃത പെന്‍ഷന്‍ വാങ്ങുന്നതും അവസാനിപ്പിച്ച സാഹചര്യത്തില്‍ പെന്‍ഷന്‍ പദ്ധതിയുടെ പുനഃസംഘടനയും ബജറ്റില്‍ പ്രതീക്ഷിക്കാം. പഞ്ചായത്തീരാജിനും അധികാര വികേന്ദ്രീകരണത്തിനും 25 വര്‍ഷം തികയുന്നതിന്റെ ഊന്നലും നാല് വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും ബജറ്റ് അവലോകനം ചെയ്യും. കിഫ്ബി മുന്നോട്ടുവെക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണ ലക്ഷ്യവും ബജറ്റിന്റെ ഭാഗമാകും.


വാറ്റില്‍ നിന്ന് ലഭിക്കാനുള്ള വന്‍ കുടിശ്ശിക ലഭിച്ചാല്‍ സംസ്ഥാന ഖജനാവിന് നിലവിലെ സാഹചര്യത്തില്‍ വന്‍ ഉത്തേജനമാകും. നേരത്തേ വാറ്റ് കുടിശ്ശിക പിരിക്കുന്നത് ജി എസ് ടി നഷ്ടപരിഹാരത്തില്‍ തട്ടിക്കിഴിക്കുന്ന കേന്ദ്ര നിലപാടുമൂലം നിര്‍ബന്ധിത കുടിശ്ശിക സമാഹരണ നടപടി സംസ്ഥാനം ഒഴിവാക്കിയിരുന്നു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ നിരീക്ഷിക്കും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല.
ചെലവ് ചുരുക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുണ്ടാകും. ജീവനക്കാരെ പുനര്‍വിന്യസിക്കും. സംസ്ഥാനത്തിന്റെ വരുമാന നഷ്ടം മറികടക്കാന്‍ 15,323 കോടി രൂപ 15ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഈ പണം ലഭിച്ചാല്‍ കേരളത്തിന്റെ പ്രതിസന്ധി നിഷ്പ്രയാസം തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ് അവകാശവും കുറയുന്ന സാഹചര്യത്തിലാണ് ബജറ്റ് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളെ പിണക്കാതെ കൈകാര്യം ചെയ്യുന്നതാകും ഈ വര്‍ഷത്തെ ബജറ്റ്. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതോടെയാണ് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുകയെന്ന പ്രധാന വെല്ലുവിളി സര്‍ക്കാറിന് ഏറ്റെടുക്കേണ്ടി വന്നത്.


SHARE THIS

Author:

0 التعليقات: