Thursday, 13 February 2020

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഇന്നില്ല; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഡല്‍ഹി: നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഡല്‍ഹി കോടതി ഇന്ന് പുറപ്പെടുവിക്കില്ല. പ്രതി വിനയ് ശര്‍മയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ രണ്ട് മണിക്ക് വിധി പറയുന്ന സാഹചര്യത്തിലാണ് തീരുമാനം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേ സമയം നിര്‍ഭയക്ക് നീതി വേണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം സുപ്രീം കോടതിയുടെ പുറത്ത് പ്രതിഷേധിച്ചു. വൈകി കിട്ടുന്ന നീതി അനീതിക്ക് തുല്യമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. വധ ശിക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചുംകോടതിക്ക് പുറത്ത് പ്ലക്കാര്‍ഡുകളുമായി എത്തിയിരുന്നു.

പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറിയിരുന്നു. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുത്തില്ല. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടുകയായായിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം.


SHARE THIS

Author:

0 التعليقات: