Friday, 28 February 2020

ഇന്ത്യയുടെ മതേതര മനസ്സ് ഡല്‍ഹിയിലെ ഇരകള്‍ക്കൊപ്പം നില്‍ക്കണം; അവര്‍ക്ക് നീതി ലഭ്യമാക്കണം: പി സുരേന്ദ്രന്‍

തേഞ്ഞിപ്പാലം: മുസ്ലീംകള്‍ക്ക് നേരെ നടന്ന കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് നീതി ലഭ്യമാക്കുവാനും ആവശ്യമായ ഇപപെടലുകളാണ് ഭരണക്കൂടത്തില്‍ നിന്നും നീതി ന്യായ സംവിധാനങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം നടക്കുന്ന ആസാദി കാമ്പസിലെ മൂന്നാം ദിവസത്തെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര വിശ്വാസത്തിലൂടെ ഡല്‍ഹി ജനത നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കേണ്ടതുണ്ട്. അതിന് പൊതു സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. കലാപത്തിന് നേതൃത്വം നല്‍കിയവരും ആഹ്വാനം ചെയ്തവരും ഇന്നും സ്വതന്ത്രരാണ് അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടം ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമാണ് ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റ മുറിവ് അല്പമെങ്കിലും ഉണങ്ങുകയുള്ളൂ. ജനാധിപത്യ വിശ്വാസികള്‍ മുഴുവന്‍ അതിന് വേണ്ടി ശബ്ദിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

എസ് എസ് എഫ് ദേശീയ ജന:സെക്രട്ടറി പി എ ഫാറൂഖ് നഈമി അല്‍ ബുഖാരി മതമൗലിക  വാദികളുടെ കപടലക്ഷ്യം എന്ന വിഷയത്തിലും,  പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി കെ അബ്ദുല്‍ അസീസ് ഫാസിസ്റ്റ് വിരുദ്ധ സമര രംഗതെ ജനകീയ ഐക്യമുന്നണികള്‍ എന്ന വിഷയത്തിലും,  പ്രവാസി രിസാല എഡിറ്റര്‍ ടി എ അലി അക്ബര്‍ ജൈവിക രാഷ്ട്രീയം പാര്‍ട്ടികളും ബദലുകളും എന്ന വിഷയത്തിലും സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന സമിതിയംഗം എന്‍ വി അബ്ദുറസാഖ് സഖാഫി,എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി. എന്‍ ജാഫര്‍,ഡോ:ഇര്‍ഷാദ് എന്നിവര്‍  അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. വിപ്ലവ പാട്ട്,കഥാ പ്രസംഗം,ടേബിള്‍ ടോക്ക്,കവിതാ അവതരണം,കോളാഷ്  തുടങ്ങീ വിവിധ സമരാവിഷ്‌കാരങ്ങളും നടന്നു.


SHARE THIS

Author:

0 التعليقات: