Monday, 23 March 2020

ചള്ളങ്കയത്ത്കാരുടെ അന്തുഞ്ഞി ഉസ്താദ് എന്നറിയപ്പെടുന്ന അബ്ദുല്ല മുസ്ലിയാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ചള്ളങ്കയം ഡി എ മുഹമ്മദ്

ചള്ളങ്കയം:  ദീര്‍ഘകാലം ചള്ളങ്കയം ബദ്‌രിയ ജുമാ മസ്ജിദ് ഖത്വീബും, എം ഐ.മദ്‌റസയില്‍ ഉസ്താദും, നാട്ടിലും അയല്‍ നാടുകളിലും ദഫിന്റെ ഉസ്താദും ആയിരുന്ന നൂറ് കണക്കിന് ശിഷ്യന്മാരുള്ള ചള്ളങ്കയത്ത്കാരുടെ അന്തുകുഞ്ഞി ഉസ്താദ്,അന്തുച്ച എന്ന സ്‌നേഹപേരിലറിയപ്പെട്ടിരുന്ന സി.എച്ച്.അബ്ദുല്ല മുസ്ലിയാര്‍ വേര്‍പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്.

2019 മാര്‍ച്ച് 23 ശനിയാഴ്ച ഉച്ചയോടടുത്ത സമയം മങ്ങലാപുരം കങ്കനാടിയിലുള്ള യേനപ്പോയ ഹോസ്പിറ്റലിലാണ് മരണപ്പെട്ടത്. രാവിലെ 8 30ന് അസുഖം മൂര്‍ചിച്ചതറിഞ്ഞ് മംഗലാപുരത്ത് വീട്ടില്‍ താമസിക്കുന്ന കുമ്പോല്‍ തറവാട്ടിലെ പ്രശസ്തനായ ഡോക്ടര്‍ സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ പരിശോധിച്ച് കുടുബക്കാരെ വിവരമറിയിച്ചതനുസരിച്ചാണ് ആശുപത്രിയിലെത്തിയത്. നാട്ട്കാരും കുടുംബക്കാരെയും കൊണ്ട് ആശുപത്രി പരിസരം നിറഞ്ഞിരുന്നു. ശേഷം ആംബുലന്‍സില്‍ ജനാസ രണ്ട് മണിയോടടുക്കുമ്പോള്‍ വീട്ടിലെത്തിച്ചു മരുമക്കളും പണ്ഡിതന്മാരടങ്ങുന്ന കുടുംബക്കാരും നാട്ട്കാരും ജനാസയെ അനുഗമിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന മകന്‍ എത്തുമെന്നറിയിച്ചത് കൊണ്ട് മാര്‍ച്ച് 24 ഞായറാഴ്ച രാവിലെ 8.മണിക്ക്  വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചള്ളങ്കയം ജുമാമസ്ജിദ് പരിസരത്തുള്ള ഖബ്‌റ് സ്ഥാനില്‍ മറവ് ചെയ്ത് ഒരുവര്‍ഷം തികഞ്ഞിരിക്കുന്നു. 

50 വര്‍ഷത്തിലേറെ ചള്ളങ്കയം ജുമാമസ്ജിദ് ഖത്വീബായും,മുക്രിയായും,മദ്‌റസ മുഅല്ലിമായും ഇമാമായും സേവനം ചെയ്തിരുന്ന മര്‍ഹൂം ഹാജി മുഹമ്മദ് മുക്രിയുടെയും, ആയിശ ഹജ്ജുമ്മയുടെയും മൂന്നാമത്തെ പുത്രനായി ജനിച്ച അബ്ദുല്ല മുസ്ലിയാര്‍ പതിനേഴ് വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. യു.എ.ഇ യിലെ ദേര ദുബായ് നൈഫ്  പോലീസ് സ്റ്റേഷന് മുമ്പിലുള്ള സര്‍ഊനി മസ്ജിദിലായിരുന്നു  ജോലിനോക്കിയിരുന്നത്.
1980 -81 കാലത്ത് നാട്ടില്‍ നിന്ന് ജോലിതേടി വിദേശത്ത് ചെന്നവര്‍ക്കൊക്കെ ''അന്തുംച്ച'' എന്നപേരിലറിയപ്പെടുന്ന അബ്ദുല്ല മുസ്ലിയാര്‍ ഒരുതണലായിരുന്നു. ദുബായിലെ മലയാളികളുടെ പ്രത്യേകിച്ച് കാസര്‍കോട്ട്കാരുടെ പ്രിയപ്പെട്ട പള്ളിയാണ് മസ്ജിദ് സര്‍ഊനി. പഴയ കാലത്ത് പുതുതായി യു.എ.ഇ യിലെത്തുന്ന പ്രവാസി മലയാളികളുടെ സംഗമ വേദി സര്‍ഊനി മസ്ജിദായിരുന്നു. യു.എ.ഇയുടെ പല ഭാഗത്തും ജോലി നോക്കുന്ന ആളുകളില്‍ ഭൂരിഭാഗവും പൊതുഅവധി ദിവസമായ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഈ പള്ളിയില്‍ എത്തിച്ചേരും. കേരളത്തില്‍ മരണപ്പെട്ട് പോയവര്‍ക്ക് വേണ്ടിയുള്ള ജനാസ നിസ്‌കാരം ജുമുഅ: നിസ്‌കാരനന്തരം നടക്കാറുണ്ട് അതിന് വേണ്ടി ചിലര്‍ നേരത്തേയെത്തും.

ആദ്യ കാലങ്ങളില്‍ ദുബായിലും, എമിററ്റിലെ മറ്റ് പലസ്ഥലങ്ങളിലും വെച്ച് മരണപ്പെട്ട് പോയവരുടെ മയ്യിത്ത് ഇന്നത്തെപ്പോലെ ഒറ്റ ദിവസം കൊണ്ട് വിട്ട് കിട്ടിയിരുന്നില്ലെന്ന് മാത്രമല്ല അധികമാരും നാട്ടിലേക്ക് കൊണ്ട് വരാറില്ലായിരുന്നു ആസമയത്ത് മലയാളികളായ കാസര്‍കോട്കാരുടെയും മറ്റും ജനാസ കുളിപ്പിച്ച് കഫന്‍ ചെയ്ത് ഖിസൈസിലും പിന്നീട് അല്‍ ഖൂസിലും സംസ്‌കരിക്കുന്നതിനും മറ്റും മുഖ്യ പങ്ക് വഹിച്ചിരുന്നത് അബ്ദുല്ല മുസ്ലിയാരായിരുന്നു.

ചള്ളങ്കയത്ത്കാരും,കന്തല്‍ ബാഡൂര്‍,പെര്‍മുദെ,മറ്റ് അയല്‍നാട്ട്കാരും ആദ്യകാലത്ത് അറബിവീടുകളിലായിരുന്നു ജോലിനോക്കിയിരുന്നത് ആദ്യമൊക്കെ വിദേശ അറബി വീടുകളില്‍ വളരെ പ്രയാസമനുഭവിച്ചാണ് ജോലിചെയ്തിരുന്നത് ഇന്നത്തെപോലെ മൊബൈല്‍ ഫോണ്‍ ലാന്റ് ഫോണ്‍ സൗകര്യം  ഇല്ലാതിരുന്നകാലത്ത് നാട്ട്കാര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് അവിടെ എന്തെങ്കിലും പ്രയാസമുണ്ടായാല്‍ സര്‍ഊനി മസ്ജിദിന്റെ പിറക് വശത്തുണ്ടായിരുന്ന മലയാളിയുടെ അല്‍ ഹിബ്‌സി ടൈലര്‍ ഷോപ്പിലേക്ക് ഫോണ്‍വരും ആരാണ് വിളിക്കുന്നത് എന്താണ് അവരുടെപ്രശ്‌നം? എന്ന് അന്വേഷിക്കും വഴിഅറിയാത്ത ദൂരെ ദിക്കിലുള്ള ആളാണെങ്കില്‍ അവരെ കൂട്ടികൊണ്ട് വരും എന്നിട്ടവരെ ജോലിയുള്ള അബൂദാബിയിലോ മറ്റോ ഏതെങ്കിലും സ്ഥലത്തേക്ക ്പറഞ്ഞയക്കും.
യു.എ.ഇ.ചള്ളങ്കയം ജമാഅത്ത് കമ്മിറ്റി സ്ഥാപിക്കുന്നതിന് വേണ്ടി അങ്ങേയറ്റം പരിശ്രമംനടത്തിയ വ്യക്തികൂടിയായ അദ്ദേഹം കമ്മിറ്റിയുടെ ദീര്‍ഘകാല സ്ഥാപകപ്രസിഡണ്ട് കൂടിയായിരുന്നു. കൂടാതെ മുഹിമ്മാത്ത് ദുബായ് കമ്മിറ്റി രൂപീകരണത്തിന് മുമ്പ് സ്ഥാപനത്തിന് വേണ്ടി അവരവരാല്‍ കഴിയുന്ന തുക പിരിച്ചെടുത്ത് സമാഹരിച്ച് അയച്ച് കൊടുത്തിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. സഅദിയ്യ:,മര്‍ക്കസ് സിറാജുല്‍ഹുദ,അല്‍ മഖര്‍,ശിറിയ ലത്വീഫിയ്യ,കൊല്ലം ഐ.സി.എസ്,സ്ഥാപനങ്ങളുടെ നേതാക്കളായ മഹാനായ താജുല്‍ ഉലമ,നൂറുല്‍ ഉലമ,സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍,ചിത്താരി ഉസ്താദ്,പി.കെ.അബ്ദുല്‍ മജീദ് മുസ്ലിയാര്‍ എന്നിവരുമായും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം ഉസ്താദ്,ഷിറിയ ആലിക്കുഞ്ഞി ഉസ്താദ്,പേരോട് ഉസ്താദ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക സാദാത്തീങ്ങളേയും പണ്ഡിതന്മാരേയും അതിരറ്റ് സ്‌നേഹിക്കുകയും അവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവര്‍ ആദ്യമായി യു എ ഇ യിലെത്തിയ സമയത്ത് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും പലരേയും ബന്ധപ്പെടുത്തി കൊടുക്കുകയും വേണ്ടുന്ന ഒത്താശകളൊക്കെ ചെയ്ത് കൊടുക്കുകയും അവര്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ചള്ളങ്കയത്ത്കാര്‍ക്കും അയല്‍ നാട്ട്കാര്‍ക്കും അദ്ദേഹത്തെ വലിയ പ്രിയമായിരുന്നു.ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോഴും,നാട്ടില്‍ നിന്ന് ഗള്‍ഫിലെത്തിയാലും ദുബായിലും,അബൂദാബിയിലും,അല്‍ ഐനിലും ഉള്ള നാട്ട്കാരെ സന്ദര്‍ശിച്ച ശേഷമാണ് ജോലിയില്‍ പ്രവേശിക്കാറുള്ളത്.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം വീട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.നാട്ടില്‍ നടക്കുന്ന എല്ലാ ദീനിയ്യായ കാര്യങ്ങളിലും,പള്ളി മദ്‌റസ കാരുണ്യ പ്രവര്‍ത്തനങ്ങളിലൊക്കെയും സജീവമായി പ്രവര്‍ത്തിച്ച്‌പോന്നു.ചള്ളങ്കയം ബദ് രിയ ജുമാ മസ്ജിദ് പ്രസിഡണ്ടായും സേവനം ചെയ്തിരുന്നു.നാട്ടിലെയും അയല്‍ നാട്ടിലേയും എല്ലാ ചടങ്ങുകളിലും സംബന്ധിച്ചിരുന്ന അദ്ദേഹം പതിനായിരങ്ങള്‍ സംബന്ധിച്ചിരുന്ന ബായാര്‍ പൊന്നങ്കളം സ്വലാത്ത് മജിലിസില്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വരെ മുടങ്ങാതെ എത്തിയിരുന്നു. വീട്ടില്‍ സന്ദര്‍ശനത്തിനെത്തുന്നവരോടൊക്കെ നാട്ടിലെയും മറുനാട്ടിലെയും വിശേഷങ്ങള്‍ ഓരോവ്യക്തിയെ ക്കുറിച്ചും ചോദിച്ചറിയാന്‍ താല്‍പര്യം കാട്ടിയിരുന്നു.രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുണ്ടായിരുന്ന ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസിന്റ എല്ലാവേദികളിലും നിറസാന്നിദ്ധ്യമായിരുന്ന അബ്ദുല്ല മുസ്ലിയാര്‍ നാടിന്റെ എല്ലാവികസന കാര്യത്തിന്നും എന്നും മുന്‍പന്തിയിലായിരുന്നു.ചള്ളങ്കയം സുന്നീസെന്ററിന്ന് സ്വന്തമായി ആസ്ഥാനം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ദാനമായി നല്‍കുകയും സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനും തന്നാല്‍ ആവുന്നതൊക്ക ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തു.നാഥന്‍ എല്ലാം സ്വീകരിക്കുമാറാകട്ടെ ആമീന്‍.

ആറ് വര്‍ഷം മുമ്പ് മരണപ്പെട്ട് പോയ ബീഫാത്തിമ്മ ഹജ്ജുമ്മ ഭാര്യയാണ് അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍(ദുബായ്)ഹലീമ,ആസിയ,ആയിശ,സൈനബ,നഫീസ,സഫിയ മക്കളാണ്. ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍(ദുബായ് മുന്‍ സര്‍ഊനി ഇമാം),ടി.എ.മുഹമ്മദ് മാസ്റ്റര്‍,അബൂബക്കര്‍ സുന്നി ഫൈസി,ഇബ്രാഹിം മദനി മഞ്ഞനാടി(ഹോര്‍ അന്‍സ് തങ്ങള്‍ പള്ളി ഇമാം),യൂസ്ഫ് പാചാണി,ഹമീദ് ഷേണി മരുമക്കളാണ്..


SHARE THIS

Author:

0 التعليقات: