Sunday, 1 March 2020

സര്‍ക്കാറിന്റെ ദൗത്യം ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കല്‍; കലാപാഹ്വാനം നടത്തിയവരെ തുറങ്കിലടക്കണം: ഡോ:ഹുസൈന്‍ രണ്ടത്താണി

തേഞ്ഞിപ്പാലം: സര്‍ക്കാരിന്റെ പ്രാഥമിക ദൗത്യം ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയെന്നതാണ് എന്നും ഡല്‍ഹിയില്‍ കലാപാഹ്വാനം നടത്തിയവരെ തുറങ്കിലടക്കണമെന്നും ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. ആസാദി കാമ്പസിന്റെ അഞ്ചാം ദിവസത്തെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പവിത്രവും പരമോന്നതവുമാണ് നമ്മുടെ  ഭരണഘടന. രാഷ്ട്ര ശില്‍പികളുടെ ദീര്‍ഘവീക്ഷണത്തോടെ രൂപപ്പെട്ട ഭരണഘടനയുടെ ആര്‍ട്ടിക്കിളുകള്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ നീതി വിഭാവനം ചെയ്യുമ്പോള്‍  ചില മത വിഭാഗങ്ങളെ രണ്ടാം കിടക്കരായി വേര്‍തിരിക്കുന്ന സമീപനമാണ് അധികാരികളില്‍ നിന്നും  കണ്ട് വരുന്നത്. ഡല്‍ഹിയില്‍ ന്യുനപക്ഷ വിഭാഗത്തിനു നേരെ നടന്ന അതിക്രമങ്ങള്‍ കാഴ്ചക്കാരായി വീക്ഷിച്ചതല്ലാതെ ക്രിയാത്മകമായി ഇടപെടാന്‍ ഭരണകൂടം തയ്യാറാകാത്തത് ഇന്ത്യയുടെ വര്‍ത്തമാന അവസ്ഥ ഒട്ടും ശുഭകരമല്ല എന്നാണ് കാണിക്കുന്നത്:അദ്ദേഹം  അഭിപ്രായപ്പെട്ടു. 

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്ന നാടിനെ രക്ഷിക്കാന്‍ അടിയന്തിര നീക്കങ്ങളുണ്ടാവണം. ജനങ്ങള്‍ക്ക് സുരക്ഷിത ബോധം ഉറപ്പ് വരുത്തണം. ജനാധിപത്യ വിശ്വാസികള്‍ ഐക്യപ്പെട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കല്‍ ദേശരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹിന്ദുവായ ഗാന്ധി, ഹിന്ദുത്വ ഗോഡ്സെ. എന്‍.പി.ആര്‍ അറിഞ്ഞതിനുമപ്പുറം എന്നീ വിഷയങ്ങളില്‍ ഡോ:എം പി മുജീബ് റഹ്മാന്‍, ബി കെ  സുഹൈല്‍ സംസാരിച്ചു. കവി എം ജീവേഷ്, കെപി ജമാല്‍, സി കെ എം ഫാറൂഖ്, എന്നിവര്‍ അഭിവാദ്യമര്‍പ്പിച് സംസാരിച്ചു. പ്രതിരോധത്തിന്റെ വര, ആസാദി മുറ്റം, പോരാട്ട പാട്ട്, തൂലിക ജ്വാല തുടങ്ങിയ സമരാവിഷ് കാരങ്ങളും നടന്നു. 

തിങ്കളാഴ്ച ബാലചന്ദ്രന്‍ വടക്കേടത്ത്, കെ ടി കുഞ്ഞികണ്ണന്‍, ഡോ. എം എം മുസ്തഫ, അഡ്വ. കെ കെ സമദ്, ടി കെ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, സി കെ ശക്കീര്‍ എന്നിവര്‍ പങ്കടുത്ത് സംസാരിക്കും


SHARE THIS

Author:

0 التعليقات: