Saturday, 7 March 2020

കോഴിക്കോട്ടെ പക്ഷിപ്പനി; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഒരുകിലോമീറ്ററിനുള്ളിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലാന്‍ യോഗം തീരുമാനിച്ചു. പത്തുകിലോ മീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ചംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കി. 

മൃഗസംരക്ഷണവകുപ്പ്, ആരോഗ്യവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിനൊപ്പം പരിശീലന ക്ലാസുകളും നല്‍കി. 12 അംഗ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും 13 അംഗടീം കൊടിയത്തൂര്‍ മേഖലയിലും പ്രവര്‍ത്തിക്കും. 

വേങ്ങേരിയിലെ ഒരു വീട്ടില്‍ വളര്‍ത്തുകോഴികള്‍ കൂട്ടമായി ചത്തതോടെയെ വീട്ടുകാരന്‍ മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും ഭോപ്പാലിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ ജില്ലയിലെ മറ്റൊരു സ്ഥലമായി കൊടിയത്തൂരിലെ 2500 ഓളം കോഴികളുള്ള ഫാമിലും കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇത് പക്ഷിപ്പനിയെ തുടര്‍ന്നാണെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു. ദേശാടനപക്ഷികളില്‍ നിന്ന് പടര്‍ന്നതാവാം എന്നാണ് പ്രാഥമിക നിഗമനം.


SHARE THIS

Author:

0 التعليقات: