Wednesday, 18 March 2020

ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുത്ത് കേരളം

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ഏറ്റെടുത്ത് കേരളം. മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ച ക്യാമ്പയിന്‍ വളരെ വേഗമാണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള വ്യക്തികള്‍ ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം മന്ത്രിമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ക്യാമ്പയിന്‍ ഏറ്റെടുത്തു. സിനിമാ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രണ്‍ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖരുടെ നീണ്ട നിരയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായത്.

മാധ്യമങ്ങളും ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണം നടത്തി വരുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ, വിദ്യാര്‍ഥി  യുവജന സംഘടനകള്‍, എന്‍ എസ് എസ്, സര്‍വീസ് സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബേങ്കുകള്‍ തുടങ്ങിയവരെല്ലാം ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുത്തിട്ടുണ്ട്.

ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് കിയോസ്‌കുകള്‍ സ്ഥാപിച്ച് വരികയാണ്. ഒരാളില്‍ നിന്ന് മറ്റ് പലരിലേക്ക് എന്ന ക്രമത്തില്‍ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം. ഹസ്തദാനം പോലെ സ്പര്‍ശിച്ച് കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക, നിശ്ചിത അകലം പാലിക്കുക, മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടണം. ഇടക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്.
വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിയാല്‍ ഉടന്‍ കൈകള്‍ കഴുകേണ്ടത് ശീലമാക്കണം. അശുദ്ധിയുള്ള കൈ കൊണ്ട് ഒരിക്കലും മുഖം, കണ്ണ്, മൂക്ക്, വായ ഇവ സ്പര്‍ശിക്കരുത്. നിരീക്ഷണത്തിലുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ഇങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി ഈ കണ്ണികളെ പൊട്ടിച്ചാല്‍ കൊവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.


SHARE THIS

Author:

0 التعليقات: