Tuesday, 3 March 2020

ആശങ്കയിലാഴ്ത്തി കൊറോണ; ചൈനയില്‍ ഇന്നലെ മരിച്ചത് 31 പേര്‍; അമേരിക്കയില്‍ നാലുമരണം കൂടി; ഗുരുതര സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധ പടരുന്നു. ചൈനയില്‍ രോഗം ബാധിച്ച് ഇന്നലെ മരിച്ചത് 31 പേരാണ്. ഇതോടെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2943 ആയി. അമേരിക്കയില്‍ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ യുഎസില്‍ കൊറോണ മരണം ആറായി ഉയര്‍ന്നു. ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും കൊവിഡ്-19 ( കൊറോണ) ബാധിച്ച് മരിച്ചിട്ടുണ്ട്. 

സൗദി അറേബ്യ, ജോര്‍ദാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ പുതുതായി 600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ കൊറോണ മൂലമുള്ള ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. 

വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് തീവ്രമാക്കി. കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കി. ഇന്ത്യയുള്‍പ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3100 ന് അടുത്തെത്തി. ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി


SHARE THIS

Author:

0 التعليقات: