Thursday, 5 March 2020

ഭീതി പടര്‍ത്തി കൊറോണ; ഇറ്റലിയിലും ഇറാനിലും കൂടുതല്‍ മരണങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ആകെ മരണം 3,285 ആയി. ലോകമെമ്പാടും ഇതുവരെ 95,481 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ആദ്യം പടര്‍ന്നു പിടിച്ച ചൈനയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു പിടിക്കുകയാണ്. 

സൗദി അറേബ്യയില്‍ രണ്ടാമത്തെയാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശി പൗരനാണ് വൈറസ് ബാധ. ആദ്യം കൊറോണ സ്ഥിരീകരിച്ച ആള്‍ക്കൊപ്പം എത്തിയ ആള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേരും ഇറാനില്‍ പോയ വിവരം മറച്ചു വെച്ചാണ് സൗദി അതിര്‍ത്തിയില്‍ പ്രവേശിച്ചത്. ആദ്യത്തെയാളും സൗദി പൗരനാണ്. 

ഇറ്റലി, ഇറാന്‍, യുഎസ് എന്നിവിടങ്ങളിലും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈനയില്‍ മാത്രം 2981 പേരാണ് മരിച്ചത്. ചൈനക്ക് പുറത്ത് ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയില്‍ 107 പേരും ഇറാനില്‍ 92 പേരും രോഗം ബാധിച്ച് മരിച്ചു. 

 ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ രണ്ടാമത്തെ കൊറോണ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഇറാനിലും സ്ഥിതിഗതി ഗുരുതരമാണ്. യുഎസ്സിലെ കാലിഫോര്‍ണിയയില്‍ വൈറസ് ബാധയേറ്റ് ഒരാള്‍ മരിച്ചു.10 പേര്‍ ഇതിനോടകം മരിച്ചതായാണ് വിവരം. 149 പേര്‍ക്ക് യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചു. 

കൊറോണ വൈറസിനെ തുടര്‍ന്ന് യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസം അവധി നല്‍കി. അതേസമയം ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി. ഇതില്‍ 15 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്.


SHARE THIS

Author:

0 التعليقات: