Monday, 9 March 2020

കൊറോണ പടരുന്നു; ഇന്ത്യ ഉള്‍പ്പടെ പതിനാലു രാജ്യങ്ങള്‍ക്ക് ഖത്തറിന്റെ പ്രവേശന വിലക്ക്; കേരളത്തില്‍ ജാഗ്രത

ന്യൂഡല്‍ഹി: ലോക വ്യാപകമായി കൊറോണ വൈറസ് ബാധ പടരുന്നു.ലോകത്താകെ രോഗ ബാധിതരുടെ എണ്ണം 106,000 കവിഞ്ഞു. ഇറ്റലിയില്‍ ഇന്നലെ മാത്രം 133 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. രാജ്യത്ത് മരിച്ചവരുടെ എണ്ണം 366 ആയി. ഞായറാഴ്ച വരെ ഇറ്റലിയില്‍ 7,375 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. 1.6 കോടി ജനങ്ങളാണ് സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത്. 

ഇറ്റലിയിലെ മോഡേന, പര്‍മ, പിയാസെന്‍സ, റെഗ്ഗിയോ എമീലിയ, റിമിനി, പെസാറോ ആന്‍ഡ് ഉര്‍ബിനോ, അലക്സാന്‍ഡ്രിയ, അസ്ടി, നോവാറ, വെര്‍ബാനോ കുസിയോ ഒസ്സോല, പഡ്വ, വെര്‍സെല്ലി, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളില്‍ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചിരിക്കയാണ്. 

ജാഗ്രത തുടരുന്ന ഇവിടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, സിനിമാ തിയേറ്ററുകള്‍, ജിം, മ്യൂസിയം, നിശാക്ലബ്ബ് തുടങ്ങിയവ ഏപ്രില്‍ മൂന്നുവരെ അടച്ചിടാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു. അതേസമയം ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. 

ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല.   ഇറാനില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 194 ആയി. 

സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, യൂണിവേഴ്?സിറ്റികള്‍, വിദ്യാഭ്യാസ ഓഫീസുകള്‍ എന്നിവിടങ്ങളിലുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. 

കേരളത്തില്‍ അഞ്ച് റാന്നി സ്വദേശികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 40 ആയി. 
ഇറ്റലിയില്‍നിന്ന് എത്തിയ കുടുംബത്തിനാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല.


SHARE THIS

Author:

0 التعليقات: