Wednesday, 18 March 2020

മദ്ധ്യപ്രദേശ് രാഷ്ട്രീയ നാടകം ബംഗളൂരുവിലെ തെരുവിലേക്ക്; ദിഗ്വിജയ്ക്ക് പിന്നാലെ ഡി.കെ ശിവകുമാറും കസ്റ്റഡിയില്‍

ബെംഗളൂരു: വിമത എം.എല്‍.എമാരെ കാണാനുള്ള ശ്രമത്തിനിടെ പൊലീസ് തടങ്കലിലായ ദിഗ് വിജയ് സിങിന് പുറമേ, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറും കസ്റ്റഡിയില്‍. ശിവകുമാര്‍ തന്നെയാണ് താന്‍ കസ്റ്റഡിയിലാണെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

 'പോലീസ് എന്നെ തടങ്കലില്‍ വെച്ചിരിക്കുകയാണ്. ദിഗ് വിജയ് സിങ്ങിനെയോ മറ്റ് നേതാക്കളെയോ കാണാന്‍ എന്നെ അനുവദിച്ചില്ല. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ബി.ജെ.പിക്കാര്‍ അവരെ കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് ബി.ജെ.പി. ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ'- ട്വീറ്റില്‍ ശിവകുമാര്‍ പറഞ്ഞു. 

ദിഗ് വിജയ് സിങിനു പുറമേ, സച്ചിന്‍ യാദവ്, കാന്തിലാല്‍ ഭുരിയ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്. ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 22 എം.എല്‍.എമാരാണ് വടക്കന്‍ ബംഗളൂരുവിലെ റമദ റിസോര്‍ട്ടില്‍ താമസിക്കുന്നത്. ഇവരെ ബന്ദികളാക്കിയതാണ് എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇവരെ കാണാനാണ് രാവിലെ ദിഗ് വിജയ് സിങ് എത്തിയത്. ഡി.കെ ശിവകുമാറാണ് സിങിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. 


SHARE THIS

Author:

0 التعليقات: