Tuesday, 10 March 2020

അച്ഛന്റെ ജന്മദിനത്തില്‍ മകന്റെ നിര്‍ണായക കരുനീക്കങ്ങള്‍ ; സിന്ധ്യ നരേന്ദ്രമോദിയെ കണ്ടു; കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ?

ന്യൂഡല്‍ഹി : മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണയ നീക്കങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞിനില്‍ക്കുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും സിന്ധ്യയ്ക്കൊപ്പം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.  ഇടഞ്ഞുനില്‍ക്കുന്ന സിന്ധ്യയെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. 

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച മാധവറാവു സിന്ധ്യയുടെ ജന്മദിനത്തിലാണ് 49 കാരനായ മകന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. സിന്ധ്യയെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ മാധവറാവു സിന്ധ്യയ്ക്ക് പുഷ്പാര്‍ച്ചന നടത്തി. മാധവറാവു സിന്ധ്യയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും ട്വീറ്റ് ചെയ്തു.

പരമശ്രേഷ്ഠനായ മാധവറാവു സിന്ധ്യയുടെ പ്രത്യയശാസ്ത്രപരമായ ഉന്നതി, രാഷ്ട്രീയ പാണ്ഡിത്യം, പരമമായ ധാര്‍മ്മികത, കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധത എന്നിവ ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാഴികക്കല്ലുകളാണ്, എല്ലായ്പ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ദിഗ് വിജയ് സിങ് ട്വീറ്റില്‍ കുറിച്ചു. 

രാജ്യസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായ സിന്ധ്യ, രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമിട്ടാണ് വിമത നീക്കത്തിന് തുടക്കമിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ, മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: