Sunday, 29 March 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം: കാന്തപുരം

കോഴിക്കോട് : കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം നടത്തുന്ന ആരോഗ്യ-ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി ആവശ്യപ്പെട്ട ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ഥിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 21 ദിവസത്തെ ഈ ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ സംരക്ഷണം നല്‍കുകയെന്നത് ഭാരിച്ച ചെലവുള്ള കാര്യമാണ്. ഈ ഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാറിന്റെ കൂടെ നില്‍ക്കല്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ജോലിയും സംരംഭങ്ങളും എല്ലാം നിലച്ച സമയമാണെങ്കിലും ഈ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സാധിക്കുന്ന വിധത്തില്‍ എല്ലാവരും ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം-കാന്തപുരം പറഞ്ഞു.

സുന്നി സംഘടനകളും മര്‍കസും ഇക്കാര്യത്തില്‍ സജീവമായുണ്ടാകും. മര്‍കസ് ബോയ്സ് ഹൈസ്‌കൂളിലെ അധ്യാപകര്‍ മൂന്ന് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.


SHARE THIS

Author:

0 التعليقات: