Tuesday, 31 March 2020

'ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം'; കര്‍ണാടകയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരോട് കടുത്ത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

ബെംഗളൂരു: കൊവിഡ് 19 ല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട നടപടി വിവാദമായതിന് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി കര്‍ണാടക ആരോഗ്യവകുപ്പ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പുതുതായി മുന്നോട്ടു വെച്ചത്.

'ക്വാറന്റൈന്‍ വാച്ച്' എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പിലേക്കാണ് സെല്‍ഫി അയയ്‌ക്കേണ്ടത്. 'ക്വാറന്റൈന്‍ വാച്ച്' ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

ചിത്രങ്ങള്‍ അതാത് സമയം രേഖപ്പെടുത്തുമെന്നും അതുകൊണ്ട് ഓരോ മണിക്കൂറിലും കൃത്യമായി സെല്‍ഫി അയക്കണമെന്നുമാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ജാവേദ് അക്തര്‍ പറഞ്ഞത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും ജി.പി.എസ് സംവിധാനം കൂടി ആപ്പില്‍ ഏര്‍പ്പെടുത്തിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമായി നിരീക്ഷിക്കാനും സാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. രാവിലെ 7 മണിമുതല്‍ രാത്രി 10 മണി വരെയുള്ള സെല്‍ഫികളാണ് അയക്കേണ്ടത്.

ഏതെങ്കിലും ഒരു മണിക്കൂറില്‍ സെല്‍ഫി അയക്കാത്തവരെ മാസ് ക്വാറന്റൈനിലേക്ക് മാറ്റുമെന്നാണ് കര്‍ണാടക മന്ത്രി കെ. സുധാകര്‍ മുന്നറിയിപ്പ് നല്‍കിയത്.

ഇത്തരത്തിലയക്കുന്ന സെല്‍ഫികളുടെ ആധികാരികത പരിശോധിക്കാന്‍ ഫോട്ടോ വെരിഫിക്കേഷന്‍ ടീം തന്നെയുണ്ട്. തെറ്റായ ചിത്രങ്ങള്‍ അയക്കുന്നവരെ വീട്ടില്‍ നിന്നും സര്‍ക്കാരിന്റെ തന്നെ മറ്റേതെങ്കിലും ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ വേറെയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ കര്‍ണാടകയില്‍ 83 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.14000 ആളുകളാണ് ബെംഗളൂരുവില്‍ മാത്രം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.


SHARE THIS

Author:

0 التعليقات: