Saturday, 28 March 2020

അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രശ്‌നം വഷളാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരളം

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടകം. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മണ്‍കൂനയിട്ട് അടച്ച കേരള അതിര്‍ത്തികള്‍ തുറന്ന് കൊടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കടുത്ത അമര്‍ഷവുമായി കേരളം രംഗത്തെത്തി.  ചരക്ക് നീക്കം സുഗമമാക്കാന്‍ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.


രണ്ട് ദിവസമായി തുടരുന്ന പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. 
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.


ചരക്ക് വാഹനങ്ങളടക്കം ചെക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. കര്‍ണാടക പ്രകടിപ്പിക്കുന്നത് പ്രാകൃതമായ രീതിയെന്നും കാലഘട്ടത്തിന് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.


അതിനിടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു . അവശ്യസാധനങ്ങള്‍ കൊണ്ട് പോകുന്നതോ ചരക്ക് നീക്കമോ തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ അടക്കം ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കാനാണ് അതിര്‍ത്തി മണ്‍കൂന കൊണ്ട് അടച്ചെന്നും കര്‍ണാടകയുടെ വിശദീകരണം വന്നിട്ടുണ്ട്.




SHARE THIS

Author:

0 التعليقات: