Thursday, 12 March 2020

അതീവ ജാഗ്രതയില്‍ ലോകം; അമേരിക്കയില്‍ യാത്രാ വിലക്ക്; മാര്‍ച്ച് 29വരെ കുവൈറ്റില്‍ പൊതു അവധി

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലും കുവൈത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. അമേരിക്ക അടുത്ത 30 ദിവസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് 29വരെ കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കും യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ബ്രിട്ടനെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുവൈറ്റില്‍ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികളിലേക്ക് കുവൈറ്റ് സര്‍ക്കാര്‍ നീങ്ങിയത്. 

കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും കടുത്ത നടപടിയെടുത്തിരുന്നു. എല്ലാ വിസകള്‍ക്കും ഏപ്രില്‍ 15 വരെ കേന്ദ്രം വിലക്കേര്‍പ്പെടുത്തി. ഇറ്റലിയിലെ  ഇന്ത്യന്‍ എംബസി താത്കാലികമായി അടച്ചു. ഇറ്റലിയിലേക്കുള്ള വിമാന സര്‍വീസുകള്‍ മാര്‍ച്ച് 28 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. തെക്കന്‍ കൊറിയയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും.


SHARE THIS

Author:

0 التعليقات: