Wednesday, 4 March 2020

കലാപം നടത്താന്‍ 2000 ത്തോളം ആളുകളെ പുറത്തുനിന്നും എത്തിച്ചു; പൊലീസ് അക്രമത്തിന് കൂട്ടുനിന്നു; ഗുരുതര ആരോപണവുമായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാന്‍.

കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം 'ദി വയറിനോട്' സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളും വ്യാപാര സ്ഥാപനങ്ങളഉം ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''ഇത് ആസൂത്രിതമായ അക്രമമാണ് എന്നാണ് ഞങ്ങളുടെ നിഗമനം. ആക്രമണം നടത്താനായി ആളുകളെ പുറത്തുനിന്നു കൊണ്ടുവന്നിട്ടുണ്ട്. എവിടെ നിന്നുള്ളവരെയാണ് ദല്‍ഹിയില്‍ എത്തിച്ചതെന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തണം. മാസ്‌കുകളും ഹെല്‍മെറ്റുകളും ധരിച്ച് അക്രമത്തില്‍ ഏര്‍പ്പെട്ടവരുടെ ഫോട്ടോകള്‍ ഡി.സി.എം സംഘത്തിന് ലഭിച്ചിട്ടുണ്ട്'', അദ്ദേഹം പറഞ്ഞു.

''ഏകദേശം 1,500 മുതല്‍ 2,000 വരെ ആളുകള്‍ ഈ പ്രദേശങ്ങളില്‍ അക്രമമുണ്ടാക്കാനായി എത്തിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം. ആക്രമണം തുടങ്ങുന്നതിനും ഒരു ദിവസം മുന്‍പാണ് ഇവരെ ഇവിടെ എത്തിച്ചത്. ചില സ്‌കൂളുകളിലാണ് ഇവരെ താമസിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രധാന വസ്തുതാ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അതേദിവസം തന്നെ പൊലീസ് വിവിധിയടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഫെബ്രുവരി 24, 25 തീയതികളില്‍ അതായത് അക്രമത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ പൊലീസ് സാന്നിധ്യം കുറവായിരുന്നു. നിരവധി ആളുകളെ രക്ഷിച്ചുവെന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ അവര്‍ ആരേയും രക്ഷിച്ചിട്ടില്ല. ആരുടേയും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയിട്ടില്ല. മറിച്ച് ആളുകളെ ചുട്ടുകൊല്ലാന്‍ അനുവദിക്കുകയായിരുന്നു. കലാപകാരികളെ വീടുകള്‍ തകര്‍ക്കാനും സ്ഫോടനം നടത്താനും സഹായിക്കുകയായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്'', അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് സജീവമായത്. ഫെബ്രുവരി 26 ന് അക്രമത്തിന് അറുതി വന്നു. അതിന് അടുത്ത ദിവസം അക്രമം പൂര്‍ണമായും അവസാനിച്ചു. കലാപ ബാധിതര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നുണ്ടെന്നും മറിച്ചുള്ള പരാതികള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: