Monday, 2 March 2020

ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയറ്റില്‍ ചെളിയുടേയും വെള്ളത്തിന്റേയും അംശം കണ്ടെത്തി. ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുന്നതിന്റെ 18-20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അഴുകി തുടങ്ങിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പോലീസിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലംകൂടി പുറത്തുവരാനുണ്ട്.

ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെയാണ് ഇളവൂരിലെ പ്രദീപ് കുമാര്‍-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

ദേവനന്ദയുടേത് മുങ്ങിമരണം തന്നെയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ശരീരത്തില്‍ ചതവുകളോ ഒടിവുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.


SHARE THIS

Author:

0 التعليقات: