Saturday, 7 March 2020

'മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്, വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചന'; മാധ്യമ വിലക്കിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണ്. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും മര്യാദയ്ക്കു പെരുമാറിക്കോളണം എന്ന ഭീഷണിയുമാണെന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസിനെയും ഡെല്‍ഹി പൊലീസിനെയും വിമര്‍ശിച്ചു എന്നതാണ് വിലക്കിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആരും വിമര്‍ശനത്തിന് അതീതരല്ല. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാവുക? ഏതൊരു പൗരനും സ്വന്തം അഭിപ്രായം നിര്‍ഭയമായി പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആര്‍എസ്എസ് വിശുദ്ധ സംഘടനയാണ് എന്ന് ഏതു നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളതെന്ന് പിണറായിയുടെ കുറിപ്പില്‍ പറയുന്നു.


SHARE THIS

Author:

0 التعليقات: