Monday, 9 March 2020

രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മഹല്ല് ഭരണങ്ങളില്‍ കലഹങ്ങള്‍ ഉണ്ടാകരുത്: കാന്തപുരം

കോഴിക്കോട് : രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മഹല്ല് ഭരണങ്ങളില്‍ കലഹങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ഉമറാ സമ്മേളനം മര്‍കസ് നോളജ് സിറ്റിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ടിന് വേണ്ടിയുള്ള വീറും വാശിയും മഹല്ല് കൈകാര്യങ്ങിലേക്ക് കടന്നു വരുന്നത് ഒരിക്കലും അനുവദിച്ചു കൂടായെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ഥികളിലും മറ്റും കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും വ്യാപനം അധികമായി കൊണ്ടിരിക്കുകയാണ്. നാട്ടിലെ ഉമറാക്കള്‍ (പൗരപ്രമുഖര്‍) ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
നാട്ടില്‍ വ്യാപിക്കുന്ന വിവിധ തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ ഉത്കണ്ഠാജനകമാണ്. ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം എല്ലാവരും പ്രാര്‍ഥനാനിരതരാവണമെന്നും കാന്തപുരം പറഞ്ഞു.

ഗ്രാമീണ തലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ കൂടുതല്‍ ശക്തിപ്പെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉമറാസമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. വീക്ഷണ വ്യത്യാസങ്ങള്‍ സര്‍ഗാത്മകമാകണം.
വൈവിധ്യങ്ങളെ പരസ്പരം വിശകലനം ചെയ്യാം. അത് വെറുപ്പിലേക്കെത്താന്‍ പാടില്ല. മതവീക്ഷണങ്ങളേയും വൈജാത്യങ്ങളേയും പരസ്പരം അടിച്ചേല്‍പ്പിക്കരുതെന്നും പ്രമേയം അഭ്യര്‍ഥിച്ചു.

സൗഹൃദം സാധ്യമാണ് എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലയിലെ അറുനൂറോളം യൂനിറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികളാണ് സംബന്ധിച്ചത്. ഖുര്‍ആന്‍ വെളിച്ചം, ബഹുസ്വര ഇന്ത്യയില്‍ മുസ്ലിം ജീവിതം, മഹല്ലുകള്‍ കര്‍മ ഭൂമിക, ഉമറാ ദൗത്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

മര്‍കസ് നോളജ് സിറ്റിയിലെ ഹുദൈബിയ്യയില്‍ രാവിലെ സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം പതാക ഉയര്‍ത്തി.
സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മജീദ് കക്കാട്, സയ്യിദ് ത്വാഹാ തങ്ങള്‍, സി പി സൈതലവി ചെങ്ങര സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: