Sunday, 19 April 2020

'റമസാന്‍ ആത്മവിചാരത്തിന്റെ കാലം'; ക്യാമ്പയിന്‍ 21ന് ആരംഭിക്കും

കോഴിക്കോട് : 'റമസാന്‍ ആത്മ വിചാരത്തിന്റെ കാലം' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിന്‍ ഈ മാസം 21ന് ആരംഭിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിക്കുക. റമസാനില്‍ ദിനേന എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി യൂനിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പതിനഞ്ച് ലക്ഷം കുടുംബങ്ങളില്‍ അന്വേഷണം നടത്തി ലോക്ക്ഡൗണ്‍ കാലത്തെ പ്രയാസങ്ങള്‍ വിലയിരുത്തി പരിഹാരം കണ്ടെത്തും. ഒറ്റക്ക് താമസിക്കുന്നവര്‍, പ്രവാസി കുടുംബങ്ങള്‍, നിത്യരോഗികള്‍ മുതലായവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന റമസാന്‍ കിറ്റ് വിതരണം ഈ കുടുംബങ്ങള്‍ക്ക് ആശ്വാസമേകും.

കൊറോണക്കാലത്ത് മരുന്ന് വിതരണം, കിറ്റ് വിതരണം, സഹായധന വിതരണം മുതലായവ പ്രസ്ഥാന കുടുംബം ഒരുമിച്ച് എസ് വൈ എസ് സാന്ത്വനം വഴിയാണ് നടത്തുന്നത്. വിശുദ്ധ റമസാനില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ തറാവീഹ് നിസ്‌കാരവും മറ്റ് ജമാഅത്തുകളും സ്വന്തം വീടുകളില്‍ തന്നെയാണ് നടക്കുക.

ആത്മസംസ്‌കരണത്തിന്റെ ഭാഗമായി മഹ്ളറതുല്‍ ബദ്രിയ്യ, ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത് എന്നിവ വ്യാപകമാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്ത് പരിശീലിക്കാന്‍ മീഡിയ മിഷന്‍ ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഫീരിഹാബില്‍ ഖുര്‍ആന്‍ പഠന ക്ലാസ് എല്ലാ കുടുംബങ്ങളിലും എത്തിക്കും. റമസാനിലെ സവിശേഷ ദിനങ്ങളില്‍ കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ പ്രധാന പ്രോഗ്രാമുകള്‍ നടക്കും.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ യൂനിറ്റുകളിലും മാസ്‌കുകള്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും പാലിക്കാനും പള്ളികളിലടക്കം എല്ലാ ഒത്തു ചേരലുകളും ഒഴിവാക്കാനും പ്രവര്‍ത്തകരോട് ആവശ്യപ്പെടും.

പട്ടുവം കെ പി അബൂബക്കര്‍ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തക സമിതി യോഗം ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയമവതരിപ്പിച്ചു. അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ സൈഫുദ്ദീന്‍ ഹാജി, എന്‍ അലി അബ്ദുല്ല, വി എം കോയ മാസ്റ്റര്‍, സയ്യിദ് ത്വാഹ സഖാഫി, കെ മജീദ് കക്കാട്, എ മുഹമ്മദ് പറവൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാമിദ് മാസ്റ്റര്‍, ജി അബൂബക്കര്‍, മജീദ് ഹാജി നീലഗിരി, പനാമ മുസ്തഫ ഹാജി, അശ്റഫ് ഹാജി അലങ്കാര്‍, അഡ്വ. പി യു അലി, വി എച്ച് അലി ദാരിമി, ഡോ. ഇല്യാസ് കുട്ടി, മജീദ് തലപ്പുഴ, മുസ്തഫ കോഡൂര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ടി കെ അബ്ദുല്‍ കരീം സഖാഫി ഇടുക്കി, റഫീഖ് അഹമ്മദ് സഖാഫി കോട്ടയം, എസ് നസീര്‍ ആലപ്പുഴ, അബ്ദുര്‍റഹ്മാന്‍ സഖാഫി ഊരകം, ഇ വി അബ്ദുര്‍റഹ്മാന്‍ ഹാജി, സി കെ റാഷിദ് ബുഖാരി, ഇ യഅ്ഖൂബ് ഫൈസി, സിയാദ് കളിയിക്കാവിള സംബന്ധിച്ചു. പ്രൊഫ. യുസി അബ്ദുല്‍ മജീദ്, സി പി സെയ്തലവി ചെങ്ങര സംസാരിച്ചു.


SHARE THIS

Author:

0 التعليقات: