Thursday, 30 April 2020

നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു




മുംബൈ:  ഇര്‍ഫാന്‍ ഖാന് പിന്നാലെ ബോളിവുഡിനെ ദുഃഖത്തിലഴ്ത്തി മറ്റൊരു മരണം കൂടി. മുതിര്‍ന്ന നടനും സംവിധായകനുമായ ഋഷി കപൂര്‍ (67) അന്തരിച്ചു. ഇര്‍ഫാന്‍ ഖാന്റേത് പോലെ ക്യാന്‍സര്‍ രോഗം തന്നെയാണ് ഋഷി കപൂറിന്റേയും ജീവനെടുത്തത്. ഇന്നലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മരിച്ചത്.

ഒരു വര്‍ഷത്തോളം യു എസില്‍ ക്യാന്‍സര്‍ ചികിത്സക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിരന്തരം രോഗം അലട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ന് മരണമുണ്ടായത്.

പ്രമുഖ നടന്‍ രണ്‍ബീര്‍ കപൂര്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനാണ്. ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ 'ദി ഇന്റേണ്‍' ന്റെ റീമേക്കാണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നത്.


SHARE THIS

Author:

0 التعليقات: