Saturday, 18 April 2020

തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റ സംഭവം; വേദന മാറാതെ നെല്ലിക്കട്ട : സാന്ത്വനമായി എസ് വൈ എസ്

കാസര്‍കോട്: കഴിഞ്ഞ ദിവസം ചെങ്കള നെല്ലിക്കട്ടയിലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും അതില്‍ ഒരു പെണ്‍കുട്ടി കോഴിക്കോട് വെച്ച് മരണപ്പെടുകയും ചെയ്ത വേദനയിലാണ് നെല്ലിക്കട്ട പ്രദേശം. രണ്ട് ആണ്‍ കുട്ടികള്‍ ഇപ്പോഴും കോഴിക്കോട് സ്വകാര്യ ആശുപ്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കുടുംബത്തിന് താങ്ങാനിപ്പുറമുള്ള വേദനകള്‍ക്കിടയിലും ആശ്വാസമായി കേരള സര്‍ക്കാറിന്റെ സഹായ വാഗ്ദാനം. കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. എസ് വൈ എസ് സാന്ത്വനമടക്കമുള്ള നേതാക്കളുടെ അവസരോചിത ഇടപെടലാണ് സര്‍ക്കാര്‍ സഹായം വേഗത്തിലാക്കിയത്. 

വ്യാഴാഴ്ച കുട്ടികള്‍ക്ക് പൊള്ളലേറ്റ് കുടുംബക്കാര്‍ പകച്ച് നിന്ന സമത്ത് കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ നെല്ലിക്കട്ടയാണ് സ്വന്തം വാഹനത്തില്‍ ചെങ്കളയിലെ സഹകരണാശുപത്രിയിലെത്തിക്കുന്നത്. അവിടെ നിന്നും വിവിധ ഏജന്‍സികളുടെ ആംബുലന്‍സുകളിലായി പരിയാരത്തേക്ക്. 

രാത്രി പരിയാരം മെഡിക്കല്‍ കോളേജിലെത്തിയ സ്തീകളടക്കമുള്ള കുടംബത്തിന് എല്ലാ സഹായങ്ങളും ഒരുക്കിയത് സാന്ത്വനം വളണ്ടിയറായ കാസര്‍കോട് ബള്ളൂര്‍ സ്വദേശിയായ ഫാറുഖാണ്. (മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ എസ് എസ് എഫ് ഫിനാന്‍സ് സെക്രട്ടറി). 

സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റാനും സാന്ത്വനം പ്രവര്‍ത്തകര്‍ സഹായം ചെയ്ത് കൊടുത്തു. കോഴിക്കോട് ആശുപത്രിയിലെത്തുമ്പോഴും സാന്ത്വനം പ്രവര്‍ത്തകര്‍ സേവന സജ്ജരായി രംഗത്തുണ്ടായിരുന്നു. ഇതിനിടെ പൊള്ളലേറ്റ പെണ്‍കുഞ്ഞ് മരണപ്പെട്ടത് എല്ലാവരുടെയും വേദനയായി. മയ്യിത്ത് അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിന് ആമ്പുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനും പ്രവര്‍ത്തകരുണ്ടായിരുന്നു.
നെല്ലിക്കട്ടയിലെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയാണ് സാന്ത്വനം.


SHARE THIS

Author:

0 التعليقات: