Tuesday, 21 April 2020

ഇരിയണ്ണിയിലെ വിശാലാക്ഷി നായര്‍ക്ക് ഗോവയില്‍നിന്ന് മരുന്നെത്തി; മാതൃകയായി എസ് വൈ എസ് സാന്ത്വനം

കാസര്‍കോട് ബോവിക്കാനം ഇരിയണ്ണിയിലെ വിശാലാക്ഷി നായര്‍ക്ക് ഹൃദ്രോഗത്തിനുള്ള ജീവന്‍ രക്ഷാ മരുന്ന് ഗോവയില്‍നിന്ന് എത്തിച്ചേര്‍ന്നത് സാഹസികമായി. ട്രക്ക് ഡ്രൈവര്‍ മുതല്‍ നിരവധി സാമൂഹികപ്രവര്‍ത്തകരുടെ കൈകളിലൂടെ മണിക്കൂറുകള്‍ക്കകം വീട്ടിലേക്ക് മരുന്നെത്തിച്ച് കാസര്‍കോട് ജില്ലാ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ വീണ്ടും മാതൃകയായി.
15 വര്‍ഷമായി ഗോവയിലെ പ്രമുഖ ഡോക്ടറുടെ ചികിത്സയിലാണ് വിശാലാക്ഷി നായര്‍. കാസര്‍കോട്ടോ കാഞ്ഞങ്ങാട്ടോ മരുന്ന് കിട്ടാനില്ല. രണ്ടു മാസത്തേക്ക് ഗോവയില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് തീര്‍ന്നതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച വിശാലാക്ഷിയുടെ കുടുംബത്തിന് ബോവിക്കാനത്ത് മെഡിക്കല്‍ ഷോപ്പുള്ള ബന്ധുവഴിയാണ് എസ് വൈ എസ് ജില്ലാ സാന്ത്വനം ഹെല്‍പ്പ് ഡെസ്‌കിന്റെ നമ്പര്‍ കിട്ടുന്നത്. ബന്ധപ്പെട്ടപ്പോള്‍ പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുക്കുകയും മണിക്കൂറുകള്‍ക്കകം മരുന്ന് വീട്ടിലെത്തിക്കുകയും ചെയ്തു. 

ഏറെ കടമ്പകള്‍ കടക്കേണ്ടിവന്നു എസ് വൈ എസ് പ്രവര്‍ത്തകര്‍ക്ക് മരുന്ന് കൊണ്ടുവരാന്‍. അവിടെയുള്ള സുഹൃത്ത് വഴി മരുന്ന് വാങ്ങി ട്രക്ക് ഡ്രൈവര്‍കൈമാറി മംഗലാപുരത്ത് എത്തി. അവിടെ നിന്ന് ഉള്ളാള്‍ ഡിവിഷന്‍ എസ് എസ് എഫ് ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ ഹക്കീം തലപ്പാടിയിലെത്തിച്ചു. ജില്ലാ സാന്ത്വനം സെക്രട്ടറിമാരായ സിദ്ദീഖ് സഖാഫിയും ശാഫി സഅദിയും സാന്ത്വം വളണ്ടറായ ഹസന്‍ അഹസനിയും ചേര്‍ന്ന് സ്വീകരിച്ച് കുമ്പളയിലെത്തിക്കുകയും സാന്ത്വനം ഹെല്‍പ്പ് ഡെസ്‌കിലെ മുഴു സമയ വളണ്ടിയറായ സിറാജ് കോട്ടക്കുന്നും എസ് വൈ എസ് പ്രവര്‍ത്തകനായ അസ്ഹര്‍ പെരിയടുക്കയും ബൈക്കില്‍ കൃത്യമായി വീട്ടിലേക്ക് മരുന്നെത്തിക്കുകയും ചെയ്തു.
മരുന്ന് സ്വീകരിച്ച വിശാലാക്ഷി നായരുടെ ഭര്‍ത്താവ് രാഘവന്‍ നായര്‍ സാന്ത്വനം പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു.
ലോക് ഡൗണ്‍ തുടങ്ങിയതുമുതല്‍ 500ലേറെ രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നെത്തിച്ച് വിസ്മയമാവുകയാണ് എസ് വൈ എസ് ജില്ലാ സാന്ത്വനം.


SHARE THIS

Author:

0 التعليقات: