Wednesday, 22 April 2020

സാന്ത്വനം ഉണ്ടല്ലോ പിന്നെ എന്തിന് ഇത്ര ദൂരം നിങ്ങള്‍ സഞ്ചരിക്കണം

കൊടുങ്ങല്ലൂര്‍: എസ് വൈ എസ് സാന്ത്വനം കൊടുങ്ങല്ലൂര്‍ ഹെല്‍പ്പ് ഡെസ്‌കിലേക്ക് കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്‌പെക്ടറുടെ ഫോണ്‍കോള്‍ രാവിലെ 11.30നാണ് എത്തുന്നത്. ഹൃദയ രോഗിക്കുള്ള മരുന്ന് ഉടനെ കണ്ടശാംകടവില്‍ എത്തിക്കണമെന്ന് പറഞ്ഞായിരുന്നു വിളിച്ചത്.  ഉടന്‍ തന്നെ സാന്ത്വനം വളണ്ടിയര്‍മാര്‍ സ്റ്റേഷനിലെത്തി മരുന്നു കൈപറ്റി. എറണാകുളം മരടില്‍ നിന്ന് മരുന്നുമായി  വരുന്ന കുടുംബത്തെ എറണാകുളം- തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ മൂത്തുകുന്നത്ത് തടഞ്ഞു നിര്‍ത്തിയാണ് പോലീസ് മരുന്ന് സാന്ത്വനം പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. സാന്ത്വനം ഉണ്ടല്ലോ പിന്നെ എന്തിന് നിങ്ങള്‍ എത്ര ദൂരം സഞ്ചരിക്കണം എന്നായിരുന്നു എസ് ഐ മരുന്ന് കൊണ്ട് കൊടുക്കാന്‍ ജില്ലാ അതിര്‍ത്തിയില്‍ എത്തിയ കുടുംബക്കാരോട് ചോദിച്ചത്. 
മരുന്ന് കൈപ്പറ്റിയ ഉടന്‍ തന്നെ സാന്ത്വനം പ്രവര്‍ത്തകര്‍ മരുന്നുമായി കണ്ടശ്ശാങ്കടവ് എത്തി. പ്രതീക്ഷിച്ചതിലും നേരത്തെ മരുന്ന് എത്തിയതിന്റെ  നിര്‍വൃതിയിലാണ് വീട്ടുകാര്‍. 
        
തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ മലപ്പുറം സ്വദേശിക്കും തുണയായത്  സാന്ത്വനം പ്രവര്‍ത്തകരാണ്. യാത്ര ചെയ്യാനുള്ള എല്ലാ അനുമതിയും ഉണ്ടായിട്ടും വാഹന സൗകര്യം ഇല്ലാത്തതിനാല്‍ തിരുവനന്തപുരത്ത് തന്നെ കഴിയുകയായിരുന്നു യുവാവ്. അങ്ങനെയാണ് സാന്ത്വനം പ്രവര്‍ത്തകരെ സമീപിക്കുന്നത്. സംസ്ഥാനവ്യാപകമായ സാന്ത്വനം ശൃംഖലയിലൂടെ മരുന്നുകള്‍ എത്തിക്കുന്നതോടൊപ്പം അദ്ദേഹത്തെയും കൈമാറിയാണ് സ്വദേശമായ താനൂരില്‍ എത്തിച്ചത്.  
    
തൃശ്ശൂര്‍ ജില്ലയിലെ മതിലകത്ത് നാല് പെണ്‍മക്കളുള്ള ഷനിലക്ക് മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ടിയപ്പോഴും സാന്ത്വനമായത്  എസ് വൈ എസ് പ്രവര്‍ത്തകരാണ്. വിവരം ലഭിച്ച ഉടന്‍ തന്നെ ഒരു മാസത്തേക്കുള്ള മരുന്നിന്റെ പണം ഏല്‍പ്പിച്ചാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം ഈരേഴുത്ത് സഗീറിന്റെ സങ്കടം ഒപ്പിയതും സാന്ത്വനം പ്രവര്‍ത്തകരാണ്. നിരന്തരമായ ഡയാലിസ് മൂലം സാമ്പത്തിക  പരാധീനതയിലായ സഗീരിന്റെ ദുരിതം അറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായം നല്‍കി. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ തന്നെ എസ് വൈ എസ് സാന്ത്വനം സജീവമായി രംഗത്തുണ്ട്. മരുന്ന് എത്തിച്ചുകൊടുക്കുക, സാമ്പത്തിക സഹായം നല്‍കുക,ആവശ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് സാന്ത്വനം നടത്തുന്നത്. കഴിഞ്ഞദിവസം പൂനെയില്‍  നിന്നും കൊല്ലത്തേക്ക് പത്ത് വയസ്‌ക്കാരന് രക്താര്‍ബുധത്തിന്റെ  മരുന്ന് എത്തിച്ചതിന്റെ  പിന്നിലും സാന്ത്വനം പ്രവര്‍ത്തകരാണ്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ താമസിക്കാനുള്ള സൗകര്യവും എസ് വൈ എസ് സാന്ത്വനം  ഒരുക്കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: