Thursday, 7 May 2020

ശൈഖുനാ പൊസോട്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ നോമ്പ് കാലം

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

 'ബാപ്പുമോന്‍ തങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്ന സയ്യിദ് അഹമ്മദ് ബുഖാരിയാണ് എന്റെ(പൊസോട്ട് തങ്ങളുടെ) പിതാവ്. വാപ്പാന്റെ മൂത്ത മകനാണ് ഞാന്‍. ആത്മീയ ശിക്ഷണത്തിലായിരുന്നു കുട്ടിക്കാലത്ത് വാപ്പ വളര്‍ത്തിയത്. പ്രത്യേകിച്ചും റമളാനില്‍.
കടലുണ്ടിയിലെ വീട്ടിലാണ് താമസം. റമളാനായാല്‍ വാപ്പയുടെ താമസം കരുവന്‍തിരുത്തിയിലാകും. കരുവന്‍തിരുത്തിയില്‍ പഴയ ജുമുഅത്ത് പള്ളിയിലെ ഇമാമാണ് വാപ്പ. വാപ്പയുടെ ഉമ്മയും ഉപ്പയും താമസിക്കുന്നതും കരുവന്‍തിരുത്തിയിലാണ്. പ്രത്യേക ചിട്ട തന്ന ഞങ്ങളില്‍ വാപ്പ ഏര്‍പ്പെടുത്തി. ഞാനും അനുജന്‍ ഖലീല്‍ തങ്ങളും വാപ്പയോടൊന്നിച്ചുണ്ടാകും. രാവിലെ പതിനൊന്ന് മണിക്കുതന്നെ ഞങ്ങള്‍ രണ്ടുപേരും പള്ളിയില്‍ എത്തിയിരിക്കണം. അസര്‍ വരെ പള്ളിയിലുണ്ടാവലും നിര്‍ബന്ധമാണ്. ദിവസം അഞ്ചു ജുസുഅ് ഖുര്‍ആന്‍ പാരായണം ചെയ്യും. തൊട്ടടുത്തുതന്നെ വാപ്പ ഉള്ളതുകൊണ്ട് ശ്രദ്ധയോടെയാണ് ഓതുക. അഞ്ച് വഖ്ത് ജമാഅത്തായി തന്നെ നിസ്‌കരിക്കും. പുലര്‍ച്ചെ, മൂന്നു മണിക്കാണ് അത്താഴം കഴിക്കുന്നത്. അത്താഴം കഴിഞ്ഞാല്‍ വാപ്പയുടെ കൂടെ പള്ളിയില്‍പോകും. തഹജ്ജുദ് നിസ്‌കരിച്ച് ഖുര്‍ആന്‍ ഓതും. ഏകദേശം എട്ടു വയസ് പ്രായമുള്ളപ്പോള്‍തന്നെ റമളാനിലെ ജീവിതരീതി ഇങ്ങനെയായിരുന്നു.
ഒരുദിവസം വാപ്പയോട് ഞാന്‍ ചോദിച്ചു.' നിങ്ങള്‍ ഖാളിയായ പള്ളിയാണ് കടലുണ്ടി പള്ളി. റമളാനില്‍ ഇവിടെത്തന്നെ നിന്നുകൂടെ...'
വാപ്പ പറഞ്ഞു: ' മോനേ, റമളാനില്‍ ഒരു പള്ളിവേണം. കൃത്യമായി ഇബാദത്ത് ചെയ്യണമെങ്കില്‍ ഇത് കൂടിയേ തീരൂ. ഒരു ഉത്തരവാദിത്വമുണ്ടെങ്കിലാണ് നമുക്ക് മനസിനെ കീഴ്പ്പെടുത്താന്‍ സാധിക്കുന്നത്. ഇല്ലെങ്കില്‍ അലസതയില്‍ ആരാധനയില്‍ മടിപിടിച്ച് നില്‍ക്കേണ്ടിവരും. അതുകൊണ്ടാണ് ഞാന്‍ പള്ളി ഏറ്റെടുക്കുന്നത്. കരുവന്‍തിരുത്തിയില്‍ തന്നെയാകാന്‍ കാരണം. എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടുകിടക്കുന്നത് അവിടെയാണ്. എല്ലാ ദിവസവും അവരെ സിയാറത്ത് ചെയ്യണമെങ്കില്‍ അവിടെത്തന്നെ നില്‍ക്കണം...'
പിന്നീട് എനിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. കുടുംബ ജീവിതത്തിനേക്കാള്‍ വലുതാണ് ഇബാദത്ത്. പിതാവിന്റെ കാലശേഷം ആ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു. ദര്‍സ് മഞ്ചേശ്വരത്തായതിനാലും റമളാനില്‍ ഉംറക്കും മറ്റും പോകേണ്ടിവരുമ്പോഴും അനുജന്‍ സയ്യിദ് ഇസ്മാഈല്‍ അഹ്മദ് ബുഖാരി  തങ്ങള്‍ക്ക് ഏല്‍പിച്ചു. 
കുട്ടിക്കാലത്തെ റമളാനിലെ നോമ്പും തറാവീഹും മുടക്കാതെ തന്നെ നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ് ഞാന്‍. അനുജന്മാരെല്ലാം ഇങ്ങനെത്തന്നെയാണ്. കുടുംബക്കാരോടൊന്നിച്ച് നോമ്പുതുറക്കുന്ന രംഗം മനസ്സിന് കുളിരേകുന്നു.
പിതാവിനൊപ്പമുള്ള റംസാന്‍ ജീവിതം കരുത്ത് തെളിയിക്കാനും വ്യക്തിത്വ വികസനത്തിനും കാരണമായിട്ടുണ്ട്.
ഒരു റമളാനില്‍ തറാവീഹ് കഴിഞ്ഞ് വാപ്പ എണീറ്റുനിന്ന് പറഞ്ഞു: ' നാളെ മുതല്‍ മകന്‍ പത്ത് മിനുട്ട് നിങ്ങളോട് വഅള് പറഞ്ഞുതരും. എല്ലാവരും ഇരിക്കണം. പഠിക്കാന്‍ വേണ്ടിയാണത്...' 
ഞാനാകെ വിയര്‍ത്തു. ഒരു മുന്നറിയിപ്പും കൂടാതെയാണ് വാപ്പ പറഞ്ഞത്. എനിക്കാണെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ എണീറ്റ് നിന്ന് സംസാരിച്ച് പരിചയം ഇല്ല. അവതരണ രീതിയോ, ശൈലിയോ അറിയില്ല. പ്രസംഗിച്ചില്ലെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ വാപ്പാനെ വഷളാക്കിയ പേരുദോഷം കൂടി  കേള്‍ക്കേണ്ടിവരും. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചു. വരുന്നതുവരട്ടെ എന്ന മട്ടില്‍ പിറ്റേദിവസം തറാവീഹിനു ശേഷം  പ്രസംഗിച്ചു.ജീവിതത്തിലെ ആദ്യ അനുഭവമായതിനാല്‍ വിയര്‍ത്തെങ്കിലും മനക്കരുത്ത് ആര്‍ജിക്കാന്‍ സാധിച്ചു. പിന്നീട് പലപ്പോഴായി വാപ്പ പ്രസംഗിക്കാന്‍ ക്ഷണിക്കും. അങ്ങനെയാണ്  വഅ്ള് പറയാന്‍ പഠിച്ചത്.വ്യക്തി ജീവിതത്തില്‍ ആവശ്യമായതെല്ലാം വാപ്പ തന്നെ പഠിപ്പിച്ചുതരുമായിരുന്നു.
പിന്നീട് ബാഖിയാത്തില്‍ നിന്നിറങ്ങിയ ശേഷവും കടലുണ്ടി പള്ളിയില്‍ റമളാനില്‍ മുപ്പതുദിവസം മസ്അല ക്ലാസെടുക്കുമായിരുന്നു. ഒരു പിതാവില്‍നിന്നും മക്കള്‍ക്ക് ലഭിക്കേണ്ട എല്ലാം എനിക്കും എന്റെ സഹോദരന്മാര്‍ക്കും ലഭിച്ചിട്ടുണ്ട്.
പിതാവില്‍ നിന്ന് ലഭിച്ച അറിവനുഭവങ്ങള്‍ സ്വകുടുംബത്തിനും 
പൊസോട്ട് തങ്ങള്‍ പഠിപ്പിച്ചു കൊടുത്തു .തന്റെ കുടുംബത്തെ സംസ്‌കരിച്ച ഓര്‍മകള്‍ മകന്‍ സയ്യിദ് ശഹീര്‍ തങ്ങള്‍പങ്കുവെക്കുന്നത് ശ്രദ്ധേയമാണ്.
വീട്ടുകാരോടും റമളാനില്‍ ഇബാദത്ത് വര്‍ദ്ധിപ്പിക്കാനും ദിവസം അഞ്ച് ജുസ്യെങ്കിലും ഖുര്‍ആന്‍  ഓതാന്‍ പറയും.ഖുര്‍ആനോത്തിനെ കുറിച്ച് ഇടയ്ക്കിടെ അന്വേഷിക്കും.പള്ളിയില്‍ കിതാബ് മുതാല ചെയ്യാനും സമയം കണ്ടെത്തും.ഖുര്‍ആനോത്തും മറ്റ് ദിഖ്ര്‍ ഔറാദുകള്‍ കഴിഞ്ഞാല്‍ കിതാബ് നോക്കലാണ് പതിവ്.ഇല്‍മ് പഠിക്കാനും പഠിപ്പിക്കാനും വാപ്പാക്ക് വലിയ താല്‍പര്യമായിരുന്നു.ചാലിയം ജുമുഅത്ത് പള്ളിയിലും മിസ്ബാഹ് പള്ളിയിലും റമളാനില്‍ ളുഹ്ര്‍ നിസ്‌കാരം കഴിഞ്ഞാല്‍ വാപ്പാന്റെ കര്‍മ്മശാസ്ത്ര ക്ലാസ്സുണ്ടാകും.സ്ത്രീകളും ക്ലാസ്സ് കേള്‍ക്കാന്‍ വന്നിരുന്നു.ഗഹനമായ വിഷയങ്ങള്‍ ആഴത്തിലിറങ്ങിയ പിതാവിന്റെ അവതരണം നാട്ടുകാര്‍ക്കും സ്രോതാക്കള്‍ക്കുമെല്ലാം പെരുത്ത് ഇഷ്ടമായിരുന്നു.ചിലപ്പോള്‍ ക്ലാസ്സ് അസര്‍ നിസ്‌കാരം വരെ നീളും.സംശയ നിവാരണം ഉണ്ടായതിനാല്‍ ജനങ്ങള്‍ക്ക് ക്ലാസ്സിന് നല്ല താല്‍പര്യമായിരുന്നു.റമളാന്‍ മുഴുവനും ക്ലാസ്സ് തുടരും.
 റമളാനിന്റെ പിറവിയറിഞ്ഞാല്‍ വീട്ടുകാരെ വിളിച്ച് സൂറത്തുല്‍ ഫത്ഹ് ഓതാന്‍ പറയും(ഖുര്‍ആനിലെ 48ാം അധ്യായം).വല്യുപ്പ അഹ്മദുല്‍ ബുഖാരി തങ്ങള്‍ മക്കളോടും കുടുംബക്കാരോടും സൂറത്ത് ഫത്ഹ് ഓതാന്‍ പറഞ്ഞിരുന്നു.

 കുട്ടിക്കാലത്ത് വാപ്പയാണ് നോമ്പിന്റെ നിയ്യത്ത് ചൊല്ലിത്തരാറ്.റമളാനിനെ കുറിച്ചും നോമ്പിന്റെ പ്രതിഫലത്തെ കുറിച്ചും പറഞ്ഞുതരും.വീട്ടുകാരെ ഒന്നിച്ചിരുത്തി ഹൃദയ സംസ്‌കരണത്തിന്റെ വിഷയങ്ങള്‍ പറഞ്ഞു തരും.ദിഖ്ര്‍ സ്വലാത്തിനുള്ള പ്രത്യേക ഇജാസത്തും കുടുംബക്കാര്‍ക്കെല്ലാം നല്‍കാറുണ്ട്.വീട്ടുകാരോട് എല്ലാ നിസ്‌കാരവും ജമാഅത്തായി നിസ്‌കരിക്കാന്‍ പറയും.തറാവീഹ് നിസ്‌കാരം നിര്‍ബന്ധിപ്പിക്കും.ചിലപ്പോള്‍ ഉപ്പ ഇമാമായി നില്‍ക്കും.റമളാനിലെ രാത്രികളില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കും.റമളാന്‍ വിപുലമായി ബദ്ര്‍ മൗലിദും നോമ്പ് തുറയും ഉണ്ടാകും.കുടുംബക്കാരും ബന്ധുക്കളുമെല്ലാം പങ്കെടുക്കും.സ്വാദിഷ്ഠമായ ഭക്ഷണവുമുണ്ടാകും.റമളാനില്‍ ദാനധര്‍മ്മം വര്‍ദ്ധിപ്പിക്കും.റമളാനില്‍ നല്‍കാനായി നിശ്ചിത സംഖ്യ മാറ്റിവെക്കുന്ന പതിവ് പിതാവിനുണ്ടായിരുന്നു.റമളാനിലും മറ്റ് മസങ്ങളിലും ഒരാളെയും തിരിച്ചയക്കുന്ന പതിവില്ല.ആരെയും തിരിച്ചയക്കരുതെന്ന് വീട്ടുകാരോട് പ്രത്യേകം പറയും.വീടുകള്‍ കയറിയിറങ്ങി ചെറുകച്ചവടം നടത്തി ജീവിക്കുന്നവര്‍ സാധനങ്ങളുമായി വീട്ടില്‍ വന്നാല്‍ അവരോട് എന്തെങ്കിലും വാങ്ങും.വീട്ടുകാരോട് വാങ്ങാന്‍ പറയും.വീട്ടില്‍ ആവശ്യമില്ലാത്തതാണെങ്കിലും വാങ്ങിച്ച് അവരെ സന്തോഷിപ്പിക്കും.ഈ കച്ചവടമാണ് അവരുടെ ഉപജീവന മാര്‍ഗം.നമ്മള്‍ എന്തെങ്കിലും വാങ്ങിയാലല്ലേ അവര്‍ക്ക് ജീവിക്കാന്‍ പറ്റുക.അതായിരുന്നു വാപ്പാന്റെ ഉപദേശം.
 നോമ്പ് തുറ കഴിഞ്ഞാലുടന്‍ നിസ്‌കരിക്കുകയും പിന്നീട് ഭക്ഷണം കഴിക്കുന്ന ശൈലിയുമാണ് വാപ്പക്കുണ്ടായിരുന്നത്.മിതമായ ഭക്ഷണമാണ് കഴിക്കാറ്.എവിടെയെങ്കിലും നോമ്പ് തുറക്കു പോയാല്‍ വീട്ടുകാരെ സന്തോഷിപ്പിക്കും.അവരുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കും കഴിക്കുക. തറവാടു വീട്ടില്‍ എല്ലാവര്‍ഷവും നോമ്പ് തുറയുണ്ടാകും. കുടംബക്കാരെല്ലാം അവിടെയുണ്ടാകും.വല്യുമ്മയുടെ(വാപ്പാന്റെുമ്മ)സാന്നിധ്യത്തില്‍ വാപ്പയുടെ നേതൃത്വത്തിലായി എല്ലാവരും ഇരുന്ന് കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

 പെരുന്നാളിന് വാപ്പയാണ് കടലുണ്ടി പള്ളിയില്‍ ഖുതുബ നിര്‍വഹിക്കാറ്.ഖുതുബ കഴിഞ്ഞാല്‍ പ്രസംഗമുണ്ടാകും.പിന്നെ കൂട്ടമായ് ഖബര്‍ സിയാറത്തിന് പോകും.എല്ലാവരോടും അവരവരുടെ കുടുംബക്കാരുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ നിര്‍ദ്ധേശിക്കും. മക്കള്‍ക്കും പേരമക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പെരുന്നാള്‍ പൈസയും കൊടുക്കും.
 അവസാന റമളാന്‍ മുഴുവനായും മക്കയിലും മദീനയിലും കൂടാനായിരുന്നു ഉപ്പയുടെ ആഗ്രഹം. എല്ലാവരും ഉംറക്ക് പോയതാണ്.മുഴു സമയം അവിടെ കഴിയാനായിരുന്നു ആഗ്രഹമെങ്കിലും റമളാന്‍ ഇരുപത്തിയൊന്നാം രാവില്‍ മള്ഹറില്‍ നടന്ന പ്രാര്‍ത്ഥന സദസ്സിന് വേണ്ടി വന്നതാണ്.മുമ്പ് പലതവണ ഉംറക്ക് പോയിരുന്നെങ്കിലും  ആ വര്‍ഷത്തെ റമളാനില്‍ ഹറമില്‍ ഇബാദത്തായി മാത്രം കഴിയുകയാണുണ്ടായത്.ഇബാദത്ത് കഴിഞ്ഞാല്‍ ഖുര്‍ആനോതും. കിതാബ് പാരായണം ചെയ്യും.ഞങ്ങളെയെല്ലാവരെയും വിളിച്ചിരുത്തി ഹറമിലിരുന്ന് വാപ്പാ ക്ലാസ്സെടുത്ത് തന്ന ഓര്‍മ്മ മായാതെ നില്‍ക്കുകയാണ്.ഇഖ്‌ലാസ്(ആത്മാര്‍ത്തതയെ)നെ കുറിച്ചായിരുന്നു വാപ്പയുടെ ക്ലാസ്സ്.ഇമാം ഗസാലിയുടെ ഇഹ്യാഉല്‍ ഉലൂമുദ്ധീന്‍ വായിച്ച് ഓരോ വിഷയങ്ങളും ഗൗരവമായി പറഞ്ഞുതന്നു.ജീവിത വിജയത്തിന് ആത്മാര്‍ത്തത അനിവാര്യമാണെന്ന് പിതാവ് മനസ്സിലാക്കി തന്നു.അതൊരു അവസാന ക്ലാസ്സായിരിക്കുമെന്ന് ഞങ്ങളാരും നിനച്ചില്ല


SHARE THIS

Author:

0 التعليقات: