Friday, 1 May 2020

ഓര്‍മയിലെ സമൂസ.

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

ബെള്ളൂര്‍ സ്‌കൂളിലെ ആറാം ക്ലാസ്സ് പoനത്തിന് ശേഷം  കട്ടത്തടുക്ക മുഹിമ്മാത്തിലേക്ക്  ജീവിതം പറിച്ചു നട്ടു. വിദ്യയുടെ പൂന്തോട്ടമായിരുന്നു അത്. ജ്ഞാന മധു നുകരാന്‍ ചിത്രശലഭങ്ങളെപോലെ 
വ്യത്യസ്ത ഭാഷക്കാരും ദേശക്കാരുമായ നിരവധി വിദ്യാര്‍ത്ഥികളും...
തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലാണ് എന്റെ പാര്‍പ്പിടം. 25ഓളം വിദ്യാര്‍ത്ഥികളാണ് സഹപാഠികളായി അന്നുണ്ടായിരുന്നത്.ഒരു ഉസ്താദിന് കീഴില്‍ ഓതിപ്പഠിക്കുന്ന നയന മനോഹര കാഴ്ച ആര്‍ക്കും കുളിര്‍മയേകും...
കാമ്പസിലെ മറ്റ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കെല്ലാം റമളാനില്‍ അവധിയായിരിക്കും.ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് റമളാന്‍ അവസാനത്തിലായിരിക്കും ലീവ്.
ശഅബാനിലെ ഇരുപ്പത്തി ഒമ്പതാം(29) ദിവസം ഉച്ചകഴിഞ്ഞാല്‍ കുട്ടികളെ കൂട്ടനായ് രക്ഷിതാക്കള്‍  കാമ്പസില്‍ വന്ന് തുടങ്ങും. മാറാപ്പു ചുമന്ന് ഓരോര്ത്തരായി നാട്ടില്‍ പോകാന്‍ നേരം നിറകണ്ണുകളോടെ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു വിധി.അഗതി അനാഥകളും ബോര്‍ഡിംഗ് വിദ്യാര്‍ത്ഥികളെല്ലാം സ്‌കൂള്‍ ക്ലാസ്സില്‍ നാട്ടുകഥകള്‍ പറഞ്ഞ് ഹിഫ്‌ള് വിദ്യാര്‍ത്ഥികളെ മാന്തും. പതിവ് പോലെ  ഹിഫ്‌ള് വിദ്യാര്‍ത്ഥികള്‍ മൈതാനിയില്‍ കളിക്കാനിറങ്ങുമ്പോള്‍ മറ്റുള്ളവര്‍ നാട്ടില്‍ പോകുന്ന തിരക്കിലായിരിക്കും. 
റമളാനിനോടടുത്താല്‍ പട്ടം പറപ്പിച്ച് കളിക്കലായിരുന്നു പതിവ്.സ്ഥാപന ഗ്രൗണ്ടില്‍ നിന്ന് നിരവധി പട്ടങ്ങള്‍ മാനത്തുയരുന്ന സുന്ദര കാഴ്ചകള്‍ വേറിട്ടനുഭൂതിയാണ് നല്‍കുക.എനിക്കാണെങ്കില്‍ ആദ്യ അനുഭവമാണ് അതെല്ലാം.പട്ടം ഉണ്ടാകുന്നവര്‍ക്ക് വല്ലാത്ത ഡിമാന്റായിരുന്നു അപ്പോള്‍.സഹപാഠികളില്‍ കാഞ്ഞങ്ങാട് നൗഫലും തൈക്കടപ്പുറം നിസാമുദ്ധീനുമാണ് [ബുര്‍ദാ: വേദികളിലെ നിറസാന്നിധ്യമായ ഹാഫിള് നിസാമുദ്ധീന്‍ മഹ്മൂദി] പട്ടം നിര്‍മ്മിതാക്കള്‍...മാനം മുട്ടെ പറക്കുന്ന പട്ടങ്ങള്‍ റമളാന്‍ ആഗതമാവലോടെ ചിറകൊടിഞ്ഞ് വീഴും.റമളാന്‍ അവധിയുടെ സന്തോഷാരവമായാണ് കുട്ടികള്‍ പട്ടം പറപ്പിച്ചിരുന്നത്.
റമളാന്‍ അവധിക്കായ് എല്ലാവരും നാട്ടിലേക്ക് തിരിക്കുമ്പോള്‍ മ്ലാനതയാര്‍ന്ന മുഖവുമായി ഹിഫ്‌ള് വിദ്യാര്‍ത്ഥികള്‍ ശൂന്യാകാശം നോക്കി ചിരിക്കും...
   മഗ്രിബ് നിസ്‌കാരം കഴിഞ്ഞുള്ള ക്ലാസ്സില്‍ ഹാഫിള് സലാം ഉസ്താദിന്റെ സാരോപദേശം.കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കണ്ടാല്‍ നര്‍മ്മക്കഥകളുമായാണ് ഉപദേശം തുടങ്ങാറ്. പിന്നെ റമളാനിലെ ജീവിതക്രമം പറഞ്ഞു തരും. ഒന്ന് രണ്ട് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഉസ്താദിന്റെ ഉപദേശം കഴിയുമ്പോഴേക്കും കുട്ടികളുടെ മുഖം പ്രസന്നമാകും.റമളാനിലെ സ്പഷ്യല്‍ ഭക്ഷണമോര്‍ക്കുമ്പോള്‍ മുഖത്ത് താമര വിരിയും...
റമളാന്‍ ശ്രേഷ്ഠതയെക്കുറിച്ചുള്ള ഉസ്താദിന്റെ ക്ലാസ്സ് കുഞ്ഞു ഹൃദയങ്ങളില്‍ ശിലാലിഖിതം പോലെ പതിയും. പിന്നെ റമളാന്‍ പിറക്കായി കാത്തിരിക്കും.
ഇന്നത്തെ അകം പള്ളിയാണ് അന്നത്തെ പുറം പള്ളി. ഹിഫ്‌ള് വിദ്യാര്‍ത്ഥികളും ഓഫീസ് സ്റ്റാഫും നാട്ടുകാരായ നാലഞ്ച് പേരുമാണ് തറാവീഹിന് ഉണ്ടാവുക.
നാട്ടിലെപോലെ സ്വാതന്ത്ര്യമൊന്നും അവിടെയില്ല.നിസ്‌കാരത്തില്‍ ആത്യന്ത്യം ഉണ്ടായിരിക്കണം. മുമ്പൊന്നും കേട്ടു പരിചയമില്ലാത്ത സൂറത്തുകളാണ് തറാവീഹില്‍ ഓതുന്നത്. നാട്ടില്‍ 30 മിനുറ്റ് കൊണ്ട് കഴിഞ്ഞിരുന്ന തറാവീഹ് നിസ്‌കാരം ഒരു മണിക്കൂറായിട്ടും തീരാതെ അവസ്ഥ.തലവിധിയോര്‍ത്ത് സമാധാനിക്കലല്ലാതെ വേറെ പോംവഴികളൊന്നുമില്ല...
തറാവീഹ് കഴിഞ്ഞ് റൂമിലെത്തിയാല്‍ ഉറങ്ങാന്‍ കിടക്കണം. പള്ളിയില്‍ ഉറങ്ങിയവര്‍ക്കും വികൃതി കളിച്ചവര്‍ക്കുമുള്ള ശിക്ഷ വിധിക്കലും രാത്രിയിലാണ്. കുട്ടികളെ ശ്രദ്ധിക്കാനായി ലീഡറെ നിശ്ചയിക്കും.ഹാഫിള്മജീദ് സഖാഫി പള്ളപ്പാടിയാണ് അന്നത്തെ ലീഡര്‍.ലീഡര്‍ ഉസ്താദിന് നല്‍കുന്ന പട്ടികയില്‍ പേരുണ്ടെന്നുറപ്പിച്ചാല്‍ കിടന്ന് ഉറക്കം നടിക്കും.സമയദോഷം കൊണ്ടെങ്ങാനും പെട്ടാല്‍ പിന്നെ സകറാത്തിന്റെ ഹാല്‍... റമളാനില്‍ ഇംബോസിഷനായിരിക്കും ശിക്ഷ.25 തവണ ഹദ്ദാദ് റാത്തീബ് ചൊല്ലുകയോ100 റകാഅത്ത് നിസ്‌കരിക്കുകയോ വേണം...
സുബ്ഹിക്ക് നേരത്തെ എണീക്കണം. ചേരൂര്‍ മൊയ്തുഹിമമിയുടെ കര്‍ണാനന്ദകരമായ ഖുര്‍ആന്‍ ഓത്ത് മൈക്കിലൂടെ കേള്‍ക്കുമ്പോഴായിരിക്കും ലീഡര്‍ വന്ന് വിളിക്കുന്നത്.ഹിമമിയുടെ ഖുര്‍ആന്‍ ഓത്ത് കേള്‍ക്കാനായി പലരും നേരത്തെ എണീക്കലുണ്ട്. പുതുതായി വന്ന കുട്ടികള്‍ക്ക് ജീവിതത്തില്‍ പുതുമയായതിനാല്‍ അലസത കാണിച്ചെന്ന് വരും.
4മണിക്ക് ക്യാന്റീനില്‍ കഞ്ഞി റെഡിയാകും. കഞ്ഞിയും അച്ചാറുമാണ് അത്താഴ ഭക്ഷണം. ചിലപ്പോള്‍ ഉണക്കമീന്‍ കസി കിട്ടും.
അത്താഴം കഴിഞ്ഞ്  തഹജ്ജുദ് നിസ്‌കാരത്തിനായ് നേരെ പള്ളിയിലേക്ക്. പിന്നെ സൂര്യോദയം വരെ പള്ളിയിലിരുന്ന് ഖുര്‍ആന്‍ ഓതണം.
ഖുര്‍ആന്‍ ഓത്ത് കഴിഞ്ഞാല്‍ ഉറക്കം. പത്ത് മണിക്ക് ളുഹാ നിസ്‌കാരം. അതു കഴിഞ്ഞ് വീണ്ടും ളുഹര്‍ വരെ ഖുര്‍ആന്‍ പാരായണം...
അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ ബാറ്റുംപന്തു മെടുത്ത് കളിക്കളത്തില്‍.വികൃതി മാത്രം ശീലമാക്കിയ എനിക്ക് ക്രിക്കറ്റില്‍ വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല.സമാന പ്രകൃതക്കാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ അലഞ്ഞ് നടക്കലാണ് ശീലം. ചിലപ്പോള്‍ കബഡി കളിച്ചെന്ന് വരും.
സ്ഥാപനത്തിന്റെ പിരിവിനായി രാവിലെ പോയ സംഘം വൈകുന്നേരത്തോടെ തിരിച്ചെത്തും. ജീപ്പില്‍ അരിയും തേങ്ങയുമായി ഓരോ സംഘവും വന്നു കൊണ്ടേയിരിക്കും. ജീപ്പില്‍ നിന്ന് തേങ്ങ ഇറക്കുന്നതായിരുന്നു എന്റെ പണി.തേങ്ങക്കിടയില്‍ ഇളനീരി കിട്ടിയാല്‍ രാത്രിക്കായ് മാറ്റിവെക്കും.ആ ഇളനീരായിരുന്നു റമളാനിലെ ഏക ആശ്വാസം...
മഗ്രിബ് ബാങ്കിന്റെ 15 മിനുട്ട് മുമ്പ് തസ്ബീഹ് ആരംഭിക്കണം.തസ്ബീഹിനി എത്തിയില്ലെങ്കില്‍ തറാവീഹ് കഴിഞ്ഞ് ഉസ്താദിനെ കാണേണ്ടി വരും. സുഖകരമല്ലാത്ത കൂടിക്കാഴ്ചയായിരുന്നു അത്.
റൂമിലാണ് നോമ്പ് തുറ.സര്‍വ്വത്ത്,മത്തന്‍, ആപ്പിള്‍, ഈത്തപ്പഴം,വാഴപ്പഴം ഇതെല്ലാമാണ് അന്നത്തെ സ്പഷ്യല്‍.വിഭവസമൃദ്ധങ്ങളോര്‍ത്ത് വര്‍ഷം മൊത്തം റമളാനായെങ്കില്‍ നന്നായേനെന്ന് ആഗ്രഹിച്ച് പോകും...
മഗ്രിബ് നിസ്‌കാരത്തിന് പള്ളിയില്‍ എത്തണം. നിസ്‌കാരങ്ങള്‍ക്കൊപ്പമുള്ള സുന്നത്തുകളെല്ലാം നിര്‍വഹിക്കണമെന്നതും അവിടെത്തെ ശര്‍ത്താണ്. നിസ്‌കാരം കഴിഞ്ഞാലുടന്‍ കാന്റീനിലേക്ക്.നാവൂറും സ്വാദുള്ള കോഴിക്കറിയും പൊറോട്ടയും തിന്നാനുള്ള ആക്രാന്തത്തത്തില്‍ പരിസര ബോധമില്ലാത്ത ഓട്ടമായിരിക്കും ഓരോര്ത്തന്റേത്.കാന്റീനിലേക്കുള്ള ഓട്ടത്തിനിടയില്‍ സുഹൃദ് സ്‌നേഹത്തിന് പുല്ലു വില.എല്ലാവര്‍ക്കും നഫ്‌സീ...നഫ്‌സീമാത്രം.
പള്ള നിറയെ തിന്നാന്‍ മാത്രം  തീന്‍മേശയിലുണ്ടാകും.മാംസവും മല്‍സ്യവുമെല്ലാം യഥേഷ്ടം തിന്നാന്‍ തുടങ്ങിയത് മുഹിമ്മാത്തിലെ പoനകാലത്തായിരുന്നെന്ന് ചുരുക്കം.
റമളാന്‍ 23ന് നടന്നിരുന്ന സമൂഹ നോമ്പ് തുറയില്‍ ആയിരങ്ങള്‍ സംബന്ധിക്കും.റമളാന്‍ അവധിക്ക് പോയവരെല്ലാം 23 ന് സ്ഥാപനത്തിലെ നോമ്പ് തുറക്കെത്തണം. അന്ന് വിപുലമായ രീതിയില്‍ ഇഫ്താര്‍ നടന്നിരുന്നത് മുഹിമ്മാത്തില്‍ മാത്രമായിരിക്കാം. 
സൈനുല്‍ മുഹഖ് കീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ധന്യ നേതൃത്വമായിരുന്നു ഇതിനു പിന്നില്‍.
പള്ളിയുടെ മുന്‍വശത്തുള്ള സിമന്റ് തറയിലായിരുന്നു ഇഫ്താര്‍.വിദ്യാര്‍ത്ഥികളും നാട്ടുകാരുമെല്ലാം ഒന്നിച്ചിരുന്ന് നോമ്പ് തുറക്കുന്ന ധന്യ മുഹൂര്‍ത്തം സഹായ സഹകരണത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. 
നോമ്പ് തുറ സമയത്ത് സുപ്രയില്‍ നിറയെ ഫ്രൂഡ്‌സും പലഹാരങ്ങളുണ്ടാകും.ഭക്ഷണങ്ങളായി വിവിധ ഐറ്റംസുകള്‍.നെയ്‌ച്ചോര്‍,പൊറോട്ട,ചപ്പാത്തി,പത്തിരി,ചോറ്, ബീഫ്,ചിക്കന്‍, സാമ്പാര്‍, മീന്‍ തുടങ്ങിയ വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും സുപ്ര.
കഴിച്ച് മിച്ചം വരുന്നത് കവറില്‍  സൂക്ഷിക്കും. റൂമില്‍ പോയി കിടക്കാന്‍ നേരത്തും അത്താഴ സമയത്തുമായി തിന്ന് തീര്‍ക്കും.പപ്‌സിനും സമൂസക്കും വേണ്ടി മത്സരമായിരുന്നു അന്ന്.മുഹിമ്മാത്തില്‍  നിന്നാണ് സമൂസയെ പരിചയപ്പെടുന്നത്.
ഇന്നും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രിയങ്കരനായ കൂട്ടുകാരനാണ് സമൂസ. 
ഇഫ്താര്‍ ദിവസം പള്ളി നിറയെ കുട്ടികളുണ്ടാകും. തറാവീഹ് കഴിഞ്ഞ് വസ്ത്രവിതരണം നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം  നല്‍കിയിരുന്നത് സ്ഥാപനമാണ്. ത്വാഹിര്‍ തങ്ങളുടെ കരങ്ങളില്‍ നിന്ന് വസ്ത്രം വാങ്ങുന്നത് കുട്ടികള്‍ക്ക് ഹരമാണ്. ഹിഫ്‌ള് കുട്ടികള്‍ക്ക് ജുബ്ബയും അനാഥ അഗതികള്‍ക്ക് പാന്റുസും ഷര്‍ട്ടുമാണ് നല്‍കിയിരുന്നത്.
റൂമിലെത്തിയാല്‍ ജുബ്ബയുടെ ചേല് നോക്കലായിരിക്കും പണി. പുത്തനുടുപ്പ് വാങ്ങി സന്തോഷത്തോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ പോകുമ്പോള്‍ ഞങ്ങള്‍ മുസ്ഹഫ് കൈയ്യില്‍ പിടിച്ച് ക്ലാസ്സിലേക്ക് തിരിക്കും. റമളാന്‍ 27 ന്റെ പകലിലാണ് നാട്ടില്‍ പോവുക.പെരുന്നാളിന്റെ പിറ്റേ ദിവസം തിരിച്ചു പോവുകയും വേണം...
മുഹിമ്മാത്തിലെ റമളാന്‍ ജീവിതം മനസ്സിന് ആനന്ദമേകി.


SHARE THIS

Author:

0 التعليقات: