Sunday, 10 May 2020

ഇന്ന് മെയ്10,ലോകമാതൃദിനം: ഓര്‍മയില്‍ മരിക്കാത്ത പൊന്നുമ്മ

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

 ' മുസ്ഥ നിന്‍ക്ക് പൊറം കടിക്ക്ന്ന്, അടങ്ങീറ്റ് നിന്നോ ' പൊന്നുമ്മയുടെ സ്‌നേഹമസൃണമായ താക്കീതാണിത്.കുട്ടിക്കാലത്തെ ചാപല്യങ്ങള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ ഉമ്മയുടെ താക്കീത് വലിയൊരു പുനര്‍വിചിന്തനമായിരുന്നു.ചിലപ്പോള്‍ ചുട്ട അടിയും കുത്തും കിട്ടിയെന്ന് വരും.പകലിലെ കുറ്റങ്ങള്‍ക്ക് രാത്രിയായിരിക്കും പ്രതിഫലം.സലാമത്താകാന്‍ മുമ്പില്‍ ഒരു പോംവഴിയും ഇല്ലാതെയാവുമ്പോള്‍ വിധിച്ചതെല്ലാം വാങ്ങിച്ചോളണം.അടിയുടെ ഇടിക്ക് ശക്തിയേകാന്‍ പെങ്ങളുടെ വകയില്‍ ഇല്ലാത്ത പരാതികള്‍ ഉണ്ടാക്കി പറയും.പിന്നെ പകലാവാന്‍ കണ്ണ് തുറന്ന് കാത്തിരിക്കും.സൂര്യോദയം ഉണ്ടായാല്‍ പെങ്ങളുടെ പൊറം കീറും.രാത്രി ഉമ്മയില്‍ നിന്ന് കിട്ടിയതെല്ലാം അവള്‍ക്കിട്ട് ചാമ്പും.അവളുടെ പൊറം പൊളിച്ച് പുറത്തിറങ്ങിയാല്‍ പിന്നെ രാത്രിയായിരിക്കും വീടണയുന്നത്.ചിലപ്പോള്‍ കുടുംബക്കാരുടെ വീട്ടില്‍ രാപ്പാര്‍ക്കും.
 ഉമ്മയുടെ മുഖം തെളിഞ്ഞെന്നറിഞ്ഞാല്‍ കൂസലില്ലാതെ വീട്ടില്‍ കയറാം.ഉമ്മയുടെ വാല് പോലെ എന്നും ഞങ്ങള്‍ കൂടെ ഉണ്ടാകും.ഗുരിയടുക്കയില്‍ പോകുമ്പോള്‍ ഉമ്മയുടെ ഉടുപ്പ് പിടിച്ച് തൂങ്ങും.രണ്ടെണ്ണം കിട്ടുമെങ്കിലും കൂടെ കൂട്ടും.പോകുന്ന വഴിയില്‍ കാണുന്ന പൂക്കള്‍ പറിക്കാനാണ് തിടുക്കം.കജെ മമ്മസ്ച്ചാന്റെ തോട്ടത്തില്‍ വേലി നിറയെ വൈവിധ്യങ്ങളായ പൂക്കളുണ്ടാവും.അഞ്ചാറ് കുളവും തോടും ഉള്ളതിനാല്‍ തനിച്ചയക്കാന്‍ പേടിയാണ്.ഗുരിയടുക്കം ഉമ്മയുടെ തറവാട് ആയതിനാല്‍ ഇടക്കിടെ പോവാറുണ്ട്.ബെലിയാക്ക,പക്രുഞ്ഞാക്ക,അദ്‌ളാക്ക എന്നീ കാരണവന്മാരുടെ വീട് അവിടെയായിരുന്നു.ഉമ്മാന്റെ കൊച്ചനുജനാണ് അദ്‌ളാക്ക.അബ്ദുല്ല എന്നാണ് പേര്.അവരുടെ വീട്ടു മുറ്റത്തെത്തിയാല്‍ ഞങ്ങള്‍ തടിയൂരും.പിന്നെ ഉമ്മ തനിച്ചാകും പോവുക.അദ്‌ളാക്കാന്റെ വീട്ടുമുറ്റത്താണ് കളിക്കാറ്.ബലിയാക്കാന്റെയും പക്രുഞ്ഞാക്കാന്റെയും മക്കള്‍ അവിടെ വരും.അബ്ദുറഹ്മാന്‍,ഫക്രുദ്ധീന്‍ എന്നാണ് അവരിരുവരുടെയും പേര്.ഉബ്ബിയും പാച്ചയുമാണ് അവിടെന്ന് കളിക്കാന്‍ വരാറുള്ളത്.ഉമ്മ തിരിച്ചെത്തിയാല്‍ കളി അവസാനിപ്പിച്ച് വീട്ടില്‍ മടങ്ങും.
 എവിടെപ്പോയാലും സന്ധ്യാവുന്നതിന് മുമ്പ് വീട്ടില്‍ തിരിച്ചെത്തണമെന്നത് ഉമ്മയുടെ കര്‍ശന നിര്‍ദ്ദേശമാണ്.മഗ്രിബ് ബാങ്കിന് മുമ്പ് കുളിച്ചിരിക്കണം.ചിലപ്പോള്‍ ഉപ്പക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കണം.കോരിക്കാറിലാണ് ഉപ്പക്ക് ജോലി.രാവിലെ എട്ട് മണിക്ക് വീട്ടില്‍ നിന്നറങ്ങിയാല്‍ സന്ധ്യാവും വീട്ടില്‍ തിരിച്ചെത്താന്‍.ദിവസവും ആറേഴ് കിലോമീറ്റര്‍ നടന്നാണ് പോകാറ്.ഉപ്പയുടെ വരവിനെ പ്രതീക്ഷിച്ച് വീടിന്റെ കോലായില്‍ ഇരിക്കും.ചക്കോത്ത്,ബീമ്പുളി,നെല്ലിക്ക മറ്റെന്തെങ്കിലും ഉപ്പ കൈയ്യില്‍ കരുതും.ചുടുവെള്ളം ഉണ്ടാക്കിയതിന്റെ വകയായി ഒരെണ്ണം അധികം കിട്ടാന്‍ ഉപ്പാന്റെ പിന്നാലെ കൂടും.കിട്ടിയില്ലെങ്കില്‍ പിറ്റേ ദിവസം വെള്ളം ചൂടാക്കാന്‍ പറയുമ്പോള്‍ മുങ്ങി നടക്കും...
 മഗ്രിബായാല്‍ പായ വിരിച്ച് നിസ്‌കരിക്കണം.പള്ളിയില്‍ പോകാന്‍ തുടങ്ങിയതിന് ശേഷം നിസ്‌കരിക്കാന്‍ പള്ളിയില്‍ എത്തണമെന്നത് ഉമ്മയുടെ നിര്‍ബന്ധം.നിസ്‌കാരം കഴിഞ്ഞ് നേരെ വീട്ടില്‍ വരണം.അങ്ങാടിയിരുത്തത്തിന് വിലക്കാണ്.എപ്പോഴെങ്കിലും ജ്യേഷ്ഠന്മാര്‍ കാണാനിടയായാല്‍ പിന്നെ മേനിപ്പുറത്ത് ഭൂപടം വരയ്ക്കും.
 മഗ്രിബ് കഴിഞ്ഞാല്‍ ഇശാ വരെ വീട്ടില്‍ ഓതാനിരിക്കണം.യാസീന്‍ ഓത്ത് നിര്‍ബന്ധം.ഉമ്മ നിസ്‌കാരപ്പായിലിരുന്ന് ദിഖ്‌റും സ്വലാത്തും ചൊല്ലിത്തീര്‍ക്കും.ഉപ്പ കിടക്കുന്നത് വരെ ഓത്തായിരിക്കും.തബാറക,യാസീന്‍,വാഖിഅ,റഹ്മാന്‍,ഹദ്ദാദ്,ദിഖ്‌റ്,സ്വലാത്തെല്ലാം ചൊല്ലിത്തീരുമ്പോള്‍ കുറേ സമയമെടുക്കും.ഇന്നും ഉപ്പയുടെ പതിവാണിത്..
 ആരാധന കര്‍മ്മങ്ങളിലും പഠന കാര്യത്തിലും ഉമ്മയുടെ ശ്രദ്ധാ വേറെ തന്നെയാണ്.നിസ്‌കാരങ്ങള്‍ കൃത്യമായി നിര്‍വഹിക്കണം.വെള്ളിയാഴ്ച രാവില്‍ പള്ളിയില്‍ നടക്കുന്ന സ്വലാത്ത് ഹല്‍ഖയില്‍ പങ്കെടുക്കണം.പ്രത്യേക സീരണിയും ഉമ്മയുടെ വകയില്‍ ഉണ്ടാകും.പ്രശ്‌ന പരിഹാരത്തിനും ഉദ്ധേശ സാഫല്യത്തിനും വേണ്ടി സ്വലാത്തിലേക്ക് എന്തെങ്കിലും നേര്‍ച്ച കരുതിയാല്‍ ഫലം കാണുമെന്ന് ഉമ്മയില്‍ നിന്നാണ് പഠിച്ചത്.നടുക്കുന്നില്‍ നിന്നും പള്ളിയിലേക്ക് വരുന്നതിനിടയില്‍ ആരെങ്കിലും നേര്‍ച്ച പൈസ കൈയ്യില്‍ തരും.പള്ളിയില്‍ നടക്കുന്ന സ്വലാത്ത് എല്ലാവര്‍ക്കും വലിയ വിശ്വാസമായിരുന്നു.പാല്‍ ചായയും എന്തെങ്കിലും എണ്ണക്കടികളുമായിരിക്കും വീട്ടില്‍ നിന്നുണ്ടാവുക.ചായ കൊണ്ടുവന്ന പോഞ്ചി പാത്രം മറക്കാതിരിക്കാന്‍ ഉമ്മ പ്രത്യേകം ഓര്‍മ്മപ്പെടുത്തും.പോഞ്ചി മറന്നതിനിക്ക് ഉമ്മയില്‍ നിന്ന് പലപ്പോഴും ചീത്ത കേള്‍ക്കേണ്ടി വന്നു...
 പള്ളിയില്‍ പോവുമ്പോള്‍ ഉമ്മ ഉപദേശിക്കും.പള്ളിയുടെ മഹത്വവും അവിടെ അനാദരവ് കാട്ടിയാലുള്ള ശിക്ഷയെ കുറിച്ചെല്ലാം ഉമ്മ മനസ്സിലാക്കിത്തരും.എന്നാലും അല്ലറ ചില്ലറ കുരുത്തക്കേടുകള്‍ കളിക്കാതിരുന്നാല്‍ മനസ്സിന് തീരെ സമാധാനം ഉണ്ടാവില്ല.കളിച്ചത് ഉമ്മയറിഞ്ഞാല്‍ ഒന്ന് കണ്ണുരുട്ടും.മുട്ടു വിറക്കാന്‍ അതു തന്നെ ധാരാളം...മുമ്പില്‍ നിസ്‌കരിക്കുന്നവന്റെ കാല് പിടിച്ച് വലിച്ചതിന് ഉമ്മയില്‍ നിന്ന് കിട്ടിയതിന്റെ വേദന അനുഭവിച്ചവനേ അറിയൂ.
 മൂത്തവരെ ബഹുമാനിക്കണം.അവരെ ചൊടിപ്പിക്കുന്ന ഒന്നും ചെയ്യാന്‍ പാടില്ല.ജ്യേഷ്ഠ സഹോദരി സഹോദരന്മാരെയും മറ്റുള്ള മൂത്തവരെ പേര് വിളിച്ച് അഭിസംബോധനം ചെയ്യുന്നത് ഉമ്മയുടെ അടുത്ത് കടുത്ത തെറ്റാണ്.നാട്ടുഭാഷ പ്രകാരം എല്ലാവരെയും ഇച്ച,ഇഞ്ഞ എന്നു ചേര്‍ത്തി വിളിക്കണം.കാലക്കേടിനെങ്ങാനും ആരെയെങ്കിലും പേര് വിളിച്ചതറിഞ്ഞാല്‍ അന്ന് ഒരുപക്ഷെ ഖിയാമത്ത് നാളായിരിക്കും.കുടുംബക്കാര്‍ കൂടുതലും കാക്കാഹും അമ്മായുമാരാണ്.ചെലരുടെ പേര് വിളിക്കാന്‍ നാവ് ചൊറിയും.ചിലപ്പോള്‍ ആശ തീര്‍ക്കാന്‍ ആരും കേള്‍ക്കാത്ത വിധത്തില്‍ മരം കയറി ഉച്ചിയില്‍ നിന്ന് ഉച്ചത്തില്‍ വിളിക്കും.മരങ്ങള്‍ക്ക് ചാടിപ്പറയുന്ന സ്വഭാവമില്ലാത്തതിനാല്‍ തടി സലാമത്താകും.ആ രോദധം കേള്‍ക്കാന്‍ കാടുകള്‍ക്ക് മാത്രമേ വിധി ഉണ്ടായിരുന്നുള്ളൂ.
 സ്‌നേഹത്തില്‍ ചാലിച്ച ശിക്ഷണമായിരുന്നു ഉമ്മയുടേത്.മക്കളില്‍ ആര്‍ക്കെങ്കിലും അസുഖമായാല്‍ ഉമ്മയുടെ കണ്ണീര്‍ കണ്ട് മടുക്കും.വീട്ടില്‍ നിന്നും തോളിലിട്ട് ഗുരിയടുക്ക വഴി മുക്കൂറിലുടെ മവ്വാറിലേക്ക് നടക്കും.വീട്ടില്‍ നിന്ന് അഞ്ചാറ് കി.മീറ്റര്‍ ഉണ്ടാകും മവ്വാറിലേക്ക്.പാട വരമ്പത്തിലൂടെ ഇടുങ്ങിയ വഴിയില്‍ കുന്നു കയറി വേണം പോകാന്‍.ചില ദിവസങ്ങളില്‍ രണ്ട് മൂന്ന് തവണ പോയ രംഗങ്ങള്‍ ഉണ്ടാകും.മവ്വാറിലുള്ള ക്ലീനിക്കാണ് ആ ഭാഗത്തുള്ളവര്‍ക്ക് പ്രാഥമിക സുശ്രൂഷ കേന്ദ്രം.ഇന്നും ചിലരുടെ ആശ്രയം അതു തന്നെയാണ്.യാത്രാ സൗകര്യം മെച്ചപ്പെട്ടതിനാല്‍ കഷ്ടപ്പാടുകള്‍ ഇല്ലെന്ന് മാത്രം.
 അസുഖമായാല്‍ ഉമ്മ ഉറങ്ങില്ല.ഇടക്കിടെ വന്ന് ശരീരം തൊട്ട് നോക്കും.ആവശ്യമായത് ചെയ്ത് തരും.ചിലപ്പോള്‍ അസുഖം ഭേദമാകാന്‍ സ്വലാത്ത് മജ്‌ലിസിന് ചായ നേര്‍ച്ചയാക്കും.അല്ലെങ്കില്‍ വീട്ടിലുള്ള ഏതെങ്കിലും നേര്‍ച്ചപ്പെട്ടിയില്‍ പൈസയിടും.മൂന്ന് തവണ തല ഒഴിഞ്ഞാണ് പൈസയിടാറ്.അതോടെ അസുഖം പമ്പ കടക്കും.പള്ളിയിലെ നേര്‍ച്ചപ്പെട്ടിക്കു പുറമെ ഗാളിമുഖം പുതിയവളപ്പ്,കുമ്പടാജെ,ഉള്ളാള്‍,ബെളിഞ്ച കര്‍ക്കിടഗോളി,മടവൂര്‍ തുടങ്ങിയ മഖാമുകളിലെ നേര്‍ച്ചപ്പെട്ടി വീട്ടിലെ സ്ഥിരം കാഴ്ചകളാണ്.ഉമ്മയുടെ നേര്‍ച്ച പൈസയാണ് കൂടുതലും വീഴാറ്.ഉറൂസുകള്‍ നടക്കുമ്പോള്‍ മഖാമുകളില്‍ പോകും.ഉള്ളാള്‍ ദര്‍ഗാ ഉറൂസിന് പോയപ്പോള്‍ ഉമ്മയും കൂടെ വന്ന സ്ത്രീകളെയും കാണാതായപ്പോള്‍ എന്തോ നേര്‍ച്ചയാക്കിയ കാര്യം ഓര്‍മ്മയിലുണ്ട്. പൈസയിടുമ്പോള്‍ ബിസ്മിയും സ്വലാത്തും ചൊല്ലണമെന്നാണ് ഉമ്മയുടെ നിര്‍ദ്ധേശം.എല്ലാ നല്ല കാര്യത്തിന്റെ ആരംഭത്തിലും ബിസ്മി ചൊല്ലിപ്പിക്കുന്ന ശൈലി ഉമ്മക്കുണ്ട്.
 അടുപ്പില്‍ കലം വെക്കുമ്പോഴും ഇറക്കുമ്പോഴും കഞ്ഞി വിളമ്പുന്ന നേരത്തും ബിസ്മി ചൊല്ലുന്ന ശൈലി ഉമ്മയില്‍ ഉണ്ടായിരുന്നു.ചോറ് തിന്നാന്‍ തുടങ്ങുമ്പോള്‍ ബിസ്മി ചൊല്ലണമെന്ന് ഇടക്കിടെ ഉമ്മ ഓര്‍മ്മപ്പെടുത്തും.മദ്‌റസാ പഠനത്തിന് മുമ്പ് തന്നെ അത്തരം നല്ല ശീലങ്ങള്‍ ഉമ്മയില്‍ നിന്നും നുകരാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു.
 സുബുഹിക്ക് നേരത്തെ ഉമ്മ എണീക്കും.ബോധമില്ലാത്ത ഉറങ്ങുന്നത് വെറുപ്പാണ്.കണ്ണുറങ്ങിയാലും ഖല്‍ബുറങ്ങരുതെന്ന് ഇടക്കിടെ ബോധിപ്പിക്കും.ഏതു പാതിരാവുകളില്‍ വന്നു വിളിച്ചാലും ഉമ്മ ഉടനെ എണീറ്റ് വാതില്‍ തുറക്കും.പലപ്പോഴും രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ പാതി രാത്രി തിരിച്ചെത്തുമ്പോള്‍ ഉമ്മ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കും.ഭക്ഷണം കഴിച്ചേ ഉറങ്ങാവൂ.അധികവും ഉമ്മ ഭക്ഷണം കഴിക്കാതെ കാത്തിരിക്കും.ഭക്ഷണം ക്രൃത്യമായും കഴിച്ചിരിക്കണം.ഭക്ഷണത്തിന് മുമ്പ് കൈയ്യും വായയും മുഖവുമെല്ലാം കഴുകണം.ജോലിയോ യാത്രയോ കഴിഞ്ഞ് വരാണെങ്കില്‍ കുളിച്ചതിന് ശേഷമേ അന്നം തരുള്ളൂ.ഭക്ഷണം കഴിച്ച് കുളിച്ചാല്‍ ഉമ്മ ചീത്ത പറയും.ഭക്ഷണം കഴിച്ച് കുളിക്കുന്നത് നല്ലതല്ലെന്ന് ഉമ്മ പറഞ്ഞു തരും.ആരോഗ്യത്തിന് തടസ്സമാകുന്ന എല്ലാ ഏര്‍പ്പാടുകളും ഒഴിവാക്കാന്‍ ശ്രദ്ധപുലര്‍ത്തും.
 പഠന വിഷയത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം.സ്‌കൂള്‍മദ്‌റസ കട്ട് ചെയ്ത് മുങ്ങി നടന്നാല്‍ പൊറം കായും.ബെളിഞ്ചയില്‍ അഞ്ചാം ക്ലാസ്സ് വരെയായിരുന്നു പഠനം.അതു കഴിഞ്ഞാല്‍ ബെള്ളൂര്‍ സ്‌കൂളിലേക്കാണ് അധിക പേരും പോകാറ്.മൂന്ന് നാല് കി.മീറ്റര്‍ നടന്നു വേണം പോവാന്‍.മിക്ക ദിവസങ്ങളിലും മദ്‌റസ വിട്ട് സ്‌കൂളില്‍ എത്താറില്ല.ചിപ്പറമ്പ് പ്ലാന്റേഷനില്‍ വൈകുന്നേരം വരെ സമയം ചിലവഴിക്കും.വിവരം ഉമ്മ അറിഞ്ഞതോടെ കാട് കയറുന്നത് നിര്‍ത്തേണ്ടി വന്നു.അങ്ങനെയാണ് ഉമ്മയുടെ നിര്‍ബന്ധ പ്രകാരം ജ്യേഷ്ഠ സഹോദരന്‍ മുഹിമ്മാത്തില്‍ ചേര്‍ക്കുന്നത്.
 മുഹിമ്മാത്തില്‍ ഖുര്‍ആന്‍ പഠിക്കാനാണെറിഞ്ഞത് പിന്നീടാണ്.ഒരു വര്‍ഷം അച്ചടക്കത്തോടെ നിന്നെങ്കിലും നാട്ടിലെ വികൃതികള്‍ മറക്കാന്‍ കഴിയാതെ വന്നു.അവധിക്ക് വീട്ടില്‍ വന്നാല്‍ പോകാന്‍ മടിച്ച് കരയും.എങ്ങെനെയെങ്കിലും നാട്ടില്‍ കൂടാനായിരുന്നു പൂതി.എന്ത് പറഞ്ഞാലും ഉമ്മയുടെ ഉപദേശത്തിന് മുന്നില്‍ പരാചയം സമ്മതിക്കേണ്ടി വരും.ഒരു വര്‍ഷം കൂടി മോന്‍ പടിക്ക് അടുത്ത വര്‍ഷം ഒഴിയാം എന്ന് പറഞ്ഞ് സമാശ്വസിപ്പിക്കും.അടുത്ത വര്‍ഷമാകാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കും.പക്ഷെ വീണ്ടും അതേ വാക്ക് പറഞ്ഞ് ഉമ്മ എന്നെ പറ്റിക്കും..കൂടുതല്‍ വാശി പിടിച്ചാല്‍ ആദൂര്‍ ആറ്റു തങ്ങളെ അടുത്ത് കൊണ്ട് പോകും.എന്ത് വന്നാലും ആറ്റു തങ്ങളെ കണ്ടാല്‍ പ്രശ്‌നങ്ങള്‍ പമ്പ കടക്കും.മൂപ്പരുടെ പുണ്യ കരമൊന്ന് തലയില്‍ വെച്ചാല്‍ മലപോലുള്ളത് മഞ്ഞ് പോലെ ഉരുകും.ചുരുക്കത്തില്‍ ഉമ്മാന്റെ സൂത്രം ഫലിച്ചു.റബ്ബിന്റെ കടാക്ഷം കൊണ്ടും ഉമ്മയുടെ പ്രാര്‍ത്ഥന ഫലമായി ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി...
 ഉമ്മയായിരുന്നു വീടിന്റെ പ്രതാപം.വീട് വിട്ടിറങ്ങുമ്പോള്‍ പൊന്നുമ്മാക്കൊരു ഉമ്മ വെച്ചിറങ്ങിയാല്‍ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്നു.എവിടെ പോവാണെങ്കിലും ഉദ്ധേശ സ്ഥലത്തെത്തിയാല്‍ ഉമ്മയെ അറിയിക്കണം.അറിയിക്കാത്തതിന്റെ പേരില്‍ പലപ്പോഴും വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.ചിലപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഉമ്മയുടെ നെറ്റിത്തടത്തില്‍ ഒരു മുത്തം കൊടുക്കും.ദേഷ്യത്തിലാണെങ്കില്‍ എന്തെങ്കിലും തമാശ പറഞ്ഞ് ചിരിപ്പിക്കും.അതോടെ ഉമ്മാന്റെ മുഖം തെളിയും.വീട്ടില്‍ വരുമ്പോള്‍ കൈയ്യില്‍ എന്തെങ്കിലും കരുതണം.കുട്ടികള്‍ ഉള്ള വീട്ടിലേക്ക് വെറും കയ്യോടെ വരുന്നത് ഉമ്മയെ ചൊടിപ്പിക്കും.എന്തെങ്കിലും കണ്ടില്ലെങ്കില്‍ ഉമ്മ ചൊടിച്ചിട്ട് ഇങ്ങനെ പറയും,,ബൈയ്ക്ക്ന്ന് രണ്ട് ചെര്‍ക്കല്ലെങ്കിലും എടുത്തോളാഞ്ഞല്ലോ,,..അത് ഒരുതരം ആക്കല്‍സ് ആയിരുന്നു.വേദനിപ്പിക്കാതെ ചിന്തിക്കാനുള്ള പറച്ചില്‍.ചിന്തിക്കാനും പഠിക്കാനും ഉമ്മയുടെ ജീവിതത്തില്‍ ഒരുപാട് നല്ല അധ്യായങ്ങള്‍ കഴിഞ്ഞു പോയതോര്‍ത്ത് വിലപിക്കാന്‍ മാത്രമേ ആവുന്നുള്ളൂ..അതായിരുന്നു പൊന്നുമ്മ.
 പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതിരിക്കാന്‍ ഉമ്മ താങ്ങാവും.സഹതാപങ്ങള്‍ പറഞ്ഞാല്‍ ഉമ്മ കണ്ണ് നിറഞ്ഞ് പ്രാര്‍ത്ഥിക്കും.എല്ലാം ശരിയാവും അള്ളല്ലെ വലുത്,എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കും.അതോടെ ഖല്‍ബില്‍ കുളിര്‍മഴ പെയ്യും.മധുരിക്കുന്ന വാക്കുകള്‍ക്ക് മുന്നില്‍ തീരാത്ത പ്രശ്‌നങ്ങളില്ല.അതൊരു സുവര്‍ണ്ണ കാലം തന്നെ.,
 ഹിജ്‌റ മാസം മുഹര്‍റം ഒന്നിനാണ് ഉമ്മ ആരോടും പറയാതെ യാത്രയാവുന്നത്.തളര്‍വാധം പിടിപ്പെട്ട് മരുന്ന് കഴിച്ചിരുന്നെങ്കിലും കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഒരു ഞായറാഴ്ച്ച രാവിലെ കര്‍ണ്ണാടക പുത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ കാണിച്ച് തിരിച്ച് വരുമ്പോള്‍ പതിവ് പോലെ കാറില്‍ ഇരുന്ന് പഴയ കാല കഥകള്‍ അയവിറച്ച് സന്തോഷത്തിലായിരുന്നു യാത്ര.വരുമ്പോള്‍ വണ്ടി നിര്‍ത്തി നെല്ലിക്കാ പറിക്കാന്‍ കയറിയതും കൊമ്പ് പൊട്ടി താഴെ വീണതുമെല്ലാം ഉമ്മ കാറില്‍ ഇരുന്ന് കാണുന്നുണ്ടായിരുന്നു.വണ്ടിയില്‍ കയറിയപ്പോള്‍ പണ്ടെത്തെ പാര്‍ച്ചെ ഇപ്പൊളും ഇണ്ടല്ലേ മുസ്ഥാ എന്നൊരു ചോദ്യം.
 നാട്ടക്കല്ലില്‍ എത്തിയപ്പോഴാണ് മീന്‍ കഴിക്കാനുള്ള ആഗ്രഹം പറഞ്ഞത്.നല്ല മീന്‍ വാങ്ങി വരുമ്പോള്‍ വീണ്ടും ഉമ്മക്കൊരാഗ്രഹം.നമ്മളെ മഹബ്ബ പള്ളി കാണണം.എല്ലാം കാണിച്ച് കൊടുത്ത് വീട്ടില്‍ തിരിച്ചെത്തി.ഉച്ച ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സമയം മൂന്ന് മണി.തിരക്കിട്ട് എന്തോ എഴുതാന്‍ ഇരുന്നത് കൊണ്ട് പിന്നെ കഴിക്കാമെന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ഉമ്മ നിര്‍ബന്ധിച്ചു.ഒടുവില്‍ ഉമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴിച്ചു.ഉമ്മയുടെ വായ്‌ലേക്ക് ചോറ് വാരിക്കൊടുത്തപ്പോള്‍ കുഞ്ഞുകാലം ഓമ്മ വന്നു.നാലഞ്ച് തമാശ അതോടൊപ്പം പറഞ്ഞപ്പോള്‍ ഉമ്മക്ക് ചിരിയടക്കാനായില്ല.ഉച്ച ഭക്ഷണം കഴിഞ്ഞ് വീണ്ടും എഴുതാനിരുന്നു...
 ഉമ്മ,പതിവില്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നു.സംസവും മന്ത്രിച്ച വെള്ളമെല്ലാം കൊടുത്തു.മുഖ ഭാവം മാറി.ശരീര പ്രകൃതി എന്തൊക്കേ പറഞ്ഞു തരുന്നു.ഉമ്മയുടെ തല മടിയില്‍ വെച്ച് ഖുര്‍ആനോതി മന്ത്രിച്ചു.പലരെയും ചോദിക്കുന്നു.ഇടറുന്ന തൊണ്ടയില്‍ എന്തൊക്കെ പറഞ്ഞൊപ്പിച്ചു...കുഞ്ഞിളം കാലത്ത് ഉമ്മ പഠിപ്പിച്ച ലാഇലാഹ ഇല്ലല്ലാഹ്....പതുക്കെ ചൊല്ലിക്കൊടുത്തു..ഉമ്മ അതേറ്റു ചൊല്ലി...പിന്നെ നിശബ്ദത മാത്രം.സമയം സന്ധ്യയോടടുത്തപ്പോള്‍ ഉമ്മ ആരോടും പറയാതെ പറന്നു.ആ ഉച്ചക്കഞ്ഞി അവസാനത്തേതാണെറിയാന്‍ വൈകിയതോര്‍ത്ത് കവിള്‍ തടം നനഞ്ഞു.പൊന്നോളം വരുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി പൊന്നുമ്മ മറഞ്ഞു.വിധിയോര്‍ത്ത് തേങ്ങാനാണ് എനിക്കായത്...ഉമ്മയില്ലാത്ത വീട് അനുഭവിച്ചവര്‍ക്കെ അറിയൂ...ഇന്നാലില്ലാഹ്....


SHARE THIS

Author:

0 التعليقات: