Wednesday, 13 May 2020

താജുല്‍ ഉലമയുടെ റമളാന്‍.

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

രണ്ടരപ്പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷ പദവി അലങ്കരിച്ച് ഭാരത മുസ്ലിംകള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി കുഞ്ഞിക്കോയ തങ്ങളുടെ [ഖ.സി] റമളാന്‍ ജീവിതം വിശ്വാസികള്‍ക്ക് മാതൃകയാണ്.
മുന്‍ഗാമികളായ മഹത്തുക്കളുടെ റമളാന്‍ ജീവിതത്തെ അനുഗരിക്കുകയായിരുന്നു താജുല്‍ ഉലമ.തങ്ങളുടെ ജീവിതമായിരുന്നു അവിടുത്തെ സന്ദേശം. അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കുമെല്ലാം തങ്ങളുടെ ആത്മീയ ജീവിതം ഉദാത്ത മാതൃകയാണ്.
അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമളാനിനെ താജുല്‍ ഉലമ നെഞ്ചിലേറ്റി. മുഴുസമയം ആരാധന നിരതനായി കഴിയുകയും ചെയ്ത അതുല്യ വ്യക്തിത്വമാണ് ഉള്ളാള്‍ തങ്ങള്‍.
താജുല്‍ ഉലമയുടെ റമളാന്‍ ജീവിതത്തിന് സമാനമായത് സമകാലിക പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമായിട്ടില്ലെന്നതാണ് വസ്തുത.
റഈസുല്‍ മുഹഖ്കീന്‍ കണ്ണിയത്ത് അഹമദ് മുസ്ലിയാരുടെ കീഴില്‍ മുതഅല്ലിമായിരിക്കുമ്പോള്‍ റമളാനിലെ അവധിക്കാലത്ത് കിതാബോതി കഴിയുകയായിരുന്നു തങ്ങള്‍.
ശഅബാന്‍ 15ന് ശേഷമുള്ള ദര്‍സ് അവധിക്ക് ഉള്ളാള്‍ തങ്ങള്‍ കുടുംബ വീട്ടിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സിയാറത്തിന് പോകും.
റമളാനിലെ പൊന്നമ്പിളി ഉദയം ചെയ്തതറിഞ്ഞാല്‍ കിതാബുകളുമായി വാഴക്കാടിലെ കണ്ണിയത്ത് ഉസ്താദിന്റെ വീട്ടില്‍ എത്തും.ദിവസങ്ങളോളം കണ്ണിയത്ത് ഉസ്താദിന്റെ വീട്ടില്‍ താമസിച്ച് കിതാബുകള്‍ ചൊല്ലിപ്പഠിക്കുകയും പെരുന്നാള്‍ അടുത്താല്‍ നാട്ടില്‍ പോകലുമാണ് പതിവ്.
ശറഉത്തഅസീബ് പോലെയുള്ള തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങള്‍ താജുല്‍ ഉലമ റമളാനില്‍ കണ്ണിയത്ത് ഉസ്താദിന്റെ വീട്ടില്‍ പോയി ഓതിപ്പഠിച്ച ഓര്‍മ മകന്‍ കുഞ്ഞുമോന്‍ മുസ്ലിയാര്‍ വിനീതനോട് പങ്കുവെച്ചിരുന്നു.

വിദ്യാര്‍ത്ഥി ജീവിതത്തില്‍ തന്നെ സൂക്ഷ്മതയുടെ
 പര്യായമായിരുന്നു താജുല്‍ ഉലമ.അനാവശ്യമായി സമയം പാഴാക്കാനോ പoനേതര കാര്യങ്ങളില്‍ ഇടപെടാനോ തങ്ങള്‍ തുനിഞ്ഞില്ല.
കോളേജ് ജീവിതം കഴിഞ്ഞ് ഉള്ളാളത്ത് സേവനം ആരംഭിച്ചതിന് ശേഷം തങ്ങളുടെ റമളാന്‍ ജീവിതത്തിന് പത്തരമാറ്റായിരുന്നു.
ഖുര്‍ആന്‍ പാരായണമായിരുന്നു തങ്ങളുടെ പ്രധാന ഹോബി. വിശുദ്ധ റമളാനില്‍ താജുല്‍ ഉലമയെപ്പോലെ ഖുര്‍ആന്‍ ഖത്മ് തീര്‍ത്തിരുന്നവര്‍ സമകാലികില്‍ അപൂര്‍വ്വമായിരിക്കും.നീണ്ട സമയമുള്ള
നിത്യ ഔറാദുകള്‍ക്കൊപ്പം ഖുര്‍ആന്‍ പാരായണം നടത്താനും മറ്റ് ഇബാദത്തുകള്‍ ചെയ്യാനും തങ്ങള്‍ സമയം കണ്ടെത്തി.
റമളാനില്‍ സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. വീട്ടുകാരോട് പോലും സംസാരിക്കുന്നത് തറാവീഹിന് ശേഷമാണ്.അതും അത്യാവശ്യ കാര്യങ്ങള്‍ മാത്രം. തങ്ങളുടെ ജീവിതത്തെ കുറിച്ച് മകന്‍ കൂറാ തങ്ങള്‍ പറയുന്നത് ഇങ്ങനെ
' *റമളാനായാല്‍ മുഴുസമയം വാപ്പ വീട്ടില്‍ ഉണ്ടാകും.ഖുര്‍ആനോത്തും ദിഖ്‌റ് ഔറാദുകളുമായി കഴിയലാണ് പതിവ്.മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം വീട്ടില്‍ ജമാഅത്തായി നിസ്‌കരിക്കും. തറാവീഹിന് ശേഷം ഖുര്‍ആനും ഹദീസും പറഞ്ഞ് തരും.മുത്ത് നബിയുടെയും സ്വഹാബികളുടെയും മറ്റ് മഹാന്മാരുടെയും ജീവ ചരിത്രങ്ങള്‍ പറഞ്ഞ് ഖല്‍ബില്‍ ആത്മീയ നനവ് ഉണ്ടാക്കും. നിസ്‌കാര ശേഷമാണ് ഭക്ഷണം കഴിക്കുക. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേക ആനന്ദവും അനുഭൂതിയും ഉണ്ടാകും.'
ഉമ്മ(താജുല്‍ ഉലമയുടെ ഭാര്യ)യുടെ കൂടെയുള്ള നോമ്പ് കാലം അനിര്‍വചനീയമെന്നാണ് കൂറാ തങ്ങള്‍ പറയുന്നത്.
ഉമ്മയുടെ ജീവിതകാലത്ത് വാപ്പ എട്ടിക്കുളത്തായിരുന്നു താമസം. റമളാനിനെ വരവേല്‍ക്കാന്‍ വീടും പരിസരവും വൃത്തിയാക്കുന്നതും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതെല്ലാം ഉമ്മയായിരിക്കും. പിതാവിന് ആവശ്യമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നതും വീട്ടുകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെല്ലാം ഉമ്മയാണ്.
*ഉമ്മയെ കാണാനായി കാരണവന്മാരും മറ്റ് കുടുംബക്കാരെല്ലാം വീട്ടില്‍ വരും.നോമ്പ് തുറക്കായി സമൃദ്ധമായ വിഭവങ്ങളൊരുക്കി ഉമ്മ അവരെ സല്‍കരിക്കുന്നതെല്ലാം കൂറാ തങ്ങളുടെ മനസ്സില്‍ മായാത്ത ഓര്‍മകളായി മിന്നുന്നു. ഉമ്മയുടെ വഫാത്തിന് ശേഷം ഉള്ളാളത്തും കരുവന്‍തിരുത്തിയിലുമാണ് താമസിച്ചിരുന്നത്....
ഖാസിമാര്‍ക്കും താജുല്‍ ഉലമയുടെ ജീവിതത്തില്‍ നിന്ന് പഠിക്കാന്‍ അനേകമുണ്ട്.കേരള കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം മഹല്ലിന്റെ ഖാസിയായിരുന്ന താജുല്‍ ഉലമയുടെ ഖാസി ഉത്തരവാദിത്തം അനുഗരണീയമാണ്.
പിറവി കാണാനായി താജുല്‍ ഉലമ കടപ്പുറത്തേക്ക് ആളെ പറഞ്ഞയക്കുകയും വിശ്വാസ്യയോഗ്യമായ വിധത്തില്‍ വിവരം ലഭിക്കുകയും ചെയ്താല്‍ മാത്രമെ പിറ ഉറപ്പിക്കുകയുള്ളൂ. എന്നാണ് കൂറാ തങ്ങള്‍ അനുസ്മരിക്കുന്നത്.
താജുല്‍ ഉലമയുടെ ഉള്ളാള്‍ പള്ളിയിലെ നോമ്പ് കാലം പേരകുട്ടിയും ഡ്രൈവറുമായിരുന്ന അഷ്‌റഫ് തങ്ങള്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ് ' അത്താഴത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് എണീക്കും.സുബ്ഹ് ബാങ്കിന്റെ ഒരു മണിക്കൂര്‍ മുമ്പ് അത്താഴം കഴിച്ചിരിക്കണമെന്നത് ഉപ്പാപ്പയുടെ ശീലമാണ്. സുബ്ഹ് നിസ്‌കാരം കഴിഞ്ഞ ഉടനെ സൂറത്ത് അന്‍ആം പാരായണം ചെയ്യും.അത് കഴിഞ്ഞാല്‍ ഖത്മ് ഓതുകയാണ് പതിവ്.
നോമ്പ് തുറക്കും പ്രത്യേക ചിട്ടയായിരുന്നു തങ്ങള്‍ക്ക്. മഗ്രിബ് ബാങ്ക് വിളിച്ചാല്‍ സംസം വെള്ളത്തിലാണ് നോമ്പ് മുറിക്കുക. ഉപ്പാപ്പയ്ക്ക് നോമ്പ് തുറക്ക് സംസം നിര്‍ബന്ധമാണ്. നോമ്പ് മുറിച്ച ഉടനെ മഗ്രിബ് നിസ്‌കാരം.നിസ്‌കാരം കഴിഞ്ഞാണ് നോമ്പ് തുറ പലഹാരവും ഫ്രൂട്ട്‌സും കഴിക്കുക.ചുരുങ്ങിയ സമയം മാത്രമാണ് നിശാനിദ്ര.'
റമളാനിലും മറ്റ് മാസങ്ങളിലുമെല്ലാം
വിത്‌റ് പതിനൊന്ന് റകാഅത്ത് നിസ്‌കരിക്കുക എന്നത് താജുല്‍ ഉലമയുടെ പ്രത്യേകതയാണ്. റമളാനിലും മറ്റ് മാസങ്ങളിലും ദാനധര്‍മ്മം അധികരിപ്പിച്ചിരുന്നു. കുടുംബ വീടുകളില്‍ പോയാല്‍ വീട്ടിലുള്ളവര്‍ക്കെല്ലാം പൈസ കൊടുക്കാതെ തങ്ങള്‍ തിരിച്ച് പോകാറില്ല.ദാന ശീലവും അവിടുത്തെ സവിശേഷതകളിലൊന്നാണ്. റമളാനില്‍ ബന്ധുക്കള്‍ക്കും ശിഷ്യന്മാര്‍ക്കുമെല്ലാം പൈസ കൊടുക്കുന്ന പതിവും ഉപ്പാപ്പക്ക് ഉണ്ടായിരുന്നുവെന്നും അഷ്‌റഫ് തങ്ങള്‍ പറയുന്നു.
*ഉമ്മയുടെ വഫാത്തിന് ശേഷം കരുവന്‍തിരുത്തിയിലായിരുന്നു വാപ്പ താമസിച്ചിരുന്നത്. റമളാനില്‍ കരുവന്‍തിരുത്തിയില്‍ താജുല്‍ ഉലമ നിര്‍മ്മിച്ച പള്ളിയില്‍ ഇഅതികാഫ് ഇരുന്നിരുന്ന ഓര്‍മയും കൂറാ തങ്ങള്‍ പങ്കുവെച്ചു...
സമസ്തയുടെ പ്രസിഡണ്ടായിരുന്നപ്പോഴും റമളാനില്‍ പൊതുപരിപാടികളൊന്നും താജുല്‍ ഉലമ ഏറ്റെടുത്തിരുന്നില്ല.സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ റമളാന്‍ ഇരുപ്പത്തി ഏഴാം രാവില്‍ മഅദിനില്‍ നടന്നിരുന്ന സ്വലാത്ത് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കാന്‍ താജുല്‍ ഉലമ എത്തിയിരുന്നത് വിശ്വാസികള്‍ക്ക് ആശ്വാസമായിരുന്നു.


SHARE THIS

Author:

0 التعليقات: