Monday, 18 May 2020

റമളാനില്‍ ജീവിതം ധന്യമാക്കിയ ആലംപാടി ഉസ്താദ്.

ഹാഫിള് എന്‍ കെ എം മഹ്‌ളരി #ബെളിഞ്ച
9400397681

' ആലംപാടിയില്‍ മൂപ്പര് ഉള്ളടുത്തോളം കാലം വഹാബികള്‍ കടക്കൂലാ'
 കാസര്‍കോട് ഖാസിയും സമസ്തയുടെ പഴയകാല പണ്ഡിതരില്‍ ഒരാളുമായിരുന്ന മര്‍ഹൂം മൗലാന അവറാന്‍ കുട്ടി മുസ്ലിയാരുടെ വാക്കുകളാണിത്. 47 വര്‍ഷം ആലംപാടിയില്‍ ദര്‍സ്  നടത്തിയ എ.എം. കുഞ്ഞബ്ദുല്ല മുസ്ലിയാരെക്കുറിച്ചാണ് അവറാന്‍ മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞത്. ഉത്തരകേരളത്തിലും കര്‍ണാടകയിലും കേരളത്തിലെ പണ്ഡിതര്‍ക്കിടയിലും സുപരിചിതനായ വ്യക്തിത്വമായിരുന്നു ശൈഖുനാ ആലംപാടി ഉസ്താദ്. 1937 ല്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് അഹ്മദ്കുട്ടി-ഉമ്മു ഹലീമ ദമ്പതികളുടെ മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 15-ാം വയസില്‍ പള്ളിദര്‍സ് ജീവിതം ആരംഭിച്ചു. പടിഞ്ഞാറങ്ങാടി മമ്മിക്കുട്ടി മുസ്ലിയാരാണ് പ്രധാന ഗുരു. സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്), അവറാന്‍കുട്ടി മുസ്ലിയാര്‍, നാദാപുരം കലന്തന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ കീഴില്‍ ഓതിപ്പഠിക്കാനും ഉസ്താദ് കാലം ചെലവഴിച്ചു. സ്വഹീഹുല്‍ ബുഖാരി, ബൈളാവി, തസ് രീഹുല്‍ അഫ് ലാഖ് മുല്ലാ ഹസന്‍ എന്നീ പ്രധാന കിത്താബുകള്‍ ഓതിത്തീര്‍ത്തത് മമ്മിക്കുട്ടി മുസ്ലിയാരുടെ ദര്‍ സില്‍നിന്നാണ്. കേരളത്തിലും കര്‍ണാടകയിലുമായി വിവിധ സ്ഥലങ്ങളില്‍ ഉസ്താദ് ദര്‍സ് പഠിച്ചു. പാപ്പിനിശ്ശേരി, പുതിയങ്ങാടി, മഞ്ഞനാടി എന്നീ സ്ഥലങ്ങള്‍ അതില്‍ ചിലതാണ്. 15വര്‍ഷത്തെ അധ്യയനജീവിതത്തിന് തിരശ്ശീല വീഴ്ത്തിയതിനുശേഷം കാസേേര്‍കാട് ആലംപാടിയില്‍ 47 വര്‍ഷം അധ്യാപനം നടത്തി. നൂറോളം വരുന്ന ശിഷ്യന്മാര്‍ക്ക് ഒരേ സമയത്തുതന്നെ ആലംപാടിയില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. പ്രഥമ വര്‍ഷത്തില്‍തന്നെ അമ്പതോളം മുതഅല്ലിമുകളെ കൊണ്ടാണ് ഉസ്താദ് ദര്‍സ് ആരംഭിച്ചത്.  കാഞ്ഞങ്ങാട് പഴയ കടപ്പുറക്കാരനായ ഉസ്താദിനെ ആലംപാടി ഉസ്താദ് എന്ന പേരില്‍ അറിയപ്പെടാനുള്ള നിദാനം ഇതുതന്നെയാണ്.
ആലംപാടിക്ക് ശേഷം മുഹിമ്മാത്തിലാണ് വഫാത്ത് വരെ സേവനം അനുഷ്ഠിച്ചത്.
തത്വജ്ഞാനവും സൂഫി ജീവിതവും നയിച്ച ശൈഖുനാ ആലംമ്പാടി ഉസ്താദ് ഹിജ്‌റ 1437 സഫര്‍ 25ന് വഫാത്തായി...
ശൈഖുനയുടെ റമളാന്‍ കാലം സമ്പുഷ്ഠമായിരുന്നു. സുകൃതങ്ങള്‍ പെയ്തിറങ്ങുന്ന റമളാനിനെ വേണ്ടുവോളം ഉപയോഗപ്പെടുത്താന്‍ ഉസ്താദിന് സാധിച്ചിരുന്നു.
ദര്‍സിന് റമളാന്‍ അവധി നല്‍കി വീട്ടില്‍ എത്തിയാല്‍ പിന്നെ പൊതുപരിപാടിക്കായി വീട് വിട്ടിറങ്ങുന്നത് ശവ്വാല്‍ ആറിന് ശേഷമാണ്.
വിശുദ്ധ മാസത്തെ വരവേല്‍ക്കാനായി വീടും പരിസരവും ഒരുക്കാന്‍ പറയുന്നതോടൊപ്പം ഭാര്യ മക്കള്‍ക്ക് മനം നിറയെ ആത്മീയ ഉപദേശങ്ങള്‍ നല്‍കി റമളാനില്‍ ആരാധന നിരതരായി ജീവിതം പുഷ്ടിപ്പെടുത്താന്‍ പറയും.
റമളാന്‍ പിറവി അറിഞ്ഞാല്‍ ഖുര്‍ആന്‍ പാരായണത്തിനാണ് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്.
സാധാരണയില്‍ കിതാബ് മുതാലഅയായിരുന്നു പതിവ്.നോമ്പ് കാലത്ത് കുറഞ്ഞ സമയമാണ് കിതാബ് മുതാലഅ ചെയ്തിരുന്നത്.
അത്താഴത്തിന്റെ രണ്ട് മൂന്ന് മണിക്കൂര്‍ മുമ്പ് എണീറ്റ് നിസ്‌കാരവും ദിഖ്‌റ് ഔറാദുമായി കഴിയും. വീട്ടുകാരെ അത്താഴത്തിന് വിളിച്ചുണര്‍ത്തുന്നത് ഉസ്താദായിരുന്നു.
അത്താഴം കഴിഞ്ഞാല്‍ ജമാഅത്തിനായ് പള്ളിയിലെത്തും. റമളാനിലും മറ്റ് മാസങ്ങളിലും നിസ്‌കാരത്തിനായി ബാങ്ക് വിളിക്കുന്നതിന് മുമ്പേ വുളൂഉ ചെയ്ത് കാത്തിരിക്കുന്ന ജീവിതമായിരുന്നു ആലംപാടി ഉസ്താദിന്റേത്.
ടാപ്പും ഔളുമെല്ലാം ഉണ്ടെങ്കിലും കിണ്ടിയില്‍ വെള്ളമെടുത്താണ് വുളൂഉ ചെയ്തിരുന്നത്.കിണ്ടിയില്‍ വുളൂഉചെയത് വെള്ളം മിച്ചം വന്നിരുന്നെന്നാണ് മകന്‍ അബ്ദുറഹ്മാന്‍ സഖാഫി പങ്കുവെച്ചത്.കിണ്ടിയില്ലാതിരുന്നപ്പോള്‍ ബക്കറ്റില്‍ നിന്ന് വെള്ളം കോരിയെടുത്താണ് വുളൂഉ ചെയ്തിരുന്നത്.അമിത ഉപയോഗത്തിലെ കറാഅത്ത് ഭയന്നും മിതത്വത്തിലെ പ്രതിഫലം ആഗ്രഹിച്ചും  ജല  ഉപയോഗത്തില്‍ സൂക്ഷ്മത പാലിക്കുകയായിരുന്നു ഉസ്താദ്.കുളിമുറിയില്‍ അംഗസ്‌നാനം ചെയ്തിരുന്നില്ല.വീട്ടിന്റെ വരാന്തയില്‍ കിണ്ടിവെച്ച് വുളുഉ ഉണ്ടാകുകയായിരുന്നു ഉസ്താദ്.
അസര്‍ ബാങ്ക് വരെ ഖുര്‍ആനോത്തും കിതാബ് മുതാലയുമായി കഴിയും.അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ കൈയ്യില്‍ തസ്ബീഹ് മാല[ജപമാല] പിടിച്ച് പറമ്പില്‍ ദിക്‌റ് ചൊല്ലി നടക്കും.
തറാവീഹ് ജമാഅത്തിനായി നേരത്തെ പള്ളിയില്‍ എത്തും. വാര്‍ദ്ധക്യ സഹചമായ അനാരോഗ്യവും ശാരീരികക്ഷീണവും ഉണ്ടായിരുന്നപ്പോഴും തറാവീഹ് 20 റകാഅത്ത് നിന്ന് നിസ്‌കരിക്കുമായിരുന്നു.
പള്ളിയില്‍ പായ വിരിച്ച് നിസ്‌കരിച്ചിരുന്ന പഴയ കാലത്ത് മുട്ട് വേദന അനുഭപ്പെട്ടിട്ടും കസേരയില്‍ ഇരുന്ന് നിസ്‌കരിച്ചില്ലെന്നത് ഉസ്താദിന്റെ സൂക്ഷ്മ ജീവിതത്തെയാണ് ചൂണ്ടികാട്ടുന്നത്.
റമളാന്‍17ന് വീട്ടില്‍  കുടുംബക്കാരെയും ഒരുമിച്ച് ബദര്‍ മൗലിദ് നടത്തുകയും ഉസ്താദ് തനിച്ചിരുന്ന് റൂമില്‍ മൗലിദ് ഓതുകയും ചെയ്തിരുന്നു.
മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ ഖിസ്സ പ്പാട്ട് ആവേശഭരിതനായി പാടിയിരുന്ന ശൈഖുനാ ആലമ്പാടി ഉസ്താദിന്റെ റമളാന്‍ ഓര്‍മകള്‍ നവ തലമുറക്ക് മാതൃകയാണ്.
വീട്ടില്‍ ഇടക്കിടെ ബദര്‍ ഖിസ്സപ്പാട്ട് പാടുകയും മക്കള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്യും.ഖിസ്സപ്പാട്ടിലെ അച്ചടിയില്‍ വന്ന തെറ്റുകള്‍ ഉസ്താദ് തന്നെ തിരുത്തും. തിരുത്തി നന്നാക്കിയ ഗ്രന്ഥം തന്നെ ഉസ്താദിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു.
പത്തും നാല്‍പതും ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ഉസ്താദിന്റെ വയള് പരമ്പരയില്‍ ബദര്‍ യുദ്ധചരിത്രങ്ങള്‍ ഖിസ്സ പ്പാട്ടു പാടി ആത്മനിര്‍വൃതിയോടെ അവതരിപ്പിച്ചിരുന്ന ധന്യ മുഹൂര്‍ത്തങ്ങള്‍ ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്.
റമളാനില്‍ ഒരു വെള്ളിയാഴ്ച വിദ്യാനഗര്‍ കോപ്പ പള്ളിയില്‍ നടന്നിരുന്ന ഉസ്താദിന്റെ വയള് കേള്‍ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തുമായിരുന്നു.
റമളാനില്‍ ആലംമ്പാടി ഉസ്താദിന്റെ ഏക പരിപാടിയായിരുന്നു അത്.കോപ പള്ളിയിലെ  വയളിന് മാത്രമായിരുന്നു ഉസ്താദ് പുറത്തിറങ്ങിയിരുന്നത്.പ്രസ്തുത മഹല്ലിന്റെ ഉപദേശകനായിരുന്നു ആലമ്പാടി ഉസതാദ്.
റമളാനില്‍ ദാന ധര്‍മ്മം ചെയ്യാനായി പണം കരുതി വെക്കും. റമളാനായാല്‍ കുടുംബക്കാര്‍ക്കും  അയല്‍വാസികള്‍ക്കും പൈസ നല്‍കും.
അമുസ്ലിംകള്‍ക്കും നിര്‍ലോഭ സഹായം ചെയ്തിരുന്നു. കല്ലൂരാവിയിലെ മുരളി ആലംപാടി ഉസ്താദിന്റെ സ്വദഖയെ കുറിച്ച് പറയുമ്പോള്‍ മിഴി നിറയുന്നു.
'' ഉസ്താദ്,തന്നെ വിളിച്ച് വീട്ടുവിശേഷം അന്യോഷിക്കുകയും നല്ല സഹായം നല്‍കുകയും ചെയ്ത ഓര്‍മകള്‍' മുരളി പറഞ്ഞതായി മകന്‍ ഹുസൈന്‍ മുസ്ലിയാര്‍ പങ്കുവെച്ചു.
കുടക് ജില്ലയിലുള്ള കുടുംബക്കാരെ വിളിച്ച് വരുത്തി റമളാനില്‍ പൈസയും മറ്റ് സാധനങ്ങളും കൊടുത്തയക്കും.
റമളാനിലെ പ്രതിഫലം ആഗ്രഹിച്ച് ഉസ്താദ് ആരാധന സമ്പുഷ്ഠമാക്കുകയും മാതൃകാ ജീവിതം നയിക്കുകയുമായിരുന്നു.
അവിടുത്തെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ...ആമീന്‍


SHARE THIS

Author:

0 التعليقات: