Saturday, 2 May 2020

മാട്ടൂല്‍ തങ്ങള്‍: സല്‍സ്വഭാവത്തിന്റെ ആള്‍രൂപം.


ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

മലപ്പുറം എടരിക്കോട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിലെ പ്രതിനിധി സംഗമം കഴിഞ്ഞ് താഴെക്കോട് വരെ പോകണമെന്നായി. ആത്മമിത്രങ്ങളായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫിയും തട്ടുമ്മല്‍ ശിഹാബ് സഖാഫിയും അദ്ദേഹത്തിന്റെ പിതാവ് അബൂബക്കര്‍ ഫൈസിക്കുമൊപ്പമാണ് യാത്ര. . ഉള്ളാള്‍ മദനി അറബി കോളേജ് മുദരിസായിരുന്ന താഴെക്കോട് അബ്ദുല്ല ഉസ്താദിനെ കാണാനായിരുന്നു  അബൂബക്കര്‍ ഫൈസിക്കൊപ്പം ഞങ്ങള്‍ പോയത്.
എടരിക്കോട് നിന്ന് കാറിലായിരുന്നു യാത്ര.ഉള്ളാളത്ത് പഠിക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങളും താഴെക്കോട് ഉസ്താദിന്റെ അഗാധമായ പാണ്ഡിത്യത്തെക്കുറിച്ചെല്ലാം ശിഷന്യായ അബൂബക്കര്‍ ഫൈസി  ഞങ്ങള്‍ക്ക് പറഞ്ഞു തന്നു..

താഴെക്കോട് അബ്ദുല്ല ഉസ്താദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളും അവിടെ ഉണ്ട്.
സമസ്ത കേന്ദ്ര മുശാവറ അംഗവും മന്‍ശഅ സ്ഥാപനങ്ങളുടെ ചെയര്‍മാനും നിരവധി മഹല്ലുകളുടെ ഖാസിയും ഹുമൈദി പണ്ഡിതന്മാരുടെ ഗുരുവര്യനുമായ മാട്ടൂല്‍ തങ്ങളെന്ന നേതാവ് സാദാ മുതഅല്ലിമിനെ പോലെ ഗുരുവായ താഴെക്കോട് അബ്ദുല്ല ഉസ്താദിന്റെ അരികില്‍ വിനയാന്വിതനായി നില്‍ക്കുകയാണ്. തൊട്ടടുത്ത കസേരയില്‍ ഇരിക്കാന്‍ അബ്ദുല്ല ഉസ്താദ് പറയുന്നുണ്ടെങ്കിലും മാട്ടൂല്‍ തങ്ങള്‍ ഇരുന്നില്ല.

' ഗുരുവായ അങ്ങയുടെ മുമ്പില്‍ ഇരിക്കാന്‍ മാത്രം വളര്‍ന്നവനല്ല ഞാനെന്ന'' ഭാവത്തില്‍ ഒഴിഞ്ഞു മാറുകയായിരുന്നു മാട്ടൂല്‍ തങ്ങള്‍.മണിക്കൂറോളം താഴെക്കോട് ഉസ്താദിന്റെ വീട്ടില്‍ ഉണ്ടായിരുന്ന തങ്ങള്‍  നിമിഷ നേരം പോലും ഇരുന്നില്ലെന്നതാണ് വിചിത്രം. 

ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ തങ്ങുടെ വിനയവും സല്‍സ്വഭാവവുമാണ് അദ്ദേഹത്തിന്റെ ജീവിതവിജയലെ ഗോപ്യം.
 സല്‍സ്വഭാവമാണ് മാട്ടൂല്‍ തങ്ങളുടെ മുഖമുദ്ര. ആരെയും വേദനിപ്പിക്കാതെ ധന്യ ജീവിതം നയിച്ച തങ്ങള്‍ പതിനായിരങ്ങളുടെ അഭയമായിരുന്നു.
കുടുംബ-ഗുരുശിഷ്യ- പ്രാസ്ഥാനിക ബന്ധങ്ങളെ പ്രതിബന്ധങ്ങളില്ലാതെ കൊണ്ട് നടന്ന അതുല്യ വ്യക്തിത്വമായിരുന്നു മാട്ടൂല്‍ തങ്ങള്‍.
ജാതി, മത കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍വ്വരോടും സൗമ്യതയില്‍ പെരുമാറിയ തങ്ങള്‍ മാട്ടൂല്‍ക്കാരുടെ സ്വന്തം നേതാവാണ്. 
കോയമ്മ തങ്ങളെന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്.കുടുംബ മസ്ലഅത്തിനും മഹല്ലു ചര്‍ച്ചകള്‍ക്കുമെല്ലാം നാട്ടില്‍ നേതൃത്വം വഹിക്കുന്നത് തങ്ങളായിരുന്നു.
സമസ്തയുടെ ഭിന്നിപ്പിന് ശേഷം താജുല്‍ ഉലമയും കാന്തപുരം ഉസ്താദും നേതൃത്വം നല്‍കുന്ന പണ്ഡിത സഭക്കു കീഴില്‍ അടിയുറച്ച് നിന്നപ്പോഴും നാട്ടില്‍ തങ്ങള്‍ക്കുണ്ടായ സ്വീകാര്യതക്ക് യാതൊരു ഭംഗവുമുണ്ടായില്ലെന്നത് മാട്ടൂല്‍ തങ്ങളുടെ സ്വഭാവവൈശിഷ്ഠ്യത്തെയാണ് അറിയിക്കുന്നത്.
നാട്ടുകാര്‍ക്ക് കൂട്ടുകാരനായിരുന്നു തങ്ങള്‍. വീടുകള്‍ക്ക് കുറ്റിയടിക്കുന്നതിനും കടകള്‍ ഉദ്ഘാടനം ചെയ്യുന്നതിനും വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതിനെല്ലാം തങ്ങളെയായിരുന്നു നാട്ടുകാര്‍ക്ക് വേണ്ടത്.
സല്‍സ്വഭാവികളെ മാത്രമേ ജനങ്ങള്‍ അംഗീകരിക്കൂ. അവരെ അനുസരിക്കാന്‍ മനുഷ്യര്‍ സന്നദ്ധനാവുമെന്ന് ജീവിതം കൊണ്ട് തെളിയിച്ച നേതാവാണ് മാട്ടൂല്‍ തങ്ങള്‍. പെരുമാറ്റം പേരുമാറ്റും എന്നാണല്ലോ ചൊല്ല്.തങ്ങളുടെ ജീവിതവും അതായിരുന്നു.
ബുഖാരി ബബീലയിലെ പ്രമുഖനും നിരവധി കറാമത്തുകള്‍ക്കൊണ്ട് പ്രസിദ്ധരുമായ കൊന്നാര മഖാമില്‍ അന്തിയുറങ്ങുന്ന കൊഞ്ഞുള്ള ഉപ്പാപ്പ എന്നറിയപ്പെടുന്ന കുഞ്ഞുള്ള തങ്ങള്‍ ഉപ്പാപ്പ എന്നവരുടെ മകന്‍ ചെറു കുഞ്ഞി തങ്ങളുടെ മകളാണ് മാതാവ്.

ഏഴിമല തങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പത്ത് മക്കളില്‍ മൂത്ത പുത്രനായ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്.1950 പയ്യന്നൂര്‍ രാമന്തളിയിലാണ് മാട്ടൂല്‍ തങ്ങളുടെ ജനനം.
കടമ്പേരി ഇബ്രാഹിം മുസ്ലിയാര്‍, സയ്യിദ് ത്വാഹ തങ്ങള്‍ എന്നിവരില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. രാമന്തളിയില്‍ നിന്ന് അറിവിന്റെ ബാലപാഠം നുകര്‍ന്നതിന് ശേഷം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ കീഴില്‍ പഠിക്കുകയും 1973 ല്‍ മദനി ബിരുദം നേടി പുറത്തിറങ്ങുകയും ചെയ്തു.ഉള്ളാള്‍ അറബി കോളേജിലെ പ്രഥമ ബിരുദധാരികളില്‍ ഒരംഗമായിരുന്നു തങ്ങള്‍.

ഉസ്താദായ താജുല്‍ ഉലമക്ക് പ്രിയങ്കരനായ വിദ്യാര്‍ത്ഥിയായിരുന്നു മാട്ടൂല്‍ തങ്ങള്‍. താജുല്‍ ഉലമയുടെ അരികിലേക്ക് ഏത് സമയത്തും കയറി ചെല്ലാന്‍ മാത്രം സ്‌നേഹമായിരുന്നു മാട്ടൂല്‍ തങ്ങളോട്. ഉള്ളാള്‍ കോളേജിലെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഒരിക്കല്‍ പോലും താജുല്‍ ഉലമ മാട്ടൂല്‍ തങ്ങളോട് ദേഷ്യപ്പെടുന്നതായി കണ്ടിട്ടില്ലെന്നാണ് സതീര്‍ത്ഥ്യനായ തട്ടുമ്മല്‍ അബൂബക്കര്‍ ഫൈസി പറയുന്നത്. 
ജ്ഞാന തല്‍പരതയും അച്ചടക്കവുമെല്ലാം തങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതത്തിലെ പ്രത്യേകതയായിരുന്നു.ളുഹാ, തഹജ്ജുദും മറ്റ് സുന്നത്ത് നിസ്‌കാരങ്ങളെല്ലാം മുറ തെറ്റാതെ നിര്‍വ്വഹിച്ചിരുന്ന മുതഅല്ലിം ജീവിതമായിരുന്നു തങ്ങളുടേത്. താഴെക്കോട് അബ്ദുല്ല മുസ്ലിയാര്‍,ബാവ അഹമ്മദ് മുസ്ലിയാര്‍,ഇമ്പിച്ചാലി മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരു. 

താജുല്‍ ഉലമയുടെ നിര്‍ദ്ദേശപ്രകാരം 1973 മുതല്‍ കാസര്‍കോട് ജില്ലയിലെ ദേലമ്പാടിയില്‍ മുദരിസായി.
അന്ന് മുതല്‍ വഫാത്ത് വരെ ദേലമ്പാടിയുടെ ആത്മീയ നേതൃത്വമായിരുന്നു തങ്ങള്‍.
ദേലമ്പാടിയുടെ ആത്മീയ വൈജ്ഞാനിക സാംസ്‌കാരിക വികസനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അനിഷേധ്യ അമരക്കാരനാണ് സയ്യിദ് ഹാമിദ് കോയമ്മയെന്ന മാട്ടൂല്‍ തങ്ങള്‍.
ദേലമ്പാടിയില്‍ മലയാളം പഠിക്കാന്‍ കുട്ടികളില്ലാതെ വരികയും തല്‍ഫലമായി മലയാള ഡിവിഷന്‍ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാവുകയും ചെയ്തപ്പോള്‍ മുദരിസായ തങ്ങള്‍ മറുനാട്ടില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ ദര്‍സില്‍ കൊണ്ട് വന്ന് സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചതിനാല്‍  മലയാള മീഡിയം നിലനിര്‍ത്തുകയും ചെയ്തു. തങ്ങളുടെ കൂര്‍മ്മബുദ്ധിയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ് ഇന്നും മലയാള മീഡിയം പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ന് ദേലമ്പാടി റഫീഖ് സഅദി പങ്കുവെച്ചു.

ദിശണാ ശാലികളായ ബഹുമുഖ പ്രതിഭകളെ ദേലമ്പാടിയിലെ മുദരിസ് ജീവിതത്തില്‍ മാട്ടൂല്‍ തങ്ങള്‍ക്ക് വാര്‍ത്തെടുക്കാന്‍ സാധിച്ചു.ദേലമ്പാടിയില്‍ നിന്ന് നിരവധി പണ്ഡിതന്മാര്‍ വളര്‍ന്നു വരാന്‍ കാരണവും മാട്ടൂല്‍ തങ്ങളുടെ സേവനമെന്നാണ് റഫീഖ് സഅദി പറയുന്നത്.

1982ല്‍ ദേലമ്പാടിയില്‍ നിന്ന് പയ്യന്നൂരിനടുത്ത പുളിങ്ങോമിലേക്ക് സേവനം മാറി. പുളിങ്ങോമില്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിനും അഗതി അനാഥ മന്ദിരത്തിന്റെ ആരംഭത്തിനുമെല്ലാം നേതൃത്വം നല്‍കിയത് തങ്ങളായിരുന്നു.
പുളിങ്ങോമിലെ സേവന കാലത്താണ്  തങ്ങള്‍ക്ക് സ്ഥാപന പ്രവര്‍ത്തനങ്ങളുമായി മുന്നേറാമെന്ന ആശയം ഉദിക്കുന്നത്. പ്രസ്തുത ചിന്തയില്‍ നിന്നാണ് സ്വദേശമായ മാട്ടൂലില്‍ മന്‍ശഅ പിറവിയെടുക്കുന്നത്.

1986ല്‍ മാട്ടൂല്‍ പഞ്ചായത്ത് എസ് വൈ എസിനു കീഴിലായി തുടക്കം കുറിച്ച സ്ഥാപനം ഇന്ന് മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് അതുല്യ സേവനങ്ങളുമായി മുന്നേറുന്നു.6 അനാഥകളെ കൊണ്ട് ആരംഭിച്ച സ്ഥാപനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു.ഹുമൈദി ബിരുദധാരികളായ പണ്ഡിതന്മാരാണ് സ്ഥാപനത്തിന്റെ മേല്‍വിലാസം.

1982ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ മുശാവറയിലേക്ക് തെരഞ്ഞെടുത്തു. പിന്നീട് കേന്ദ്ര മുശാവറയില്‍ അംഗമായ തങ്ങള്‍ കന്‍സുല്‍ ഉലമാ ചിത്താരി ഉസ്താദിന്റെ വഫാത്തിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ഖാളിയായി നിയമിതനായി.
ആത്മീയ വൈജ്ഞാനിക പ്രാസ്ഥാനിക രംഗത്ത് അക്ഷീണം പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് താജുല്‍ ഉലമ സ്മാരക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 
ചാവക്കാട് സയ്യിദ് ഹിബതുല്ലാഹ് ബുഖാരി, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍,മക്കയിലെ ശൈഖ് നൂര്‍ മുഹമ്മദ്, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ തുടങ്ങിയവര്‍ മശാഇഖുമാരാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സുന്നീ സ്ഥാപനങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളിലും മറ്റ് പ്രസ്ഥാനിക പരിപാടികളിലെല്ലാം നിറസാന്നിധ്യമായി വേദിയില്‍ പ്രശോഭിച്ച സൂര്യ തേജസ്സായ മാട്ടൂല്‍ തങ്ങളുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നതില്‍ തര്‍ക്കമില്ല.
സല്‍സ്വഭാവം കൊണ്ട് വിപ്ലവം തീര്‍ത്ത മാട്ടൂല്‍ തങ്ങളുടെ ജീവിതം മാതൃകയാക്കേണ്ടതുണ്ട്.സ്വഭാവ ഗുണം കൊണ്ട് തങ്ങള്‍  നേടിയെടുത്ത അംഗീകാരം പ്രബോധകര്‍ക്ക് മാതൃകയാണ്. പ്രവാചക വചനങ്ങളുടെ അന്വര്‍ത്ഥമായിരുന്നു മാട്ടൂല്‍ തങ്ങളുടെ ജീവിതം..

 സല്‍സ്വഭാവമെന്നാല്‍ എന്തെന്ന്
മുഹമ്മദ്(സ്വ)യോട് ഒരാള്‍ ചോദിച്ചു:
വിട്ടുവീഴ്ച മുഖമുദ്രയാക്കുകയും സത്കര്‍മം കല്‍പിക്കുകയും അറിവില്ലാത്ത മൂഢന്മാരെ തിരസ്‌കരിക്കുകയും ചെയ്യുക എന്ന ഖുര്‍ആനിക സൂക്തം ഓതി റസൂല്‍(സ്വ) പറഞ്ഞു: ബന്ധം വിഛേദിക്കുന്നവരോട് ബന്ധം പുനഃസ്ഥാപിക്കുകയും നിനക്ക് തടഞ്ഞവര്‍ക്ക് കൊടുക്കുക, നിന്നോട് അക്രമം കാണിച്ചവരോട് മാപ്പാക്കുക.

മറ്റൊരാള്‍ തിരുദൂതരോട് ചോദിച്ചു: എന്താണ് ദീന്‍? 

അവിടുന്ന് പറഞ്ഞു: സല്‍സ്വഭാവം. 

ആഗതന്‍ നബി(സ്വ)യുടെ വലതുഭാഗത്തിലൂടെ വന്നു ചോദിച്ചു: 

എന്താണ് ദീന്‍? 

അവിടുന്ന് പറഞ്ഞു: സല്‍സ്വഭാവം. 

അദ്ദേഹം ഇടതുഭാഗത്തിലൂടെ വന്ന് ചോദ്യം ആവര്‍ത്തിച്ചു, 

പ്രവാചകര്‍(സ്വ) മറുപടിയും. 

പിന്നെ അയാള്‍ നബി(സ്വ)യുടെ പിന്നിലൂടെ വന്നും അതേ ചോദ്യമുന്നയിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു: നിനക്ക് മനസ്സിലായില്ലേ? നീ ക്ഷോഭിക്കരുത്, അതാണ് ദീന്‍.

മാട്ടൂല്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ ജീവിതം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരയുന്ന സന്ദേശമാണിത്. നാഥന്‍ അവിടുത്തെ ദറജ വര്‍ദ്ദിപ്പിക്കട്ടെ... ആമീന്‍


SHARE THIS

Author:

0 التعليقات: