Saturday, 23 May 2020

ഓര്‍മയിലെ ചെറിയ പെരുന്നാള്‍.

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

കഴിഞ്ഞ ചെറിയ പെരുന്നാള്‍ ഒരുമയുടെ പെരുമ നിറഞ്ഞ ഓര്‍മകളാണ് സമ്മാനിച്ചത്. ബെളിഞ്ച ബദര്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് സുഹൃത്തുക്കളായ ബഷീര്‍ പാലഗം, അബ്ദുറസ്സാഖ്(റസ്സു പുളിന്റടി),അഷ്‌റഫ് കേള്‍മാര്‍, ഫാറൂഖ് ഗുരിയടുക്ക,സുബൈര്‍ ഗുരിയടുക്ക, അബ്ദുലെത്തീഫ്(ലെത്തു) തുമ്പ്‌റച്ചാല്‍, തുടങ്ങിയവരോടൊപ്പം ആഘോഷിച്ച പെരുന്നാള്‍ സുദിനത്തിന് പത്തരമാറ്റാണ്.
കാലപ്പഴക്കങ്ങള്‍ നിറഞ്ഞ ഓര്‍മയുടെ ഏടുകളില്‍  ചിതലരിയാത്ത അധ്യായങ്ങളെ അയവിറക്കിയുള്ള പെരുന്നാള്‍ സഞ്ചാരം ഏവര്‍ക്കും ആത്മനിര്‍വൃതിയേകി.
 വിരിഞ്ഞ് നില്‍ക്കുന്ന താമരക്കൂട്ടങ്ങള്‍ പോലെ നിറപുഞ്ചിരി തൂകുന്ന വദനവുമായി വീടുകള്‍ കയറിയിറങ്ങിയപ്പോള്‍ മനസ്സ് ആനന്ദം പൂണ്ടു.  അനിര്‍വചനീയ അനുഭൂതി പകര്‍ന്ന പെരുന്നാള്‍ സുദിനം ഖല്‍ബില്‍ നാട്ടോര്‍മകളുടെ നവ്യാനുഭവമായി. 
കുടിലിന്റെയും കുടുംബത്തിന്റെയും കണ്ണ് കുളിര്‍ക്കാന്‍ കാതങ്ങള്‍ കടന്ന് കനക നാട്ടിലെത്തിയ പ്രിയ കൂട്ടുകാര്‍ക്കൊപ്പം  ആഘോഷിച്ച പെരുന്നാള്‍ ഓര്‍മകള്‍ ഇന്നും ആനന്ദത്തിന്റെ തേന്മഴ പെയ്യിപ്പിക്കുന്നു.
യാദൃശ്ചികമായ ഒരുമിച്ച് കുടലായിരുന്നു അത്.
പള്ളിക്കാട്ടില്‍ അന്തിയുറങ്ങുന്ന പൊന്നുമ്മയുടെയും കുടുംബക്കാരുടെയും ഖബര്‍ സിയാറത്ത് ചെയ്ത് ഖബറാളികള്‍ക്ക് സലാം പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ പൊന്നുമ്മയുടെ ഓര്‍മകളായിരുന്നു.
കുട്ടിപ്രായത്തില്‍ പെരുന്നാളിന് പള്ളിയില്‍ പോകാനായി
പുത്തനുടുപ്പ് ധരിച്ച് അഭിപ്രായം അറിയാന്‍ ഉമ്മയുടെ മുമ്പിലെത്തും.
' ഹാ,നല്ല പാങ്ങ്ണ്ട്,ചന്തായിനി.' അതായിരിക്കും പെരുന്നാള്‍ ദിനത്തിലെ  ആദ്യ ലൈക്കും കമന്റും.ഒരുമ്മയില്‍ നിന്ന് ലഭിക്കുന്ന അംഗീകാരത്തേക്കാള്‍ വലുത് മറ്റെന്തുണ്ട്.ഒരുമ്മയില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണമാണത്.എഴുത്തും വാനയും അറിയാത്ത പൊന്നുമ്മ സ്‌കൂള്‍ മദ്‌റസകളുടെ പാദുകം  പോലും കണ്ടിരിക്കില്ല.പക്ഷെ പൊന്നുമ്മക്ക് ഈ  സൈക്കോളജിക്കല്‍ കമന്റ് എങ്ങെനെയറിഞ്ഞന്നാണ്  മനസ്സിലാവാത്തത്.അതാണ് പൊന്നുമ്മയെന്ന പെറ്റുമ്മ. 
കളിക്കൂട്ടുകാരനായ തുമ്പ്രച്ചാല്‍ ലെത്തീഫും ഞാനും പെരുന്നാള്‍ നിസ്‌കാരത്തിനായ് ഒരുമിച്ചാണ് പള്ളിയിലെത്തിയിരുന്നത്. ടാര്‍ പാകിയ  റോഡൊന്നും അന്നില്ല.വീടിന്റെ വടക്ക് വശത്തുള്ള കുന്നിലെ  ഇടുങ്ങിയ വഴിയില്‍ നടന്നു പോകണം.രണ്ട് കാല്‍ ചേര്‍ത്തി വെക്കാനുള്ള ഇടമില്ലാത്ത ഊടുവഴി...
 പുറം പള്ളിയിലാണ് കുട്ടികള്‍ ഇരിക്കേണ്ടത്.മൂസ മുക്ക്രിക്കാന്റെ നുച്ചി വടി കോണിപ്പുറത്ത് ഞങ്ങളെയും നോക്കി ചിരിക്കും.തക്ബീര്‍ ചൊല്ലിക്കൊടുക്കുന്നത് മുക്ക്രിച്ചായത് കൊണ്ട് വടിക്ക് കാര്യമായ പണിയുണ്ടായിരുന്നില്ല.ഖത്തീബുസ്താദിന്റെ തല കണ്ടാല്‍ പള്ളി നിശബ്ദമാവും.മൈക്ക് കൈയ്യില്‍ പിടിച്ച് ഖത്തീബ്
' ഖൂമൂ യാ ഇബാദല്ലാഹ്' എന്ന് ചൊല്ലുമ്പോള്‍ എല്ലാവരും എണീറ്റ് നില്‍ക്കും.പെരുന്നാള്‍ നിസ്‌കാരത്തിന്റെ രൂപം പറഞ്ഞ് കൊടുത്ത് നിസ്‌കാരത്തിലേക്ക് കടക്കും.
നിസ്‌കാരം കഴിഞ്ഞാല്‍ ഖുതുബ ഓതാന്‍ ഖതീബ് മിമ്പറില്‍ കയറിയാല്‍
പുറം പള്ളിയില്‍ പുത്തനുടുപ്പ് നോക്കി അഭിപ്രായം പങ്കുവെക്കുന്ന തിരക്കിലായിരിക്കും കുട്ടികള്‍...
ദാരിദ്ര്യവും ഇല്ലായ്മയും കൊടികുത്തി വാഴ്ന്നിരുന്ന കാലത്ത്   പഴയതിനെ പുതിയതായി ഉപയോഗിക്കലാണ് പതിവ്..
പെരുന്നാള്‍ നിസ്‌കാരവും ഖുതുബയും കഴിഞ്ഞാല്‍ ഉസ്താദിന്റെ പ്രസംഗം നടക്കും.അതിനിടയില്‍ ആരെങ്കിലും ചിരിപ്പിച്ചാല്‍ കുട്ടികളുടെ ഭാഗത്ത് നിന്ന് കൂട്ടച്ചിരി ഉയരും.പ്രഭാഷണത്തിനിടയില്‍  ഉസ്താദിന്റെ ഇടിമുഴക്കം പോലെയുള്ള താക്കീത് കേട്ടാല്‍ മൂത്രമൊഴിക്കും.റമളാന്‍ അവധി കഴിഞ്ഞ് മദ്‌റസാ തുറന്നാല്‍ വിചാരണയും ശിക്ഷയും നടക്കും. .
പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങും. പെരുന്നാള്‍ പലഹാരവും ചായയുമാണ് കിട്ടാറ്. നടുക്കുന്നില്‍  നേരത്തെ തന്നെ കോഴിക്കറിയും നെയ്‌ച്ചോറും റെഡിയാകും.കുടുതല്‍ വീടുകളിലും കോഴിയിറച്ചിയും നെയ്‌ച്ചോറുമാണ് പെരുന്നാളിന്റെ സ്പഷ്യല്‍ ഫുഡ്.ബീഫും ബിരിയാണിയും കാണാകാഴ്ചയായിരുന്നു അന്ന്.
ഗുണ്ടിളത്ത് എത്തിയാല്‍ ഭക്ഷണം കഴിക്കല്‍ നിര്‍ബന്ധം.പോറ്റുമ്മയെപ്പോലെയായിരുന്നു മറിയമ്മായി. എപ്പോള്‍ പോയാലും യഥേഷ്ടം തിന്നാനും കുടിക്കാനും കിട്ടിയിരുന്ന വീടായിരുന്നു അത്.മറിയമ്മായുടെ മൂത്ത മകന്‍ ഹനീഫിച്ച ഗള്‍ഫില്‍ നിന്ന് വന്നാല്‍ എനിക്കായി  പുത്തനുടുപ്പും മിഠായിയും  പ്രത്യേകം കരുതിവെക്കും.അമ്മായി നല്‍കിയ ഉടുപ്പായിരിക്കും പലപ്പോഴും പെരുന്നാളിന്റെ പുത്തനുടുപ്പ്.
അവരുടെ ഖബര്‍ അല്ലാഹു വെളിച്ചമാക്കട്ടെ...ആമീന്‍  
കേള്‍മാറും ഗുരിയടുക്കവും നിര്‍ബന്ധമായും പോകണം.ഉപ്പന്റെയും ഉമ്മയുടെയും തറവാടാണത്.പള്ള ദഹിക്കണമെങ്കില്‍ അവിടെ പോകലാണ് ഉത്തമം.വലിയ കുന്നും പ്ലാന്റേഷനും താണ്ടി പോകണം.അവിടെയും ഇടുങ്ങിയ വഴിയാണ്.രണ്ടാളുകള്‍ക്ക് തോള് പിടിച്ച് നടക്കാന്‍ വയ്യ.പോവുന്ന വഴിയില്‍ അഞ്ചാറ് കുളമുണ്ട്.സൂക്ഷിച്ചു പോകാന്‍  ഉമ്മയും ഉപ്പയും നിര്‍ദ്ദേശിക്കും.ചിലപ്പോള്‍ കുളത്തിന്റെ വക്കത്തിരുന്ന് കളിക്കും.ഒഴുക്കുള്ള നേരമാണെങ്കില്‍ മീന്‍ പിടിച്ച് സമയം കളയും.വഴിപോക്കറില്‍ ആര്‍ക്കെങ്കിലും കണ്ടാല്‍  വീട്ടില്‍ പോയി പറയുമെന്നുറപ്പ്.അടിക്കിട്ടിയില്ലെങ്കില്‍ നല്ല കാലമെന്ന് പറയാനേയാവൂ.എല്ലാം കഴിഞ്ഞ് തറവാട് വീടിലെത്തുമ്പോള്‍ പുത്തനുടുപ്പ് നിറയെ ചളിയാകും.മിക്ക ഭാഗവും നനഞ്ഞിരിക്കും.
ഗുരിയടുക്കത്തുണ്ടായിരുന്നത് ബെലിയാക്കയും പക്ക്രുഞ്ഞാക്കയും പിന്നെ നബീസമ്മായുമാണ്.കേള്‍മാറില്‍ മൂത്തയും ഉണ്ടായിരുന്നു.എല്ലാ വീട്ടില്‍ നിന്നും കഴിക്കണം.വയറാണെങ്കില്‍ ഒന്നേയുള്ളൂ.കഴിച്ച പോലെയാക്കി പെട്ടെന്ന് സ്ഥലം വിടലാണ് പണി. പെരുന്നാളിന്റെ പകല്‍ അന്ധിയില്‍ ഗുരിയടുക്കയില്‍ നിന്നും നടുക്കുന്നിലേക്ക് ഒരൊഴുക്കായിരിക്കും.വര്‍ണ്ണങ്ങളാല്‍ വിസ്മയിപ്പിക്കുന്ന വസ്ത്രാലങ്കാരവുമായി അവരെത്തുമ്പോള്‍ വീടും പരിസരവും നിറയും.പത്ത് മുപ്പതോളം പേര്‍ ആ കൂട്ടത്തിലുണ്ടാകും. ഇന്ന് അവരെല്ലാം നടുക്കുന്നിലേക്ക് താമസം മാറി വന്നതിനാല്‍ ഗുരിയടുക്കമെന്ന തറവാട് ചരിത്രശേഷിപ്പായിമാറി.
 നീണ്ട കാലങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നാട് ചുറ്റിയപ്പോഴാണ് പഴയ പ്രതാപങ്ങളുടെ ഓര്‍മകള്‍ മനസ്സില്‍ വിരിഞ്ഞത്...
 ചുരുക്കത്തില്‍ പഴയ കാല പെരുന്നാളുകള്‍ ആഘോഷത്തിന്റെയും കുടുംബ ബന്ധം ചേര്‍ക്കലിന്റെയും സന്തോഷ ദിനമായിരുന്നു.പെരുന്നാളിന്റെ ആഘോഷപ്പൊലിമ വീണ്ടെടുത്ത് കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാന്‍ മാനവ ലോകം സടകുടഞ്ഞ് ഉണരേണ്ടതുണ്ട്.  
*കൊറോണയുടെ ജാഗ്രതയില്‍
സഹനത്തിന്റെയും സന്തോഷത്തിന്റെയും റംസാന്‍ നാളുകള്‍ക്ക് നിറമിഴിയോടെ യാത്രയ്പ്പ് നല്‍കി വിശ്വാസികള്‍ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമായ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുമ്പോള്‍ നോവുന്ന ഓര്‍മകളായിരിക്കും  പങ്കുവെക്കാനുണ്ടാവുക.


SHARE THIS

Author:

0 التعليقات: