Wednesday, 6 May 2020

ത്വാഹിര്‍ തങ്ങളുടെ റമളാന്‍: ഡയാലിസുകള്‍ക്കിടയിലെ വ്രതാനുഷ്ഠാനം.


ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

കിഡ്നി സംബന്ധമായ രോഗശുശ്രൂഷക്ക് വേണ്ടി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസ് ചെയ്തിരുന്നു. ഓരോ ഡയാലിസിനും അഞ്ച് മണിക്കൂര്‍.24 മണിക്കൂര്‍ വിശ്രമിച്ചാലും മാറാത്ത ഡയാലിസ് ക്ഷീണം. വിശുദ്ധ റമളാനിലും ഡയാലിസ് നിര്‍ബന്ധമായി വന്നു. എണ്ണത്തിനോ വണ്ണത്തിനോ കുറവില്ല. എല്ലാം തഥൈവ.
ജീവിതം നാഥന്റെ പ്രീതിക്കുവേണ്ടി സമര്‍പ്പിക്കുകയും പരലോക വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിത തേജസ്സായ സൈനുല്‍ മുഹഖ് ഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ രോഗശയ്യയിലായിരിക്കുമ്പോള്‍ റമളാനിനെ വരവേറ്റത്ത് വിശ്വാസികള്‍ക്ക് മാതൃകയാണ്.
കോഴിക്കോട് നാഷ്ണല്‍ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. മാങ്കാവിനടുത്ത വാടക വീട്ടിലായിരുന്നു താമസം. ഹാര്‍ട്ടും കിഡ്‌നിയും ഷുഗറും പ്രഷറുമായി ശാരീരിക ക്ഷീണം അനുഭവിക്കുന്നതിനിടയിലാണ് ത്വാഹിര്‍ തങ്ങള്‍  റമളാനില്‍ നോമ്പ് അനുഷ്ഠിക്കുന്നത്. പതിവ് പോലെ റമളാനിലും ആഴ്ചയില്‍ മൂന്ന് ഡയാലിസ് നിര്‍ബന്ധമായി വന്നു.രോഗം അല്ലാഹുവിന്റെ പരീക്ഷണമായി വിശ്വസിച്ച് റമളാനില്‍ ആരാധനനിരതനായി കഴിയുകയായിരുന്നു താഹിര്‍ തങ്ങള്‍.
അത്താഴം കഴിച്ച് സുബ്ഹ് ബാങ്ക് വരെ ദിക്‌റ് ഔറാദുകളുമായി നീങ്ങും.സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് കഴിഞ്ഞ് ഫര്‍ള് നിസ്‌കരിക്കും. പിന്നെ നീണ്ട സമയം ഖുര്‍ആനോത്തും ദിക്‌റ് ഔറാദും. സൂര്യോദയത്തിന് ശേഷം ളുഹ നിസ്‌കാരവും.
 ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള സുന്നത്തുകളെല്ലാം നിര്‍വഹിച്ചിരുന്ന ത്വാഹിര്‍ തങ്ങള്‍ തറാവീഹ് 20 റകാഅത്ത് നിന്ന് നിസ്‌കരിക്കുമായിരുന്നു. ഡയാലിസ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ഇബാദത്തെടുത്ത തങ്ങളുടെ റംസാന്‍ ജീവിതം പങ്കുവെക്കുമ്പോള്‍ ദൃസാക്ഷികളായ ഭാര്യക്കും മക്കള്‍ക്കും നയനം നിറയുന്നു.
റമളാനിലെ മുപ്പത് നോമ്പ് അനുഷ്ഠിക്കുകയും ഫര്‍ള് സുന്നത്ത് നിസ്‌കാരങ്ങളെല്ലാം നിന്ന് നിസ്‌കരിക്കുകയും ചെയ്തിരുന്ന തങ്ങളുടെ ആരാധന ഭ്രമം കുടുംബക്കാരെ അത്ഭുതപ്പെടുത്തി.
റമളാനിലെ എല്ലാ രാവുകളിലും സുബ്ഹ് വരെ ആരാധന കര്‍മ്മങ്ങളില്‍ മുഴുകിയ സയ്യിദ് ത്വാഹിര്‍ തങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം പകലുകളില്‍ ഡയാലിസിന് പോകുമായിരുന്നു.
ഡയാലിസ് ചെയ്യുമ്പോള്‍ നോമ്പ് പിടിക്കുന്നത് സ്വീകാര്യമാണോയെന്ന സംശയത്തോട് തങ്ങളുടെ പ്രതികരണം ഇങ്ങനെയായിരുന്നു 
' കൊമ്പ് വെക്കല്‍ കൊണ്ട് നോമ്പ് മുറിയില്ലെന്നാണല്ലോ കര്‍മ്മശാസ്ത്രം.കൊമ്പ് വെക്കലിന്റെ ആധുനിക രീതിയാണ് ഡയാലിസ്.അതുകൊണ്ട് കൊമ്പ് വെക്കലിന്റെ നിയമം ഇവിടെയും ബാധകമാവും.''പ്രസ്തുത ഫിഖ്ഹ് വീക്ഷണം എനിക്കും ബാധകമാണ്.നോമ്പ് അനുഷ്ഠിക്കാതിരുന്നാല്‍ ഞാന്‍ കുറ്റക്കാരനാവേണ്ടി വന്നാലോ.''... അതായിരുന്നു ത്വാഹിര്‍ തങ്ങള്‍.

മുതഅല്ലിമായിരിക്കുമ്പോള്‍ പഠിക്കുന്ന സുന്നത്തുകളെല്ലാം ജീവിതത്തില്‍ പകര്‍ത്തിയതിന് പട്ടിക്കാട് കോളേജില്‍ നിന്ന് ശംസുല്‍ഉലമ, മുത്തബിഉസ്സുന്ന എന്ന വിശേഷണം  ത്വാഹിര്‍ തങ്ങള്‍ക്ക് നല്‍കിയത് സമകാലികര്‍ വിനീതനോട് പങ്കുവെച്ചിട്ടുണ്ട്.
പട്ടിക്കാട് കോളേജില്‍ നിന്ന് ഫൈസി ബിരുദം വാങ്ങി കര്‍മ്മ ഗോഥയില്‍ ഇറങ്ങിയതിന് ശേഷം റമളാനില്‍ ദര്‍സിന് അവധി നല്‍കി  കൂളിമാടിലെ വീട്ടില്‍ എത്തിയാല്‍ പുരക്കകത്തുള്ള മുറിയെ പള്ളിയായി വഖ്ഫ് ചെയ്യുകയും അതില്‍  ഇഅതികാഫ് ഇരിക്കുകയും പതിവായിരുന്നു. മുഴുസമയവും അവിടെ ഇരുന്ന് നിസ്‌കാരവും ഖുര്‍ആനോത്തുമായി കഴിഞ്ഞ് കൂടും.നോമ്പ് തുറക്ക് ആവശ്യമായതും തുടര്‍ന്ന് കഴിക്കാനുള്ള വിഭവങ്ങളുമെല്ലാം വീട്ടുകാര്‍ പ്രസ്തുത മുറിയില്‍ വെച്ച് കൊടുക്കും.
റമളാനിലെ അവസാന പത്തില്‍ കുളിമാട്ടെ വീട്ടിനടുത്ത തെന്നഞ്ചേരി പള്ളിയിലാണ് ഇഅതികാഫ് ഇരുന്നിരുന്നത്.റമളാന്‍ 20ന് വീട്ടില്‍ നിന്ന് ഇഅതികാഫിന് പള്ളിയില്‍ പോയാല്‍ പെരുന്നാള്‍ അമ്പിളി ഉദയം ചെയ്താല്‍ മാത്രമേ  തിരിച്ച് വീട്ടില്‍ വരികയുള്ളൂ. പത്ത് ദിവസം മുഴുസമയവും പള്ളിയില്‍ ഇരുന്ന് ഇബാദത്തിലായി കഴിഞ്ഞിരുന്ന ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ജീവിതം മനുഷ്യജന്മങ്ങള്‍ക്ക് ഉദാത്ത മാതൃകയാണ്. പത്ത് ദിവസം പള്ളിയില്‍ ഇഅതികാഫിരിക്കുമ്പോള്‍ വീട്ടില്‍ നിന്നാണ് ഭക്ഷണം എത്തിച്ചിരുന്നത്.  
 തറവാട്ട് വീട്ടില്‍ നിന്ന് താമസം സ്വഗൃഹത്തിലേക്കും പിന്നീട്  കാസര്‍കോട്ടേക്ക് മാറിയതിന് ശേഷവും വീട്ടിലെ ഇഅതികാഫ് പതിവാക്കുകയും ഭാര്യയെയും മക്കളെയും കൂട്ടി  വീട്ടില്‍ ജമാഅത്ത് നിസ്‌കരിക്കുകയും ചെയ്തിരുന്നു. 
മുഹിമ്മാത്ത് എന്ന വൈജ്ഞാനിക സമുച്ഛയത്തിന്റെ പിറവിക്ക് ശേഷം സ്ഥാപനത്തിന്റെ ആവശ്യത്തിനായ് റമളാനില്‍ വിദേശത്തേക്ക് പോവേണ്ടി വന്നതിനാല്‍ സാമൂഹിക സേവനങ്ങളുമായ് മുന്നേറി...
കുടുംബക്കാരെയും അയല്‍വാസികളെയും ക്ഷണിച്ച് വീട്ടില്‍ സംഘടിപ്പിച്ചിരുന്ന നോമ്പ് തുറയും മക്കള്‍ക്ക് വേറിട്ടനുഭവമായിരുന്നു.

നോമ്പ് തുറ സമയത്ത് നല്ല വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പ്രിയ പത്‌നിയോട് പറയും.തലശ്ശേരിക്കാരിയായ ഭാര്യ ഉണ്ടാക്കുന്ന വിഭവങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന സ്വപത്‌നിയെ  അഭിനന്ദിക്കുമായിരുന്നു ത്വാഹിര്‍ തങ്ങള്‍.
അയല്‍ വാസികളായ കുട്ടികളെ ക്ഷണിച്ച് പ്രത്യേക നോമ്പ് തുറ സദസ്സും തങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
റമളാനിലും മറ്റ് ദിവസങ്ങളിലും ത്വാഹിര്‍ തങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിന് അതിഥികളുണ്ടാവുന്നത് സര്‍വ്വസാധാരണയാണ്. ഇന്നും വീട്ടിലെത്തുന്നവരെ പള്ള നിറയെ സല്‍കരിക്കുകയാണ് ഭാര്യയും മക്കളും.
മുഹിമ്മാത്തെന്ന വൈജ്ഞാനിക സ്ഥാപനത്തിന്റെ പിറവിക്കു ശേഷം നൂറിലേറെ വരുന്ന  അനാഥ അഗതികളായ  മക്കളുടെയും  ആയിരത്തിലേറെ മുതഅല്ലിംകളുടെയും ജീവിത വിജയത്തിനും സന്തോഷത്തിനും വേണ്ടി ഉലകം ചുറ്റുകയായിരുന്നു സൈനുല്‍ മുഹഖ് കീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍. 
പൊതുപ്രവര്‍ത്തന രംഗത്തെ തിരക്കുകള്‍ക്കിടയിലും രോഗശയ്യയിലും നാഥന്റെ മുമ്പില്‍ സാഷ്ടാംഗം ചെയ്യാന്‍ തങ്ങള്‍ക്ക് യാതൊരു തടസ്സവും ഉണ്ടായില്ല.
അവിടുത്തെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ...ആമീന്‍


SHARE THIS

Author:

0 التعليقات: