Saturday, 30 May 2020

ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. എന്നാല്‍ കണ്ടയ്ന്‍മെന്റ് സോണുകളില്‍ ഇവ തുറക്കാന്‍ അനുമതിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. .

ആരോഗ്യ-ക്ഷേമ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. 'സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി കൂടിയാലോചിച്ച് മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ പുറപ്പെടുവിക്കും' ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി തുടരും. എന്നാല്‍ സമയത്തില്‍ മാറ്റമുണ്ട്. രാത്രി 7 മുതല്‍ രാവിലെ 7 വരെ എന്നുള്ളത് രാത്രി 9 മുതല്‍ രാവിലെ 5 വരെയാകും. 
കണ്ടെയിന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരും. കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളില്‍ നിന്നോ ഉള്ള യാത്രകള്‍ക്ക് നിരോധനം തുടരും. എന്നാല്‍ അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല..


SHARE THIS

Author:

0 التعليقات: