Saturday, 9 May 2020

അര മണിക്കൂര്‍ കൊണ്ട് 'ഹൃദയം കൊച്ചിയില്‍'; സര്‍ക്കാര്‍ ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം വിജയം, ഇനി ശസ്ത്രക്രിയ

കൊച്ചി: കോതമംഗംലം സ്വദേശിനിയ്ക്ക് വെച്ചുപിടിപ്പിക്കാനുള്ള ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് 3.30ഓടെ പുറപ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചി ഹയാത് ഹെലിപ്പാഡിലാണ് ഇറങ്ങിയത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ ലിസി ആശുപത്രിയിലെത്തിച്ചു. 

നാല് മിനിറ്റിനുള്ളില്‍ ആറ് കിലോമീറ്റര്‍ താണ്ടിയാണ് ആംബുലന്‍സ് ആശുപത്രിയിലെത്തിച്ചത്. സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള ചെമ്പഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയമാണ് 49 വയസ്സുകാരിയായ കോതമംഗലം സ്വദേശിനിക്ക് വേണ്ടി ഹെലികോപ്റ്ററില്‍ എത്തിച്ചത്. രാവിലെ 11 മണിക്ക് കിംസില്‍ നടന്ന ശസ്ത്രക്രയയ്ക്കായി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്ത് എത്തിയിരുന്നു. 

പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനായി പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയിരുന്നു.


SHARE THIS

Author:

0 التعليقات: