Saturday, 30 May 2020

മസ്ജിദുന്നബവി വിശ്വാസികള്‍ക്കായി നാളെ തുറന്നു കൊടുക്കും


മദീന: കൊവിഡ് കാരണം പൊതു ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന മദീനയിലെ 'പ്രവാചകന്റെ പള്ളി' ഘട്ടം ഘട്ടമായി തുറന്ന് കൊടുക്കുന്നതിനു സൗദി ഭരണാധികാരി സല്മാന്‍ രാജാവ് അംഗീകാരം നല്‍കി. മെയ് 31 ഞായറാഴ്ച ഫജ്ര്‍ നമസ്‌ക്കാരത്തോടെയായിരിക്കും മസ്ജിദുന്നബവി വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുക.
ശക്തമായ സുരക്ഷാ, ജാഗ്രതാ ക്രമീകരണങ്ങളോടെ പള്ളിയില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ ഇരുഹറം കാര്യ വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഓരോ നമസ്‌ക്കാരത്തിനു ശേഷവും പള്ളി അണുമുക്തമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പള്ളിയില്‍ വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അധികൃതര്‍ വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ പള്ളിയുടെ ആകെ ശേഷിയുടെ 40 ശതമാനത്തില്‍ താഴെ ആളുകളെ ഉള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുക. പള്ളിയുടെ വികസിത ഭാഗങ്ങളിലെയും മുറ്റത്തെയും കാര്‍പ്പറ്റുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യും. ഇവിടങ്ങളില്‍ മാര്‍ബിളില്‍ ആയിരിക്കും നമസ്‌ക്കാരം നടക്കുക. കാനുകള്‍ മുഖേനയും ബോട്ടിലുകള്‍ മുഖേനയുമുള്ള സംസം വിതരണം ഉണ്ടാകില്ല.
പള്ളിയുടെ കാര്‍ പാര്‍ക്കിംഗിന്റെ 50 ശതമാനം പ്രവര്‍ത്തിപ്പിക്കും. പള്ളിയിലും മുറ്റത്തുമുള്ള ഇഫ്താര്‍ സുപ്രകള്‍ നിര്‍ത്തലാക്കിയത് തുടര്‍ന്നും അത് പോലെ തുടരും. ചെറിയ കുട്ടികള്‍ക്ക് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല. നമസ്‌ക്കരിക്കുന്നവര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കും.
പുരുഷന്മാര്‍ക്ക് പ്രവേശിക്കുന്നതിനു ബാബുല്‍ ഹിജ്‌റ നമ്പര്‍ 4, ബാബ് ഖുബാ നമ്പര്‍ 5, ബാബ് മലിക് സഊദ് നമ്പര്‍ 8, ബാബ് ഇമാം ബുഖാരി നമ്പര്‍ 10, ബാബ് മലിക് ഫഹദ് നമ്പര്‍ 21, ബാബ് മലിക് അബ്ദുല്‍ അസീസ് നമ്പര്‍ 34, ബാബ് മക്ക നമ്പര്‍ 37, എന്നീ വാതിലുകള്‍ ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് സിയാറത്തിനായി 13, 17, 25, 29 എന്നീ നാലു വാതിലുകളും നിശ്ചയിച്ചിട്ടുണ്ട്. പള്ളിയിലേക്ക് വരുന്നവര്‍ മുന്‍ കരുതല്‍ നടപടികളും മാസ്‌ക്കും ധരിക്കണം. പാര്‍ക്കിംഗ് ഏരിയകളിലെ പാര്‍ക്കിംഗ് ഫീസുകള്‍ മൊബൈല്‍ ആപ്പുകള്‍ വഴിയാണു അടക്കേണ്ടത്.


SHARE THIS

Author:

0 التعليقات: