Sunday, 10 May 2020

മാതൃദിനത്തില്‍ മാതാക്കള്‍ക്ക് 1000 രൂപ; സാന്ത്വനമായി എസ് വൈ എസ് ചേക്കോട്

ആനക്കര: ലോകമാതൃദിനത്തില്‍ ഉമ്മമാര്‍ക്ക് ആയിരം രൂപ സമ്മാനിച്ച് എസ് വൈ എസ് ചേക്കോട് യൂണിറ്റ്. ചേക്കോട് സ്‌നേഹപുരം മഅദിനുസ്സുന്ന, ശാന്തിതീരം രിസാലതു സ്വിബ് യാന്‍ എന്നീ മദ്‌റസകളിലെ വിദ്യാര്‍ഥികളുടെ മാതാക്കള്‍ക്കാണ് ലോക്ക്ഡൗണ്‍ കാല ആശ്വാസമായി ആയിരം രൂപ നല്‍കിയത്. ഇരു മദ്‌റസ കമ്മിറ്റികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി. മാതൃദിനമായ ഇന്ന് ആയിരം രൂപ ഉമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും.

കോവിഡ് കാരണം മദ്‌റസകളെല്ലാം പ്രവര്‍ത്തനംനിലച്ചിരിക്കുമ്പോഴാണ് വേറിട്ട പദ്ധതിയുമായി ചേക്കോട്ടെ സുന്നി മദ്‌റസകള്‍ മുന്നോട്ടുവന്നിരിക്കുന്നത്. തുടങ്ങിയ കാലം മുതല്‍ ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ഫീസ്, പഠനോപകരണങ്ങള്‍, വാഹനം എന്നിവ സൗജന്യമാണ്. ഇതിന്റെ ചെലവുകള്‍ വഹിക്കുന്നതും യൂണിറ്റ് എസ് വൈ എസാണ്. ഫുഡ് കാര്‍ഡ്, ഭക്ഷ്യധാന്യ വിതരണം, വിവിധ ക്ഷേമ പെന്‍ഷനുകള്‍ എന്നിവക്കായി ഇതിനകം 3 ലക്ഷം രൂപയുടെ സാന്ത്വനപ്രവര്‍ത്തനം എസ് വൈ എസ് ചേക്കോട് യൂണിറ്റ് നടപ്പിലാക്കിയിട്ടുണ്ട്.

റൈഞ്ച് പരിധിയില്‍ മികച്ച അക്കാദമിക നിലവാരവം പുലര്‍ത്തുന്ന ഈ മദ്‌റസകള്‍ ഇതിനകം ഒട്ടേറെ ഉപഹാരങ്ങളും നേടിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം രിസാലത്തുസ്വിബ്‌യാന്‍ മദ്‌റസ വിദ്യാര്‍ഥി മുഹമ്മദ് ഷാമില്‍ കെ. പി.യുടെ ഉമ്മ ഷഹനാസിന്റെ അക്കൗണ്ടിലേക്ക് നല്‍കി എസ് എം എ ജില്ലാ സെക്രട്ടറി കെ. പി. കുഞ്ഞാപ്പ ഹാജി നിര്‍വ്വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് അഹ്‌സനി, വാദീ മഹബ്ബ ചെയര്‍മാന്‍  മൊയ്തീന്‍ ഹാജി, ഹൈദര്‍ അലി മാസ്റ്റര്‍, മുഹമ്മദ് മുസല്യാര്‍, സിറാജ് ആനക്കര, ലത്വീഫ് എ.വി., ബശീര്‍ കെ. പി., മുഹ്‌സിന്‍ സഖാഫി, ഉവൈസ് കെ. പി. സംസാരിച്ചു.

.


SHARE THIS

Author:

0 التعليقات: