Tuesday, 23 June 2020

കൊവിഡ് -19; പുറത്തു മാത്രമല്ല; വീടുകള്‍ക്കകത്തും കരുതല്‍ വേണം: മുഖ്യമന്ത്രി




തിരുവനന്തപുരം: കൊവിഡ് കാലത്ത് പുറത്തു മാത്രമല്ല, വീടുകള്‍ക്കകത്തും കരുതലോടെ ഇടപഴകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും മറ്റും. എന്നാല്‍, വീട്ടിലും ഈ കരുതലെടുക്കേണ്ട സ്ഥിതിയാണുള്ളത്. വീടിനകത്തു കഴിയുന്ന വയോധികര്‍, കുഞ്ഞുങ്ങള്‍ എന്നിവരുമായി ഇടപഴകുന്നത് ശ്രദ്ധയോടെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ചിട്ടും  രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരുണ്ട്. ഇവര്‍ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താന്‍ സാധ്യതയേറെയാണ്. തനിക്ക് രോഗം വരില്ല എന്ന ചിന്ത പാടില്ല. താനും രോഗബാധിതനായേക്കാം എന്ന ധാരണയോടെ മുന്‍കരുതല്‍ സ്വീകരിച്ചാവണം പൊതു സ്ഥലത്തും വീടിനകത്തുമെല്ലാം ഇടപെടേണ്ടത്.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ കൂടുതല്‍ അപകടകരമായ സാഹചര്യമാണുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനത്തിന്റെ സൂചനയാണിത്. ഇന്ത്യയില്‍ 40 ശതമാനത്തില്‍ അധികമാണ് ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍. എന്നാല്‍ കേരളത്തില്‍ നിലവിലത് രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും സാമൂഹിക വ്യാപനമുണ്ടായോ എന്ന് പരിശോധിക്കുകയും
പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ്‌സോണുകളാക്കി തിരിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്. അതുകൊണ്ടാണ് ഇതുവരെ സാമൂഹിക വ്യാപനം തടയാന്‍ സാധിച്ചത്. എന്നാല്‍, സാമൂഹിക വ്യാപന ഭീഷണി ഇല്ലാതായെന്ന് ഇതിനര്‍ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






SHARE THIS

Author:

0 التعليقات: