Thursday, 25 June 2020

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി,12ാം ക്ലാസ് പരീക്ഷ സാഹചര്യം അനുകൂലമായാല്‍ നടത്തും



ന്യൂഡല്‍ഹി| കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ന്യൂഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് അറിയിച്ചതായി സി ബി എസ് ഇ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതേസമയം 12ാം ക്ലാസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സാഹചര്യം അനുകൂലമായാല്‍ നടത്തുമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.
വൈറസ് രോഗവ്യാപന ആശങ്കയില്‍ പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാടറിയിച്ചത്.



ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി,സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ലോക്ക്ഡൗണ്‍ മൂലം മുടങ്ങിയ പരീക്ഷകള്‍, ജൂലൈ ഒന്ന് മുതല്‍ 15 വരെ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

പരീക്ഷ ഒഴിവാക്കി ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരായ രക്ഷിതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടത്. നിലപാട് ഇന്ന് അറിയിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പരീക്ഷാ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സി ബി എസ് ഇയും അറിയിച്ചത്.




SHARE THIS

Author:

0 التعليقات: