Tuesday, 23 June 2020

സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറക്കാന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തേടുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുക്കാന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപന തോത് കുറക്കാനാണ് വിദേശത്ത് നിന്ന് വരുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവരെ ടെസ്റ്റ് നടത്തി രോഗ ബാധിതരേയും അല്ലാത്തവരേയും വേര്‍തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രത്തിനുമുന്നില്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തുകളയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളുമായി ബന്ധപ്പെട്ട് അതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെഅറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുന്ന ആളുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ല. ജൂണ്‍ 25 മുതല്‍ വിദേശത്തുനിന്ന് വിമാനത്തില്‍ വരുന്ന യാത്രക്കാര്‍ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. യാത്രക്കിടയില്‍ രോഗപ്പകര്‍ച്ചയുണ്ടാകാതിരിക്കാനാണിത്. പ്രവാസികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ എന്ത് ചെയ്യാനാകുമെന്ന് കേന്ദ്രവുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.



കേന്ദ്രം അറിയിച്ചത് പ്രകാരം യുഎഇയില്‍ മാത്രമാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളു. കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത്. ടെസ്റ്റ് ഒന്നിന് ഏകദേശം ആയിരം രൂപയാണ് ചിലവ് വരിക.

ഒമാനില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ മാത്രമേയുള്ളു. ഇവിടെ സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍25 ന് ടെസ്റ്റ് നിര്‍ബന്ധമാക്കല്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധുമുട്ടുണ്ടെന്നാണ്അവിടെനിന്ന് അറിയിച്ചിട്ടുള്ളത്. സഊദിയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികള്‍ നടത്തുന്നുണ്ട്. പക്ഷെ അത് അവിടുത്തെ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. ബഹറൈനില്‍ ടെസ്റ്റ് നടത്താനും പ്രയാസമുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കുവൈത്തില്‍ ഒരു ടെസ്റ്റും നടക്കില്ലെന്നാണ് നേരത്തെ എല്ലാവരും വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം പറയുന്നത് അവിടെ ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നാണ്.

വിഷയത്തില്‍സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശത്തുള്ളവര്‍ക്ക് എല്ലാവര്‍ക്കും വരാനുള്ള നടപടികളാണ് സര്‍ക്കാര്‍സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.





SHARE THIS

Author:

0 التعليقات: