Thursday, 11 June 2020

കൊവിഡ് 19: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി



ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡ് കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ക്രിക്കറ്റ് മത്സരത്തിനുള്ള അനുകൂല സാഹചര്യം നിലവിലില്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ജൂണ്‍ അവസാനം ആരംഭിക്കാനിരുന്ന പരമ്പരയാണ് റദ്ദാക്കിയത്. മുന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും അടങ്ങുന്ന പരമ്പരയുടെ തീയതി ഇതുവരെ നിശ്ചയിച്ചിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ ക്രിക്കറ്റ് പരമ്പരയില്‍ പങ്കെടുക്കാനാകില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി. പിന്നീട് പരമ്പര കളിക്കാന്‍ തയ്യാറാണെന്നും ബി.സി.സി.ഐ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരമ്പര റദ്ദാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബി.സി.സി.ഐ തീരുമാനം അറിയിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാഹചര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരമ്പര റദ്ദാക്കുകയാണെന്നും ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.


SHARE THIS

Author:

0 التعليقات: