Saturday, 6 June 2020

പഠിക്കാന്‍ നെറ്റ് വര്‍ക്ക് തേടി പുരപ്പുറത്ത്; അതിവേഗ കണക്ഷന്‍ വാഗ്ദാനം ചെയ്ത് കമ്പനികള്‍

മലപ്പുറം: വീടിനകത്ത് നെറ്റ്വര്‍ക്ക് കവറേഞ്ച് കുറഞ്ഞതിനെ തുടര്‍ന്ന് പുരപ്പുറത്ത് കയറിയിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിനിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അതിവേഗ കണക്ഷന്‍ വാഗ്ദാനം ചെയ്ത് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍. കുറ്റിപ്പുറം കെ എം സി ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി എ മൂന്നാം വര്‍ഷം പഠിക്കുന്ന കോട്ടക്കല്‍ സ്വദേശിനി നമിത നാരായണനാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.

വാര്‍ത്തയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടു പിടിച്ചതോടെ വിദ്യാര്‍ഥിനിയെ ആദ്യം സമീപിച്ച ജിയോ മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷന്‍ അനുവദിച്ചു നല്‍കി. ഇപ്പോള്‍ ഫുള്‍ റേഞ്ചില്‍ പഠനം തകൃതിയായി നടക്കുന്നു. എന്നാല്‍, ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും സമീപത്തുള്ള പല കുട്ടികളും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും നമിത പറഞ്ഞു.

നമിത പഠിക്കുന്ന കോളജില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, റേഞ്ച് കുറവായതിനാല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇരുനില വീടിന്റെ മുകളില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി പല തവണ കയറിയിട്ടുള്ളതിനാല്‍, നമിതക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ലായിരുന്നു. എന്നാല്‍, പുരപ്പുറത്തെ പഠനം സഹോദരി നയന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതോടെ സംഗതി വൈറലായി.

പഠിച്ച് ഐ എ എസ് നേടുകയെന്നതാണ് നമിതയുടെ ലക്ഷ്യം. ചിത്രം വൈറലായതോടെ സ്ഥലം എം എല്‍ എ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങളും ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും വിദ്യാര്‍ഥിനിയെ വിളിച്ച് അഭിനന്ദിച്ചു.


SHARE THIS

Author:

0 التعليقات: