Wednesday, 3 June 2020

മഹാരാഷ്ട്രയെ വിറപ്പിച്ച് 'നിസര്‍ഗ'; മുംബൈ വിമാനത്താവളം അടച്ചു

മുംബൈ: അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മുംബൈ തീരം തൊട്ടതോടെ മഹാരാഷ്ട്രയില്‍ കനത്ത ഭീതി.
മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ റായ്ഗഢില്‍ കര തൊട്ട നിസര്‍ഗ ശക്തമായ മഴക്കൊപ്പം ജില്ലയുടെ തീരദേശങ്ങളില്‍ ആഞ്ഞടിച്ച് തുടങ്ങി.  മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടലാക്രമണവും രൂക്ഷമാകും. മുന്‍കരുതല്‍ നടപടിയായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം രാത്രി 7 മണി വരെ അടച്ചു. ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഫെഡെക്‌സ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്.

129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരം തൊടുന്നത്. ഒരുലക്ഷത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ച 1882ലെ ബോംബെ ചുഴലിക്കാറ്റാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ഇതിനുമുമ്പ് പിടിച്ചുലച്ചത്.


കഴിഞ്ഞ ആഴ്ച പശ്ചിമബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ഉം പുന്‍ ചുഴലിക്കാറ്റില്‍ നൂറ് പേരാണ് മരിച്ചത്.  രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായ നിസര്‍ഗ ഈ നൂറ്റാണ്ടില്‍ മുംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ്. 33 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തില്‍ പെയ്തത്.  നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കടല്‍ കാര്യമായി കരയിലേക്ക് കയറാനും  വലിയ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. ഇതുവരെ സംസ്ഥാനം അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളില്‍ ഏറ്റവും ഭീകരമാണ് നിസര്‍ഗയെന്നും ജനങ്ങള്‍ സുരക്ഷിതമായി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചു.

കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ട്. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ, താനെ, പുണെ, റായ്ഗഡ്, പാല്‍ഘര്‍, കൊങ്കണ്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും ലഭിക്കും.  കേരളത്തില്‍ പരക്കെ മഴ ലഭിച്ചേക്കും.  മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: