Thursday, 4 June 2020

സര്‍ക്കാര്‍ അവഗണനയുടെ നാല് പതിറ്റാണ്ട്: ഹൃദയ നൊമ്പരമായി ബെളിഞ്ച എ എല്‍ പി സ്‌കൂള്‍.

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

കാസര്‍കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങിളില്‍ ഏകദേശം 31.09 ച.കി.മീറ്റര്‍ വിസ്തൃതിയിലുള്ള ഭൂപ്രദേശമടങ്ങിയ പഞ്ചായത്താണ് കുമ്പടാജ.കിഴക്ക് ബെള്ളൂറും വടക്ക് എണ്‍മകജയും പടിഞ്ഞാറ് ബദിയടുക്കയും തെക്ക് കാറഡുക്ക, ചെങ്കള പഞ്ചായത്തുകളുമാണ് അതിര്‍ത്തി പ്രദേശങ്ങള്‍.500ഏക്കറോളം പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ബാക്കി കൃഷിഭൂമിയും കുന്നിന്‍ പ്രദേശവുമടങ്ങിയ നാടാണ് കുമ്പടാജ പഞ്ചായത്ത്.
പ്ലാന്റേഷന്‍ കോര്‍പറേഷനും കവുങ്ങും കേരവൃക്ഷത്തൈകളും നെല്‍പ്പാടങ്ങളുമുള്ള കുമ്പടാജയിലെ പ്രധാന ഗ്രാമമാണ് ബെളിഞ്ച.
കാര്‍ഷിക രംഗത്ത് പേരും പെരുമയുമുള്ള ഈ നാട് മത സൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമാണ്. ഹിന്ദു മുസ്ലിം ക്രൈസ്തവ വിശ്വാസികള്‍ ഒരുമയോടെ സ്‌നേഹത്തിന്റെ പട്ട് നൂലില്‍ കോര്‍ത്ത മുത്തുമണികളായി കഴിയുന്നുവെന്നത് നാട്ടിന്റെ പ്രത്യേകതയാണ്. മലയാളം, കന്നട, തുളു,കൊങ്കിണി ഭാഷകള്‍ സംസാരിക്കുന്നവരാണ് ഇവിടത്തുകാര്‍.
മത  സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് ബെളിഞ്ചയുടേത്.
മുസ്ലിം ഹിന്ദു ആരാധനാലയങ്ങളും മതപഠന കേന്ദ്രങ്ങളും നാടിന്റെ സാംസ്‌കാരിക പ്രൗഢിക്ക് യശ്ശസേകുന്നു. 
'ബൊളിഞ്ച' എന്ന തുളു പ്രയോഗമാണ് ബെളിഞ്ചയായി മാറിയതെന്നും പറയപ്പെടുന്നു. അനിര്‍വചനീയ സാംസ്‌കാരിക വിശേഷങ്ങളുള്ള ബെളിഞ്ചയോട് സര്‍ക്കാര്‍ കാട്ടുന്ന വിദ്യാഭ്യാസ അവഗണന നാടിന്റെ ഹൃദയ നൊമ്പരമായി മാറിയിരിക്കുന്നു. 
ബെളിഞ്ചയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നാട്ടിലെ ഏക വിദ്യാലയമായ എ എല്‍ പി സ്‌കൂളാണ് സര്‍ക്കാര്‍ അവഗണനയുടെ ഇര.
1950 കാലഘട്ടത്തില്‍ കന്നട മീഡിയമായി കൊച്ചു കുടിലില്‍ ആരംഭിച്ച ഈ വിദ്യാകേന്ദ്രത്തില്‍ ഇപ്പോള്‍ കന്നട മലയാള പഠനത്തിനു പുറമേ ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിച്ച് വരുന്നു. കന്നട,മലയാളം അഞ്ചാം തരം വരെയും  മൂന്നാം ക്ലാസ്സ് വരെ ഇംഗ്ലീഷ് മീഡിയവുമാണുള്ളത്.ത്രി ഭാഷാ മീഡിയങ്ങളിലായ് അഞ്ചൂറോളം വിദ്യാര്‍ത്ഥികള്‍ പഠിച്ച് വരുന്നു.
കര്‍ഷകരും കൂലിത്തൊഴിലാളികളുമായിരുന്ന നാട്ടുകാരുടെ മക്കള്‍ക്ക് ഉത്തമവും ഉദാത്തവുമായ വിദ്യാഭ്യാസ ഭാവി ആഗ്രഹിച്ച് 1950ല്‍ സുബ്രഹ്മണ്യ ഭട്ട് എന്ന സാമൂഹ്യ സ്‌നേഹി ആരംഭിച്ച കന്നട മീഡിയത്തിലൂടെയാണ് ബെളിഞ്ചയില്‍ ജ്ഞാന കവാടം തുറന്നത്. കര്‍ണ്ണാടകയോട് ചേര്‍ന്ന് നിന്ന പ്രദേശമായതിനാല്‍ കന്നടയായിരുന്നു ഔദ്യോഗിക ഭാഷ.ക്രയവിക്രയങ്ങള്‍ക്കും ഔദ്യോഗിക രേഖകള്‍ക്കും കന്നട ലിപിയായിരുന്നു ഉപയോഗിച്ചത്.നാട്ടിലെ പഴയകാല പ്രമാണങ്ങളെല്ലാം ഇന്നും  കന്നടയിലാണുള്ളത്.
ജാതി മത ഭേദമന്യേ സര്‍വ്വരും കന്നട പഠിച്ചതിനാല്‍ പഴമക്കാര്‍ക്കെല്ലാം  നിഷ്പ്രയാസം കന്നട സംസാരിക്കാനും എഴുതാനും സാധിക്കുന്നു.മരിച്ചതും ജീവിച്ചിരിക്കുന്നതുമായ പഴയ തലമുറ മലയാളം, കന്നട, തുളു ഭാഷകളിലാണ് ആശയ വിനിമയം നടത്തിയിരുന്നത്.  
1984 ന് കാസര്‍കോട് ജില്ല പിറവി കൊണ്ടതിന് ശേഷമാണ് പഞ്ചായത്തില്‍ മലയാള ഭാഷ ലിഖിതമായി തുടങ്ങിയത്.
*നാട്ടുകാര്‍ക്ക് മലയാളം പഠിപ്പിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ 1980 ല്‍ ആരംഭിച്ച  മലയാള മീഡിയം തലമുറയുടെ സര്‍വ്വകലാശാലയാണ്.നാട്ടുകാരനും രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പൊസോളിഗെ അബ്ദുല്ല ഹാജിയാണ്  മലയാള മീഡിയമെന്ന സദുദ്യമത്തിന് വിത്തെറിഞ്ഞത്.*
അബ്ദുല്ല ഹാജിക്ക് പുറമെ ഗുണ്ടിളം അന്തുഞ്ഞി, ദര്‍ക്കാസ് മുഹമ്മദ് ഹാജി,കൊട്ടാരി ഫഖ്‌റുദ്ധീന്‍ ഹാജി തുടങ്ങിയവരും ആസൂത്രണ സംഘത്തിലെ അംഗങ്ങളായിരുന്നു.
നാട്ടില്‍ മലയാള മീഡിയമെന്ന സ്വപ്നം പൂവണിയാന്‍ ആദ്യന്ത്യം പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തിത്വമാണ് അബ്ദുല്ല ഹാജി.
ജില്ലയുടെ പിറവിയോടെ മലയാള പഠനം നാട്ടുകാര്‍ക്ക് ഹരമായി.പിന്നീട്  എല്‍ പി വിദ്യാഭ്യാസം വരെ കന്നട മലയാള മീഡിയം സ്‌കൂളുകള്‍  അബ്ദുല്ല ഹാജിയുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 
 എ എല്‍ പി സ്‌കൂള്‍ ബെളിഞ്ച എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പൊസോളിഗെ അബ്ദുല്ല ഹാജി.
കുമ്പടാജ ഗ്രാമ പഞ്ചായത്തിലെ പ്രധാന സ്‌കൂളുകളിലൊന്നായ ബെളിഞ്ച എ എല്‍ പി സ്‌കൂളിന്റെ ചുറ്റുഭാഗവും എന്‍ഡോസള്‍ഫാന്‍ മേഖലയാണ്. പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ താമസിക്കുന്ന ഈ മേഖലക്ക് ആശ്രയമായിട്ടുള്ള  വിദ്യാലായമാണ് ബെളിഞ്ച സ്‌കൂള്‍.
70 വര്‍ഷത്തെ പ്രവര്‍ത്ത പാരമ്പര്യമുള്ള കന്നട മീഡിയവും 40 വര്‍ഷം പിന്നിട്ട മലയാള മീഡിയത്തിലുമായി അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് ലഭിക്കുന്നത്.
പoന മികവ് പുലര്‍ത്തുന്ന ബെളിഞ്ച എല്‍ പി സ്‌കൂളില്‍ നിന്ന് പഠിച്ചു വളര്‍ന്ന നിരവധി പ്രതിഭകള്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഭാത്വം തെളിയിച്ചിട്ടുണ്ട്.
കുമ്പടാജ ഗ്രാമ പഞ്ചായത്തിലെ കുദിങ്കില, തുപ്പക്കല്‍, ചെറൂണി, കുമ്പടാജ, നടുവണമ്പയല്‍, ഗോസാഡ,മുക്കൂര്‍,കായിമല, നാരമ്പാടി തുടങ്ങിയ നാടുകളില്‍ നിന്നും  മണ്ണാപ്പ്,മച്ചാവ്, കാരക്കാട് കജ കോളനിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കന്നട,മലയാള പoനത്തിനായ് എത്തുന്നത് ഇവിടെക്കാണ്. പരിമിതമായ യാത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും നാലഞ്ച് കിലോമീറ്റര്‍ കാല്‍നടയായുമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുന്നത്.
*കന്നട മലയാളം മീഡിയത്തിലെ അഞ്ചാം ക്ലാസ്സ് വരെയുള്ള പoനം കഴിഞ്ഞ്  യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ക്കായി മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ടി വരുന്നത് പലരെയും പഠനം പകുതി വഴിയില്‍ നിര്‍ത്താന്‍ കാരണമാകുന്നു.*
യാത്ര ക്ലേശമാണ് പoനം നിര്‍ത്താനുള്ള പ്രധാന കരണം.
ബെള്ളൂര്‍, മുള്ളേരിയ, ബദിയടുക്ക സ്‌കൂളുകളെയാണ് തുടര്‍ പഠനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്.
ബെളിഞ്ചയുടെ കിഴക്ക് ഭാഗത്തുള്ള ബെള്ളൂര്‍ സ്‌കൂളിലെത്താന്‍  4 കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു. ഇതു വഴി ബസ് സര്‍വ്വീസോ മതിയായ വാഹന സൗകര്യമോ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ യാത്രാ ദുരിതം അനുഭവിക്കേണ്ടി വരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പഷനിലൂടെ കടന്നു പോകുന്ന റോഡായതിനാല്‍ പലപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണവും ഭയക്കേണ്ടതുണ്ട്.
 തുച്ഛമായ വേതനത്തിന് തൊഴില്‍ ചെയ്ത് ഉപജീവന മാര്‍ഗ്ഗം നടത്തുന്ന കുടുംബങ്ങള്‍ക്ക് ടാക്‌സി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് അമിതമായ  സാമ്പത്തിക ഭാരത്തിന് കാരണമാകുന്നു.ഇത്തരം സാഹചര്യങ്ങളാണ് പoനം ഉപേക്ഷിക്കാന്‍ വഴിയൊരുക്കുന്നത്.
ബദിയടുക്കയിലേക്കുള്ള യാത്രയും തഥൈവ. 
 കുമ്പടാജ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ മലയാളം പഠിക്കാന്‍ ഒരു ഹൈസ്‌കൂള്‍ പോലുമില്ലെന്നതാണ് മറ്റൊരു കഥ.
മുന്നാക്ക പിന്നാക്ക വിഭാഗങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായ ബെളിഞ്ച എ എല്‍ പി സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടും ഭരണ കേന്ദ്രങ്ങളില്‍ നിന്ന് മതിയായ പരിഗണന ലഭിക്കാതെ പോവുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് പറയാതെ വയ്യ.ഹൈസ്‌കൂളായി ഉയര്‍ത്താന്‍ മാറി മാറി വരുന്ന കേരള സര്‍ക്കാറിന് മുമ്പില്‍ നിരവധി തവണ  അപേക്ഷിച്ചിട്ടും യാതൊരു പരിഗണനയും ഉണ്ടായില്ല.
എന്‍ഡോസള്‍ഫാന്‍ മേഖലയായ കുമ്പടാജ പഞ്ചായത്തില്‍ ശ്രേഷ്ഠ ഭാഷയായ മലയാളം പഠിക്കാനുള്ള ഹൈസ്‌കൂളൊന്നുമില്ലെന്ന വസ്തുത കണ്ണടച്ച് ഇരുട്ടാക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത്. പഞ്ചായത്തിലെ പത്തോളം നാടുകളില്‍ നിന്നും പിന്നാക്ക കോളനിയില്‍ നിന്നുള്ള  വിദ്യാര്‍ത്ഥികളും എന്‍ഡോസള്‍ഫാന്‍ ഇരകളും ആശ്രയിക്കുന്ന ഏക വിദ്യാലയമെന്ന പരിഗണ നല്‍കി ബെളിഞ്ച സ്‌കൂളിനെ ഹൈസ്‌കൂളായി  ഉയര്‍ത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷ.
6 നും 14 നും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്ന അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ വൃഥാവിലാക്കുകയാണിവിടെ.
സൗജന്യവുംനിര്‍ബന്ധവുമായ വിദ്യാഭ്യാസം നല്‍കാനുള്ള സാമ്പത്തിക സാഹചര്യങ്ങളില്ലാത്തതിനാല്‍  പലര്‍ക്കും തുടര്‍ പoനമെന്നത് സ്വപ്നം മാത്രമായി മാറിയിട്ടുണ്ട്.
ബെളിഞ്ച സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് പഠനത്തിന് ശേഷം  കൂലിവേലക്ക് പേകേണ്ടി വന്ന നിരവധി പേര്‍ നാട്ടിലും പരിസരങ്ങളിലും ജീവിച്ചിരിക്കുന്നുണ്ട്.
*നീണ്ട് പോകുന്ന ഈ വിദ്യാഭ്യാസ അവഗണനയില്‍ നഷ്ടപ്പെടുന്നത് തലമുറയുടെ വൈജ്ഞാനിക ഭാവിയാണ്.*
ബെളിഞ്ചയില്‍ ഹൈസ്‌കൂള്‍ പoനത്തിന് വഴിയൊരിക്കിയാല്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയൊരു വിപ്ലവം തീര്‍ക്കാന്‍  സാധിക്കുമെന്നതില്‍ സംശയമില്ല.
സപ്ത ഭാഷകളുടെ സംഗമ ഭൂമിയെന്ന വിശേഷണമുള്ള കാസര്‍കോട് ജില്ലയ്ക്ക് വിദ്യാഭ്യാസ രംഗത്ത് അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്ന ബെളിഞ്ച സ്‌കൂളില്‍ മലയാളം,കന്നട, ഇംഗ്ലീഷ്, ഉറുദു, സംസ്‌കൃതം, അറബി, ഹിന്ദി എന്നീ ഭാഷകള്‍ പഠിപ്പിച്ച് വരുന്നു.


SHARE THIS

Author:

0 التعليقات: