Wednesday, 10 June 2020

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈന്‍ മദ്റസക്ക് തുടക്കമായി

കോഴിക്കോട് :പൊന്നുമ്മക്കൊരു മുത്തം നല്‍കി അവര്‍ പതിനായിരക്കണക്കിന് കുരുന്നുകള്‍ മദ്റസാ പഠനത്തിന് തുടക്കമിട്ടു. കൊറോണയെ തുടര്‍ന്ന് പഠനം പൂര്‍ണമായും ഓണ്‍ലൈനായപ്പോള്‍ മാതാപിതാക്കളുടെ ചാരെ വീട്ടിലിരുന്നാണ് കുരുന്നുകള്‍ മദ്റസാ വിദ്യഭ്യാസത്തിന് തുടക്കമിട്ടത്. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുളള ഓണ്‍ലൈന്‍ മദ്റസ മീഡിയക്കും ഇതോടെ ഗംഭീര തുടക്കമായി.

മദറ്സ മീഡിയയില്‍ ഒന്നാം ക്ലാസുകാര്‍ക്കായി തയ്യാറാക്കിയ ആദ്യ ക്ലാസ് ഏവരുടെയും മനം കവര്‍ന്നു. കുട്ടികളെ ബലൂണുകളുമായി സ്വാഗതം ചെയ്ത ശേഷം ഉമ്മയെ കുറിച്ചുള്ള മനോഹരമായ ഗാനത്തോടെയാണ് ഒന്നാം ക്ലാസ് ആരംഭിച്ചത്. കുട്ടികളുടെ മനം കവര്‍ന്ന ഗാനത്തിനൊടുവില്‍ പൊന്നുമക്കക്ക് സ്നേഹമുത്തം നല്‍കാനുള്ള ഉസ്താദുമാരുടെ അഭ്യര്‍ഥന കുരുന്നുകള്‍ അപ്പടിം ശിരസാവഹിച്ചതോടെ വിദ്യാരംഭം നവ്യാനുഭവമായി. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്രെയിനര്‍മാരായ അബ്ദുല്‍ ഗഫൂര്‍ സഖാഫി വിളയില്‍, മുഹമ്മദ് സഫ്വാന്‍ അസ്ഹരി കൂറ്റമ്പാറ എന്നിവരുടെ ഓണ്‍ലൈന്‍ ഒന്നാം ക്ലാസ് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.


ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരാണ് മദ്റസ മീഡിയ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടനുബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സുന്നിവിദ്യാഭ്യാസബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി പ്രസംഗിച്ചു. പ്രൊഫ. എ. കെ.അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും സി. പി. സൈതലവി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


തുടര്‍ന്ന് ഒന്നുമുതല്‍ 12 വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്തു. ഉദ്ഘാടന ദിവസംതന്നെ ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കാളികളായിട്ടുണ്ട്.

10, 12 ക്ലാസുകളിലെ പൊതുപരീക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ ടെക്നോളജി ഉപയോഗപ്പെടുത്തി ജൂണ്‍ 6, 7 തീയ്യതികളില്‍ സംഘടിപ്പിക്കുകയുണ്ടായി. 25000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 95 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഹാജരായി. സാങ്കേതികകാരണങ്ങളാല്‍ പരീക്ഷക്ക് എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് 13-06-2020 ശനിയാഴ്ച ഒരു അവസരം കൂടി നല്‍കുന്നതായിരിക്കും.

സൗദി, ബഹ്റൈന്‍, ഖത്തര്‍, യു. എ. ഇ, ഒമാന്‍, തുടങ്ങിയവിദേശ രാജ്യങ്ങളില്‍ 5, 7, 10, 12 ക്ലാസുകളിലെ കുട്ടികളുടെ പൊതു പരീക്ഷ ഓണ്‍ലൈനില്‍ ആണ് നടത്തിയത്. ലോക്ക് ഡൗണ്‍ കാരണം മത പഠനം മുടങ്ങിയ സാഹചര്യത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് 'ഫീ രിഹാബില്‍ ഖുര്‍ആന്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, കാശ്മീര്‍, അന്തമാന്‍, ലക്ഷദീപ് തുടങ്ങിവിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറബി, ഉറുദു, ഇംഗ്ലീഷ്, അറബി മലയാളം, തമിഴ്, കന്നഡ, ബംഗ്ല, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ ശാഫി, ഹനഫി ഫിഖ്ഹുകളില്‍ നൂറ്റമ്പതോളം പുസ്തകങ്ങള്‍ വിദ്യാഭ്യാസബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: