Friday, 5 June 2020

ലോക പരിസ്ഥിതി ദിനം; എസ് എസ് എഫ് പരിസ്ഥിതി സാക്ഷരത സാമയികം ആരംഭിച്ചു

തൃശൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് നടത്തുന്ന  പരിസ്ഥിതി സാക്ഷരത സാമയികത്തിന് തുടക്കമായി. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സാക്ഷരതയിലൂടെ പരിസ്ഥിതി അവബോധം പകര്‍ന്നു നല്‍കി പ്രതിരോധമൊരുക്കുകയെന്നത് പ്രധാനമാണെന്നും, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളും, പൊതുജനങ്ങളും പരിസ്ഥിതി പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ബി ബഷീര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അലി അസ്ഹരി, ഫൈസല്‍ എറണാകുളം സംസാരിച്ചു. അഞ്ചിന കര്‍മ്മ പദ്ധതികളില്‍ കേന്ദ്രീകരിച്ചാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക. പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്ന വെബിനാറുകള്‍, സംവാദം,  ചര്‍ച്ചകള്‍ എന്നിവയ്ക്കുപുറമേ  പ്രയോഗത്തില്‍ വരുത്തേണ്ട പരിസ്ഥിതി സൗഹൃദ പഞ്ചശീലങ്ങള്‍ കൂടി നിര്‍ദ്ദേശിക്കും. 

പച്ചക്കറിയില്‍ സ്വയം പര്യാപ്തത ലക്ഷ്യം വെച്ച് വീടുകളിലെല്ലാം അടുക്കളത്തോട്ടം നിര്‍മ്മിക്കുന്ന ഹരിത വീട്. ജൈവ, അജൈവ മാലിന്യങ്ങള്‍,ഇ - വേസ്റ്റുകള്‍ എന്നിവയുടെ ശാസ്ത്രീയ സംസ്‌കരണം പഠിപ്പിക്കുകയും ഉറവിട മാലിന്യ സംസ്‌കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാലിന്യം ചുരുങ്ങും ആരോഗ്യം തിളങ്ങും പദ്ധതി. വീടുകളിലും, പൊതു ഇടങ്ങളിലും വൃക്ഷത്തെ നടലും,  വിതരണവും നടത്തുന്ന നാളെക്കൊരു തണല്‍ പദ്ധതി,  പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ പ്രായോഗിക പാഠങ്ങളുടെ പഠനവും പ്രയോഗവും ലക്ഷ്യം വെച്ചുള്ള പരിസ്ഥിതി സാക്ഷരതാ പദ്ധതി. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അഞ്ചിന പദ്ധതികളുടെ ഭാഗമായി നടക്കും. ജൂണ്‍ പത്തു  വരെ നടക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പരിപാലനം സംസ്‌കാരത്തിന്റെ ഭാഗമാക്കി  മാറ്റുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമാക്കുന്നത്.


SHARE THIS

Author:

0 التعليقات: